പാലായിൽ ജയമാർക്കാകുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. യുഡിഎഫ് വിടാനുള്ള കേരളാ കോൺഗ്രസ് എമ്മിൻ്റെ തീരുമാനം അവർക്ക് തിരിച്ചടിയാകുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. മലയാള മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.



ഭരണത്തുടർച്ച ഉറപ്പാണെന്ന നിഗമനത്തിലാണ് സിപിഎം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനും ജോസ് കെ മാണിയും നേർക്കുനേർ എത്തുന്ന പാലാ നിയോജക മണ്ഡലത്തിൽ ജയം ആർക്കാകുമെന്ന വിലയിരുത്തലും യുഡിഎഫ് കൺവീനർ നടത്തി. പാലായിൽ ജോസ് കെ മാണി പരാജയപ്പെടും. മിക്ക തിരഞ്ഞെടുപ്പുകളിലും ആ അവസാന വട്ട ട്രെൻഡ് ആണ് വിധി നിർണയിക്കുന്നത്. 75 മുതൽ 80വരെ സീറ്റുകൾ കിട്ടുമെന്നാണ് വിലയിരുത്തലെന്നും ഹസൻ വ്യക്തമാക്കി.
 



ഡിസിസി പ്രസിഡൻ്റുമാരുടെ യോഗത്തിൽ 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെയുള്ള ചെറിയ നേട്ടങ്ങൾ എൽഡിഎഫിന് ലഭിച്ചേക്കില്ലെന്ന് ഹസൻ വ്യക്തമാക്കി. കേരളാ കോൺഗ്രസിൻ്റെ സാന്നിധ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമായെങ്കിലും നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ അതുണ്ടാകില്ല.



ജോസ് കെ മാണിയും സംഘവും ഇടതുമുന്നണിയിൽ എത്തിയതോടെ ക്രിസ്‌ത്യൻ വിഭാഗത്തിൽ യുഡിഎഫിനെതിരായ വികാരം ശക്തിപ്പെടുമെന്ന പ്രചാരണത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്‌തു. കോട്ടയത്ത് യുഡിഎഫിന് ഏഴോളം സീറ്റുകൾ ലഭിക്കുന്നതോടെ ജോസ് കെ മാണി വിഭാഗത്തിൻ്റെ തീരുമാനം പിഴയ്‌ക്കും. പിജെ ജോസഫ് - ജോസ് കെ മാണി പോരിൽ ജോസഫിനാകും നേട്ടം.


ജോസഫ് വിഭാഗത്തിന് 3 - 4 സീറ്റ് സീറ്റ് കോട്ടയത്ത് കിട്ടിയാൽ ഇടുക്കിയും തൊടുപുഴയും മറ്റും വരുമ്പോൾ 6 - 8 എന്നാണ് അവരുടെ വിലയിരുത്തൽ എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലയിൽ ഏഴോളം സീറ്റുകൾ യുഡിഎഫിന് നേടാനാകുമെന്ന് ഹസൻ വിയിരുത്തി. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, കടുത്തുരുത്തി എന്നിവടങ്ങളിൽ വിജയ പ്രതീക്ഷയുണ്ട്.

Find out more: