സംസ്ഥാനം ലഹരിയുടെ പിടിയിൽ; മുഖ്യമന്ത്രിക്ക് സുധീരൻ്റെ കത്ത്! സംസ്ഥാനത്ത് 267 മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം ആപൽക്കരമാണ്. ജനദ്രോഹപരമായ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണം. കേരളത്തെ സമ്പൂർണമായി മദ്യവൽക്കരിക്കപ്പെടാനുള്ള സർക്കാർ നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധീരൻ പറഞ്ഞു. പുതിയ മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലികാവകാശമല്ല. മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സർക്കാർ നടപടികളെന്നും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിൽ സുധീരൻ പറഞ്ഞു.
സർക്കാരിന്റെ മദ്യവ്യാപന നടപടികൾ ഭരണഘടനയുടെ അന്തസത്തയ്ക്കു വിരുദ്ധമാണ്. ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങളുടെ നാൽപ്പത്തയേഴാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ്. നാടിനെ സർവ്വത്ര നാശത്തിലേയ്ക്കു നയിക്കുന്ന മദ്യവ്യാപന നയം ജനനന്മയെ മുൻനിർത്തി അടിമുടി പൊളിച്ചെഴുതണമെന്നും താൽപര്യപ്പെടുന്നു. സർക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകൾ തുറക്കാനുള്ള സർക്കാർനീക്കം അങ്ങേയറ്റം ആപൽക്കരമാണ്; ഇപ്പോൾത്തന്നെ നേരിടുന്ന ലഹരിവിപത്തിന്റെ കനത്ത ആഘാതവ്യാപ്തി കൂടുതൽ വർദ്ധിപ്പിക്കുന്നതുമാണ്.
അതുകൊണ്ട് പുതിയതായി 267 മദ്യശാലകൾ അനുവദിക്കാനുള്ള ജനദ്രോഹപരമായ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നഭ്യർത്ഥിക്കുന്നു. ഇതിനിടയിൽ ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് 175 മദ്യശാലകൾ തുടങ്ങാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ടുവന്നെങ്കിലും പുതിയ മദ്യശാലകൾ തുടങ്ങുന്നതിന് പര്യാപ്തമായ നിർദ്ദേശങ്ങളൊന്നും തന്റെ വിധിയിൽ ഇല്ലെന്ന് ബഹു.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻതന്നെ വ്യക്തമാക്കിയതോടെ താൽക്കാലികമായി നിർത്തിവെക്കപ്പെട്ട ആ നീക്കങ്ങൾ വീണ്ടും സജീവമായിരിക്കയാണ്. 2016-ൽ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോൾ കേവലം 29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അത് 859 ആയി വർദ്ധിച്ചിരിക്കയാണ്.
തുടർന്നും ബാറുകൾ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോൾ എക്‌സൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അതിന്റെയൊക്കെ വിശദവിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ബെവ്‌കോയുടെ 270, കൺസ്യുമർഫെഡിന്റെ 36, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകൾ, നാലായിരത്തിലധികം കള്ളുഷാപ്പുകൾ ഇതെല്ലാം പ്രവർത്തിക്കുന്നതിനു പുറമെയാണ് ഇത്രയേറെ ബാറുകൾ അനുവദിച്ചിട്ടുള്ളത്. സർക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്ക്കു വിരുദ്ധമാണ്. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ നാൽപ്പത്തയേഴാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനവുമാണ്.
മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സർക്കാർ നടപടികൾ. മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകർക്കുന്നതും പ്രതിരോധശേഷി ഇല്ലാതാക്കുന്നതും സാമൂഹ്യ അരാജകാവസ്ഥയിലേയ്ക്ക് നാടിനെ എത്തിക്കുന്നതുമായ മദ്യവിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നതാണ് അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വങ്ങളെ മദ്യവ്യാപന നയത്തിലൂടെ സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്.
Find out more: