ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്; കെസി വേണുഗോപാൽ! വഖഫ് ബോർഡിന്റെ സ്വത്തുക്കൾ വിശ്വാസികളുടേതാണ്. അവരാണ് വഖഫ് സംഭാവന നൽകുന്നത്. അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷ്രത്ര ബോർഡിലോ ഗുരുവായൂർ ദേവസ്വം ബോർഡിലോ അഹിന്ദുക്കളെ ഉൾപ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വഖഫ് ഭേദഗതിയിലൂടെ ഒരാളുടെ വിശ്വാസത്തിനും മതത്തിൽ വിശ്വസിക്കാനുള്ള അവകാശത്തിനും നേരെയുള്ള അക്രമണമാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.



ഭരണഘടനയ്ക്ക് നേരെയുള്ള അക്രമണമാണിത്. ആദ്യം നിങ്ങൾ മുസ്ലീങ്ങൾക്കെതിരെ തിരിയും. പിന്നീട് ക്രിസ്ത്യാനികൾക്കെതിരെയും ജൈനർക്കെതിരെയും പാഴ്‌സികൾക്കെതിരെയും തിരിയും. ഞാനും വിശ്വാസിയാണ്. ഹിന്ദുവാണ്. എന്നാൽ മറ്റു വിശ്വാസികളെയും മതത്തെയും ബഹുമാനിക്കുന്നു. നടക്കുന്നത് ഫെഡറൽ സംവിധാനത്തിന് നേരെയുള്ള അക്രമമാണ്. എല്ലാ നിയമനിർമ്മാണവും മനുഷ്യന്റെ നന്മക്കായിരിക്കണം. എന്നാൽ മോദി സർക്കാരിന്റെ നിയമനിർമ്മാണം ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ഫെഡറൽ തത്വങ്ങൾക്ക് കവരുന്നതുമാണ്. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പാണ് ബിജെപിക്ക് മുന്നിലുള്ളതെന്നും അതിന്റെ ഭാഗമാണ് ഈ ഭേദഗതി ബില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 വഖഫ് ബോർഡിൻറെയും വഖഫ് കൗൺസിലിൻറെയും അധികാരങ്ങളെ തകർക്കുന്നതാണ് ബില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ നിയമം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ അത് തീർച്ചയായും റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.






 വഖഫ് ഭേദഗതി ബില്ലിനെ കുറിച്ച് എംപിമാർ അറിഞ്ഞത് പാർലമെന്റിൽ നിന്നല്ലെന്നും മാധ്യമങ്ങളിലൂടെയാണെന്നും സുപ്രിയ സുലെ എംപി പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് ബില്ല് എന്നായിരുന്നു ഡിഎംകെ എംപി കനിമൊഴിയുടെ അഭിപ്രായം. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് ബില്ല് അവതരിപ്പിച്ചതെന്ന് സിപിഎമ്മിന്റെ കെ രാധാകൃഷ്ണൻ പറഞ്ഞു.
ധാർമ്മികത, ആരോഗ്യം, പൊതുനിയമം എന്നിവയ്ക്ക് വിധേയമായി എല്ലാ മത വിഭാഗങ്ങൾക്കും മതപരവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതുമായ സ്ഥാപനങ്ങൾ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം ഭരണഘടന ആർട്ടിക്കിൾ 26-ൽ ഉറപ്പുനൽകുന്നു. ഒരു മതത്തിന്റേതായ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനുള്ള അവകാശം നൽകുന്നു.






സ്ഥാവര ജംഗമ വസ്തുക്കൾ കൈവശം വയ്ക്കാനുള്ള അവകാശവും നിയമമനുസരിച്ച് അവ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകുന്നു. ഇതിനെല്ലാം വിരുദ്ധമാണ് നിലവിലെ ഭേദഗതി ബില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബിജെപിയുടെ വർഗീയമായ ഭിന്നിപ്പിന്റെ രാഷ്ട്രീയ അജണ്ട ഇന്ത്യൻ ജനത കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്നെ തള്ളിക്കളഞ്ഞതാണെന്ന് കെസി ചൂണ്ടിക്കാട്ടി. പുതിയ ഭേദഗതി ബില്ല് ഫെഡറൽ തത്വങ്ങളെ പൂർണ്ണമായും തകർക്കുന്നതാണ്. സാധാരണ വഖഫ് ബോർഡുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണം സംസ്ഥാനങ്ങളാണ് നടത്തുന്നത്. എന്നാൽ ഭേദഗതിയിലൂടെ അത് കേന്ദ്രത്തിന്റെ അധികാരമായിമാറ്റുകയാണ്. വഖഫ് ഭൂമികൾ കൈവശപ്പെടുത്താനുള്ള ഭേദഗതിയാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നതെന്നും കെസി വേണുഗോപൽ പറഞ്ഞു.

Find out more: