സമൃദ്ധി എക്സ്പ്രസ്‍വേ ഉടൻ തുറക്കും! 2014-ൽ ആരംഭിച്ച പദ്ധതിയുടെ അവസാന ഭാഗമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. 76 കിലോമീറ്റർ നീളമുള്ള അവസാന സ്ട്രെച്ച് മെയ് ഒന്നിന് തുറക്കും. ഇത് നാസിക്കിന് അടുത്തുള്ള ഇഗത്പുരിയെ താനെക്ക് അടുത്തുള്ള അമാനെയുമായി ബന്ധിപ്പിക്കുന്നു. മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ്‍വേയുടെ അവസാന സ്ട്രെച്ചിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര ദിനമായ മെയ് ഒന്നിന് നടക്കും. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവക്ക് എക്സ്പ്രസ് വേയിലൂടെ പ്രവേശനമില്ല. ചരക്ക് വാഹനങ്ങൾക്ക് 80 കിളിമീറ്റർ വേഗതയിൽ യാത്ര ചെയ്യാം. എട്ട്പേർ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗതയാണ് അനുവദിച്ചിരിക്കുന്നത്. ഇതേ വാഹനം മലമ്പാതയിൽ കയറി കഴിഞ്ഞാൽ വേഗത 100 കിലോമീറ്ററായി കുറയ്ക്കണം. ഒൻപതിൽ കൂടുതൽ ആളുകളുമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.
ഇതേ വാഹനം മലമ്പാതയിൽ പ്രവേശിച്ചാൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. കാർഷിക സംസ്കരണ പാർക്കുകൾ, വ്യാവസായിക എസ്റ്റേറ്റുകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ,ടുറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്കായി എക്സ്പ്രസ് വേയിലെ 24 റോഡുകൾ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുവഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും നിക്ഷേപ മാർഗങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഒരുക്കുന്നുണ്ട്. നാസിക്, ഔറംഗാബാദ്, ഭിവണ്ടി എന്നിവിടങ്ങളിൽ ഒന്നിലധികം ലോജിസ്റ്റിക് പാർക്കുകളും വെയർഹൗസിംഗ് ക്ലസ്റ്ററുകളും സ്ഥാപിക്കാൻ സർക്കാർ പദ്ധതി ഒരുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 701 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി 55,000 കോടി രൂപയിലധികം ചെലവിൽ നിർമ്മിച്ചതാണ്.
ഇതിൽ പ്രധാനാമായും 33 പ്രധാന പാലങ്ങൾ, 274 ചെറിയ പാലങ്ങൾ, 65 ഫ്ലൈ ഓവറുകൾ, ആറ് തുരങ്കങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും നീളം കൂടിയത് കാസറ ഘട്ട് ആണ്. ഈ റോഡിൽ വന്യജീവി ക്രോസിംഗുകൾ, ഇവി ചാർജിംഗ് സ്റ്റേഷനുകൾ, സൗരോർജ്ജ സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.10 ജില്ലകളിലൂടെയും 390 ഗ്രാമങ്ങളിലൂടെയുമാണ് സമൃദ്ധി എക്സ്പ്രസ് വേ കടന്നുപോകുന്നത്. ഇത് നാഗ്പൂരിനെ താനെയുമായി ബന്ധിപ്പിക്കുകയും, മഹാരാഷ്ട്രയിലുടനീളമുള്ള യാത്ര, വ്യാപാരം, വികസനം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നഗരങ്ങൾ തമ്മിൽ ഒരു കണക്ടിവിറ്റി ഉണ്ടാക്കുന്നുണ്ട്.കുന്നിൻ പ്രദേശമായ കാസറ ഘട്ട് ഒഴിവാക്കി യാത്ര ചെയ്യാൻ സമൃദ്ധി എക്സ്പ്രസ്‍വേ യാത്രക്കാരെ സഹായിക്കും. ഇത് തിരക്കേറിയ പ്രദേശമായതുകൊണ്ടുതന്നെ പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.
സമൃദ്ധി എക്സ്പ്രസ്‍വേ പ്രവർത്തനസജ്ജമാകുമ്പോൾ അമാനെയ്ക്കും ഇഗത്പുരിക്കും ഇടയിലുള്ള യാത്രാ സമയം 90 മിനിറ്റിൽ നിന്ന് 40 മിനിറ്റായി കുറയും
എക്സ്പ്രസ് വേയുടെ അവസാന ഭാഗം ഉദ്ഘാടനം കഴിയുന്നതോടെ, 701 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-നാഗ്പൂർ എക്സ്പ്രസ്‍വേ പൂർണ്ണമായും ജനങ്ങൾക്കായി തുറന്നുകൊടുക്കും. പാത ഗതാഗതയോഗ്യമാകുന്നതോടെ മുംബൈയിൽ നിന്ന് നാഗ്പൂരിലേക്കുള്ള യാത്ര സമയം പകുതിയായി കുറയും. നിലവിൽ മുംബൈയിൽ നിന്ന് നാഗ്പൂരിലേക്ക് 16 മണിക്കൂറിൽ അധിക സമയം വേണ്ടി വരുമായിരുന്നു. ഇത് സമൃദ്ധി എക്സ്പ്രസ്‍വേയുടെ വരവോടെ 8 മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സാധിക്കും.
Find out more: