ആലപ്പുഴ ∙ കടലിലേക്കുള്ള ജലനിർഗമന മാർഗങ്ങളെല്ലാം തുറന്നു. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി സ്പിൽവേ, തൃക്കുന്നപ്പുഴ ചീപ്പ് എന്നിവിടങ്ങളിലെ മുഴുവൻ ഷട്ടറുകളും തുറന്നതോടെ നീരൊഴുക്കു ശക്തമായി.
തോട്ടപ്പള്ളി പൊഴിമുഖത്തിനു വീതി കൂട്ടുന്ന ജോലിയും നടക്കുന്നു. കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
തോട്ടപ്പള്ളിയിൽ ഷട്ടറുകളെല്ലാം തുറന്നെങ്കിലും ലീഡിങ് ചാനലിന് ആഴം കുറവാണെന്ന പ്രശ്നമുണ്ട്. പൊഴി 75 മീറ്റർ വീതിയിൽ തുറക്കാനാണു തീരുമാനം. തണ്ണീർമുക്കം ബണ്ടിൽ അറ്റകുറ്റപ്പണിക്കായി അടച്ച 40 അടി ലോക്ക് തുറന്നില്ല. തോട്ടപ്പള്ളി – 40, തണ്ണീർമുക്കം – 90, അന്ധകാരനഴി – 20 എന്നിങ്ങനെയാണു ഷട്ടറുകളുടെ എണ്ണം. തൃക്കുന്നപ്പുഴ ചീപ്പിൽ 2 ചാനലുകളിലൂടെയാണ് ഒഴുക്ക്.
കിഴക്കൻ മലയോരത്തുനിന്നു കുട്ടനാട്ടിലൂടെ എത്തുന്ന വെള്ളമാണു തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഒഴുക്കുന്നത്. കുട്ടനാട്ടിൽനിന്നുള്ള വെള്ളം തണ്ണീർമുക്കം ബണ്ട് വഴിയും ഒഴുകുന്നു.
click and follow Indiaherald WhatsApp channel