
മൂന്നുമാസത്തിനുള്ളിൽ പാതയുടെ നിർമാണം പൂർത്തിയാക്കി ഡിസംബർ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാത ഗതാഗതയോഗ്യമാകുന്നതോടെ ഡൽഹി - ഗുരുഗ്രാം അതിവേഗപാതയിലെ (എൻ.എച്ച്.48) ഗതാഗത കുരുക്ക് ഒഴിഞ്ഞ് സുഗമമായ യാത്ര സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്തർദേശീയ കൺവെൻഷൻ കേന്ദ്രം, കലാ-കായിക സ്റ്റേഡിയം, കോംപ്ലക്‌സ് തുടങ്ങിയ നിരവധി പദ്ധതികൾക്ക് വിളനിലമാകാൻ പോകുന്ന ദ്വാരകയുടെ വളർച്ചയ്ക്ക് ദ്വാരക അതിവേഗപാത വേഗത പകരുകയും ചെയ്യും. നാലു പാക്കേജുകളിലായാണ് അതിവേഗ പാത നിർമിക്കുന്നത്. മഹിപൽപൂറിലെ ശിവ് മൂർത്തിയിൽ തുടങ്ങി ബിജ് വസനിലെ അടിപ്പാതയിൽ അവസാനിക്കുന്നതാണ് ആദ്യത്തെ പാക്കേജിലെ റോഡ്. ആദ്യത്തെ പാക്കേജ് പൂർത്തിയായാൽ ഡൽഹി, ഗുരുഗ്രാം, ഡൽഹി എയർപോർട്ട്, ദ്വാരക അതിവേഗപാതയുടെ തുടർന്നുള്ള റോഡുകളിലേക്കും സുഗമമായി സഞ്ചരിക്കാം. എന്നാൽ ഈ പാതയുടെ നിർമാണം 61 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചത്.
ബിജ് വസനിൽ നിന്ന് ഡൽഹി -ഹരിയാന അതിർത്തിയിലേക്കുള്ള രണ്ടാമത്തെ പാക്കേജിന്റെ പണി 82 ശതമാനം പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായാൽ ഇവിടമായിരിക്കും ടോൾ പ്ലാസയാക്കാനാണ് നീക്കം. ഡൽഹി-ഹരിയാന അതിർത്തിയിൽ നിന്ന് ബസയ് ദൻകോട്ടിലേക്കുള്ള മൂന്നാമത്തെ പാക്കേജ് 94 ശതമാനം പൂർത്തിയായിട്ടുണ്ട്. ബസയ് റോഡും ഘർകി ഡൗല ഉൾപ്പെടുന്ന അവസാനത്തെ പാക്കേജിന്റെ പണി അവസാന ഘട്ടത്തിലാണ്. ദ്വാരക അതിവേഗ പാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഒരുകാര്യത്തിൽ ആശ്വസിക്കാം. ദേശീയപാതയിൽ വാഹനം എത്രദൂരം സഞ്ചരിക്കുന്നുവോ, അതിന്റെ മാത്രം ടോൾ അടച്ചാൽ മതിയാകും. അതിനായി ദേശീയ ഹൈവേ അതോറിട്ടി പ്രത്യേക ജി.പി.എസ്. സംവിധാനമാണ് ദ്വാരക എക്‌സ്പ്രസ്‌വേയിൽ ഉപയോഗിക്കാൻ പോകുന്നത്. പടിഞ്ഞാറൻ ഡൽഹിയിലെ ടൗൺഷിപ്പിനെയും എൻ.എച്ച്. 8-നെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ദ്വാരക അതിവേഗ പാതയെന്ന ആശയം 2006-ലാണ് ഹരിയാന സർക്കാർ ആദ്യമായി മുന്നോട്ടുവെച്ചത്.
2016-ൽ ഹരിയാന സർക്കാരിന്റെ അപേക്ഷ മാനിച്ച് കേന്ദ്രസർക്കാർ പദ്ധതി ഏറ്റെടുത്തതോടെയാണ് ദ്വാരക അതിവേഗപാത പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിന്ന് പുരോഗമിക്കാൻ പക്ഷേ 2018 വരെ വീണ്ടും കാത്തിരിക്കേണ്ടി വന്നു. 2021-ൽ നിർമാണം പൂർത്തിയാക്കാനുള്ള നടപടികൾ ധൃതിയിൽ നടത്തിയെങ്കിലും നിർമാണത്തിനു അടുത്ത തടയിപലഘട്ടങ്ങളിലായി നിർമാണം നിന്നുപോയതോടെ വെട്ടിലായത് സാധാരണ യാത്രക്കാരാണ്. റോഡു നിർമാണത്തിനായി വെട്ടിയ വഴിയിലെ മണ്ണും പൊടിയും യാത്രക്കാരെ വലച്ചു. മഴ പെയ്താൽ റോഡ് ചളിക്കുളമാകും, വേനലിൽ പൊടിയും. ആകാശപ്പാതയുടെ നിർമാണം അവസാനിക്കാറായിട്ടും അടിപ്പാതകളുടെ അവസ്ഥ ശോചനീയമായി തുടരുകയാണ്. അതിവേഗപാത ഗതാഗത യോഗ്യമാക്കിയാൽ പോലും ഗുരുഗ്രാമിലെ അന്തേവാസികൾക്ക് ഗതാഗതത്തിന് അടിപ്പാത തന്നെ ആശ്രയിക്കണം.