ആത്മാക്കളുടെ കഥ പറയുന്ന സാൽമൺ! ചിലരുടെ ജീവിതത്തിലും ആത്മാക്കൾ യഥാർഥ ജീവിതത്തിലെന്ന പോലെ പ്രത്യക്ഷപ്പെട്ടുവെന്ന അനുഭവങ്ങളും പറയാറുണ്ട്. ഇതൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും കഥ മെനയുന്നവർക്ക് രസകരമായും കൗതുകത്തോടെയും അവതരിപ്പിക്കാനുള്ള എത്രയെങ്കിലും സാധ്യതകൾ ആത്മാക്കളോടൊപ്പം അന്തരീക്ഷത്തിൽ പാറിപ്പറക്കുന്നുണ്ട്. അത്തരമൊരു സാധ്യതയെയാണ് സംവിധായകനും രചയിതാവുമായ ഷലീൽ കല്ലൂർ തന്റെ ത്രിമാന ചിത്രമായ സാൽമണിൽ എടുത്തുപയോഗിച്ചിരിക്കുന്നത്.സർഫറോഷെന്ന പ്രവാസി ബിസിനസുകാരൻ തന്റെ ഭാര്യ സമീറയോടും മകൾ ഷെസയോടുമൊപ്പം ദുബായിലാണ് ജീവിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സർഫറോഷിന് ബിസിനസിൽ അത്രയൊന്നും താത്പര്യമില്ല. സമീറയാണ് അയാളെ എല്ലാ കാര്യങ്ങളിലേക്കും ഉന്തിത്തള്ളി വിടുന്നത്. അവധിക്കാലത്ത് മകളുമായി സമീറ നാട്ടിലേക്ക് പോകുന്നതോടെയാണ് സർഫറോഷ് അൽപമെങ്കിലും ഉഷാറാകുന്നത്. അതിന് കാരണവുമുണ്ട്. അയാളുടെ കോളജു കാലത്തെ പഴയ ചങ്ങാതിമാരെല്ലാം ഒത്തുചേരാൻ അയാളുടെ ഫ്ളാറ്റിലെത്തുന്നു എന്നതാണത്.പിന്നെ, അവരുടെ ആട്ടവും പാട്ടും ജീവിത താളങ്ങുമാണ് സർഫറോഷിന്റെ ഫ്ളാറ്റിനകത്ത് അരങ്ങേറുന്നത്.







 കൂട്ടുകാരുടെ കളിയും കാര്യവും അതിരുവിടുന്നൊരു നേരത്താണ് കഥയും സിനിമയും ശക്തമാകുന്നത്. കണക്കുകൂട്ടാത്ത കാര്യങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. അദൃശ്യ സാന്നിധ്യങ്ങളുടെ ചില സമീപനം അവിടെയുള്ളവരോട് എന്തൊക്കെയോ പറയാനുണ്ടായിരുന്നു. അപൂർവ്വ സ്വഭാവ സവിശേഷതകളുള്ള കടൽ മത്സ്യമാണ് സാൽമൺ. ജനിച്ചു വീഴുമ്പോൾ തന്നെ അനാഥമാകുന്ന സാൽമൺ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടൽ മാർഗ്ഗം വിവിധ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച് തിരികെയെത്തുന്ന ജീവിത ചക്രം പൂർത്തിയാക്കുന്നുവെന്ന് സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട്. അത്തരത്തിൽ കറങ്ങിയും തിരിഞ്ഞും സർഫറോഷ് മാത്രമല്ല വേറെയും ചിലരും തങ്ങളുടെ ചക്രം പൂർത്തിയാക്കകയാണ്. നായകൻ സർഫറോഷിന്റെ ജീവിത കഥയിലേക്ക് വ്യത്യസ്തമായ ഉപകഥകൾ കൂട്ടിച്ചേർത്താണ് സാൽമൺ പുരോഗമിക്കുന്നത്.






അതിൽ പ്രണയവും പകയും വെറുപ്പും വിദ്വേഷവും കലഹവും സൗഹൃദവുമെല്ലാം ഉൾച്ചേത്തു വെച്ചിട്ടുണ്ട്. ഒരു ത്രിഡിക്ക് ആവശ്യമായ തരത്തിൽ കാണികളുടെ കണ്ണടക്കു മുമ്പിലേക്ക് അത്യാവശ്യ വിഭവങ്ങളെല്ലാം സാൽമണെത്തിക്കുന്നു. സർഫറോഷ് ഒരിക്കലും ചിന്തിക്കാത്ത തരത്തിൽ അയാളുടെ ഭാര്യയും പഴയ കാമുകിയും പ്രവർത്തിക്കുന്നത് പ്രേക്ഷകൻ ഉദ്ദേശിക്കാത്തയിടങ്ങളിലേക്ക് കഥയെ തിരിച്ചു കൊണ്ടുപോകുന്നു.ദുബൈയിലെ ബിസിനസിന് താത്ക്കാലിക അവധി നൽകിയും ആഡംബര ഫ്ളാറ്റ് തത്ക്കാലത്തേക്ക് മറവിയിലേക്ക് മാറ്റിവെച്ചും സർഫറോഷും കൂട്ടുകാരും കേരളത്തിലേക്ക് വരുമ്പോൾ അവിടെയൊരു ഗ്രാമത്തിൽ ദുരൂഹത പേറുന്നൊരു വീടും അതിനകത്തെ അതിദുരൂഹമായ കാഴ്ചകളുമാണ് അവരെ കാത്തിരിക്കുന്നത്.





ഡോൾസ്, കാട്ടുമാക്കാൻ എന്നീ സിനിമകൾക്ക് ശേഷം അഭിനേതാവ് കൂടിയായ ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് സാൽമൺ. എം ജെ എസ് മീഡിയയുടെ ബാനറിൽ ജോസ് ഡി പെക്കാട്ടിലും ജോയ്‌സൺ ഡി പെക്കാട്ടിലും ഷാജു തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഭാഷകളിലും സാൽമൺ പുറത്തിറങ്ങുന്നുണ്ട്. രാഹുൽ മേനോന്റേയും എസ് സെൽവകുമാറിന്റേയും ക്യാമറ, സിദ് ശ്രീറാം ഉൾപ്പെടുന്നവരുടെ ആലാപനം, സ്‌പെഷ്യൽ ഇഫക്ട്‌സ് തുടങ്ങിയവ സാൽമണിന്റെ വേറിട്ടുനിൽക്കുന്ന അനുഭവങ്ങളാണ്.

Find out more: