'ഇരട്ടചങ്ക് വേണ്ട':കളമശേരിയിൽ ഗഫൂറിനായി വോട്ട് ചോദിച്ച് ദൃശ്യം ഫെയിം ശാന്തിപ്രിയ! മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായാണ് ശാന്തിപ്രിയ അബ്ദുൾ ഗഫൂറിനായി വോട്ടഭ്യർഥിച്ചത്. നമുക്ക് ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന നല്ല ഹൃദയം ഉള്ള ആളെയാണ് വിജയപ്പിക്കേണ്ടതെന്നും ഇരട്ടച്ചങ്ക് വേണ്ടെന്നുമാണ് ശാന്തിപ്രിയയുടെ വാക്കുകൾ. യുഡിഎഫ് സ്ഥാനാർഥി ഗഫൂറും മണ്ഡലത്തിലെ നിലവിലെ എംഎൽഎയും സ്ഥാനാർഥിയുടെ പിതാവുമായ വികെ ഇബ്രാഹിംകുഞ്ഞും ഇതിൻറെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വിഇ അബ്ദുൾ ഗഫൂറിന് വേണ്ടി വോട്ട് ചോദിച്ച് ദൃശ്യം 2 ഫെയിം അഡ്വ ശാന്തിപ്രിയ. മുഖ്യമന്ത്രി പിണറായി വിജയനെ അനുയായികൾ വിശേഷിപ്പിക്കാറുള്ള 'ഇരട്ടച്ചങ്കൻ' പരാമർശം ഉൾപ്പെടെ നടത്തിയായിരുന്നു താരം ലീഗ് സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ചത്.



നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂറെന്നാണ് അവർ പറഞ്ഞത്.കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വിഇ അബ്ദുൾ ഗഫൂറിന് വോട്ടഭ്യർഥിച്ചാണ് അഭിഭാഷകയും ചലച്ചിത്ര താരവുമായ ശാന്തിപ്രിയ എത്തിയത്.‘നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള നമുക്ക് ആക്സസ് ചെയ്യാൻ പേടിയില്ലാത്ത ആളെയാണ്, അല്ലേ?. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, ഞാനിപ്പോ കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നിൽക്കുമ്പോൾ നമ്മൾക്ക് അടുത്തേക്ക് പോകാൻ പറ്റുമോ? ഇല്ലാ... തീർച്ചയായും നമ്മൾ ഓർക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. ആ നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂർ'. ശാന്തിപ്രിയ പറഞ്ഞു. അതേസമയം പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്നതിനിടെ മണ്ഡല പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് മുൻ രാജ്യസഭാംഗം പി രാജീവിനെയാണ്.



അഴിമതി വിഷയങ്ങളും വികസന വിഷയങ്ങളും ഉയർത്തിയാണ് ഇരു മുന്നണികളും മണ്ഡലത്തിൽ വോട്ട് ചോദിക്കുന്നത്. കളമശേരി നിലനിർത്താൻ മുസ്ലീം ലീഗിനായി മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിൻറെ മകൻ വിഇ അബ്ദുൾ ഗഫൂറിനെയാണ് ലീഗ് നേതൃത്വം നിയോഗിച്ചത്. സിറ്റിങ്ങ് എംഎൽഎ വികെ ഇബ്രാഹിംകുഞ്ഞ് അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നതാണ് വിവാദങ്ങൾ ചൂട് പിടിക്കാൻ കാരണം. കമ്മ്യൂണിസ്റ്റുകാർ വേട്ടയാടുന്നെന്ന ഇബ്രാഹിംകുഞ്ഞിൻറെ ആരോപണത്തിന് പി രാജീവ് മറുപടിയുമായെത്തിയത് ഏറെ ചർച്ചയായിരുന്നു. 'പാലാരിവട്ടം മേൽപ്പാലത്തിലെ കമ്പിയും സിമന്റും കട്ട് കൊണ്ടുപോയത് കമ്മ്യൂണിസ്റ്റുകാരല്ല' എന്നായിരുന്നു ലീഗ് നേതാവിന് രാജീവ് നൽകിയ മറുപടി. കളമശേരി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ചർച്ചയാകുന്നത് പാലാരിവട്ടം പാലം അഴിമതിയാണ്.

Find out more: