ലോകകപ്പ് കാണാൻ സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തർ! ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമാക്കാൻ മൂന്നാം കക്ഷികൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സാക്കിർ നായിക്കിന് ലോകകപ്പിലേക്ക് ഔദ്യോഗികമായി ഖത്തർ ക്ഷണിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചാരണമെന്ന് സംശയിക്കുന്നതായും ഖത്തർ വൃത്തങ്ങൾ അറിയിച്ചു.വിവാദ മത പ്രഭാഷകനായ സാക്കിർ നായിക്കിനെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഖത്തർ. ഈ പശ്ചാത്തലത്തിലാണ് തങ്ങൾ സാക്കിർ നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തർ ഇന്ത്യയെ അറിയിച്ചത്. ഖത്തറിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും ഖത്തർ ആരോപിച്ചു. അതേസമയം, സാക്കിർ നായിക് സ്വകാര്യ സന്ദർശനം നടത്തിയിട്ടുണ്ടാവാമെന്ന നിലപാടിലാണ് ഖത്തർ.




   ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചിരുന്നെങ്കിൽ ലോകകപ്പ് ഉദ്ഘാടനത്തിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകറിന്റെ സന്ദർശനം റദ്ദാക്കുമെന്ന് ഇന്ത്യ ഖത്തറിനോട് വ്യക്തമായിയിരുന്നു.  ഈ വർഷം മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നായിക് സ്ഥാപിച്ച ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) യുഎപിഎ പ്രകാരം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് നിരോധിക്കുകയും ചെയ്തിരുന്നു. നിലവിൽ മലേഷ്യയിൽ കഴിയുന്ന നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ ആ രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ നായിക്കിനെതിരേ ഇന്ത്യയിൽ നിലവിലുണ്ട്. 





   ലോകകപ്പ് ഉദ്ഘാന ചടങ്ങിൽ വൈസ് പ്രസിഡന്റ് ധൻകർ പങ്കെടുക്കുകയും ഖത്തറിലെ സോക്കർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച ഇന്ത്യൻ പ്രവാസി തൊഴിലാളികളെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.  അതേസമയം ലോകകപ്പ് ഫുട്‌ബോൾ സംഘാടനത്തിന് ആവശ്യമായി വരുന്ന എല്ലാ സഹായങ്ങളും ഖത്തറിന് ലഭ്യമാക്കാൻ സൗദി മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ലോകകപ്പ് ഉദ്ഘാടന വേളയിൽ ഖത്തറിലെത്തിയ വേളയിലാണ് സൗദി കിരീടാവകാശി സൗഹാർദ്ദത്തിന്റെ പുതിയ വാതിലുകൾ തുറന്ന് ഖത്തറിന് വേണ്ടതെല്ലാം നൽകാൻ തന്റെ രാജ്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കിരീടാവകാശിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായി സൗദി സ്‌പോർട്‌സ് മന്ത്രി പ്രിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പ്രഖ്യാപിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.  





  ലോകകപ്പ് മത്സരത്തിനിടെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ അരികിലിരുന്ന് ഖത്തറിന്റെ സ്‌കാഫ് ധരിച്ച് സൗദി കിരീടാവകാശി ഖത്തർ ദേശീയ ടീമിനെ പിന്തുണക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ലോകകപ്പ് വേളയിൽ അദ്ദേഹം ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അഭിനന്ദന സന്ദേശം അയച്ചു. ഖത്തർ അമീർ നൽകിയ സ്വീകരണത്തിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്തു. അതിനിടെ, ഫിഫ ലോകകപ്പ് ഖത്തർ 2022 ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രത്തലവൻമാർക്കും സഹോദര-സൗഹൃദ രാഷ്ട്രങ്ങളിലെ ഭരണകർത്താക്കൾക്കും അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അൽ ബൈത്ത് സ്റ്റേഡിയത്തിൽ സ്വീകരണം നൽകി. ജോർദാൻ രാജാവ് അബ്ദുല്ല ബിൻ ഹുസൈൻ രണ്ടാമൻ, അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൂൺ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Find out more: