വാഷിങ്ടൻ ∙ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാക്ക്– അഫ്ഗാൻ മേഖലയിൽ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസയെന്നും അയാളുടെ മരണത്തിലൂടെ അൽ ഖായിദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നും ട്രംപ് പറഞ്ഞു.
ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്കു കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് 10 ലക്ഷം ഡോളർ (7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉസാമ ബിൻ ലാദനെ യുഎസ് 2011ൽ വധിച്ചെങ്കിലും ‘ജിഹാദിന്റെ കിരീടാവകാശി’ എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ മാസം ആദ്യം ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഹംസയുടെ മരണം 3 യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ട സ്ഥലമോ സമയമോ സംബന്ധിച്ചു വ്യക്തതയില്ലെന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തത്. 2 വർഷത്തിനിടെയുള്ള യുഎസ് സൈനിക നീക്കത്തിലാണു ഹംസ കൊല്ലപ്പെട്ടതെന്ന് 2 ഉദ്യോഗസ്ഥർ പറഞ്ഞതായാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്തയെപ്പറ്റി പ്രതികരിക്കാതെ അന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പുറത്തിറക്കിയ പോസ്റ്റർ
2015 ൽ സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ പുറത്തിറക്കിയിരുന്നു. ഈ പോരാട്ടം പലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നും പറഞ്ഞിരുന്നു. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി.
ഉസാമ ബിൻ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ലാദന്റെ 20 മക്കളിൽ പതിനഞ്ചാമത്തെയാളും. സൗദി അറേബ്യക്കാരി ഖൈറ സബറാണ് ഹംസയുടെ മാതാവ്.
ഹംസ അൽ ഖ്വയ്ദ ഭീകരസംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഉയർന്നതായി യു.എസ്. ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ നേതാവ് അൽ സവാഹിരിയുടെ തൊട്ടുതാഴെയാണ് സ്ഥാനമെന്നായിരുന്നു റിപ്പോർട്ട്.
2011-ലാണ് യു.എസ്. സേന പാകിസ്താനിലെ ആബട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ഉസാമ ബിൻ ലാദനെ സൈനികനടപടിയിലൂടെ വധിച്ചത്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ തിരിച്ചടിയായിരുന്നു യു.എസ്. നടപടി. അന്ന് ഹംസ ബിൻലാദനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിതാവിന്റെ മരണത്തിനു പ്രതികാരമായി യു.എസിനും സഖ്യരാഷ്ട്രങ്ങൾക്കുമെതിരേ ഹംസ ആക്രമണങ്ങൾക്ക് ആഹ്വാനംചെയ്യുന്ന ശബ്ദ, വീഡിയോ സന്ദേശങ്ങൾ യു.എസ്. നേരത്തേ പുറത്തുവിട്ടിരുന്നു.
click and follow Indiaherald WhatsApp channel