കേരളത്തിലെ സാഹചര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും! മഴക്കെടുതിയിൽ കുറച്ചു പേർക്ക് ജീവൻ നഷ്ടമായതിൽ ദുഃഖമുണ്ടെന്നം മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാനത്തെ സാഹചര്യം ചർച്ച ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതബാധിതരെ സഹായിക്കാനായി അധികൃതർ രംഗത്തുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി താൻ പ്രാർഥിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിൽ ചിലർക്ക് ജീവൻ നഷ്ടമായെന്നറിഞ്ഞു.
ഇതിൽ അതിയായ ദുഖമുണ്ട്. ദുരിതബാധിതരായ കുടുംബങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ മൊത്തം 21 പേരാണ് മരിച്ചത്. തെക്കൻ കേരളത്തിലെ പലയിടത്തും നദികൾ കരകവിയുകയും ഉരുൾപൊട്ടലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി യോഗം വിളിച്ചത്. നിലവിൽ മഴ ശമിച്ചിട്ടുണ്ടെന്നും എന്നാൽ രാത്രിയിൽ മഴ വീണ്ടും കൂടിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും കോട്ടയം ജില്ലാ കളക്ടർ പികെ ജയശ്രീ പറഞ്ഞു. കൂട്ടിക്കലിൽ നിന്ന് മൊത്തം 12 പേരുടെ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവ പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം, നിലവിൽ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ജനങ്ങൾക്ക് കേന്ദ്രസർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെന്നും അമിത് ഷാ അറിയിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, കേരളതീരത്തോടു ചേർന്ന് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പരക്കെ മഴ കുറഞ്ഞിട്ടുണ്ട്.
എന്നാൽ വരുന്ന ഞായറാഴ്ച വൈകിട്ടു വരെ ഇടിമിന്നലും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തുലാവർഷത്തിൻ്റെ വരവിനോടു അനുബന്ധിച്ച് കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതോടെ ബുധാനാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നിലവിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 11 സംഘങ്ങളാണ് കേരളത്തിൽ തുടരുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും വ്യോമസേനയും സഹായം നൽകുന്നുണ്ട്.
Find out more: