കൊച്ചിയിൽ പുതിയൊരു മറൈൻ ഡ്രൈവ്!  വൈറ്റില - തേവര റൂട്ടിൽ വാട്ടർ മെട്രോ സർവീസ് ആകുമ്പോഴേക്ക് കനാൽ തീരവും സൗന്ദര്യവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിക്കാർക്ക് കായൽ കാഴ്ച ആസ്വദിച്ച് വിശ്രമവേളകൾ ചിലവഴിക്കാൻ മറ്റൊരു സ്ഥലംകൂടി ഒരുങ്ങുമെന്ന് ചുരുക്കം.കനാൽ നീകരണ പദ്ധതി യാഥാർഥ്യമാകുമ്പോൾ കൊച്ചിക്കാർക്ക് പുതിയൊരു മറൈൻഡ്രൈവ് കൂടി ലഭിക്കും. ചിലവന്നൂർ കനാൽ തീരത്തെ 2.5 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് മനോഹരമായ നടപ്പാതയും വാട്ടർസ്‌പോട്‌സും ഉൾപ്പെടുത്തി നവീകരിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാൽ തീരങ്ങളിൽ വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടയുള്ളവ ഏർപ്പെടുത്തുന്നതിനും നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുമാണ് കളമൊരുങ്ങുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.





പരിഷ്‌കരിച്ച കനാൽ നീവകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് കഴിഞ്ഞു. ഇതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുടെ പരിഹാരത്തിനും നഗര ഗതാഗതത്തിൽ മറ്റൊരു പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനുമാണ് കൊച്ചി മെട്രോ നേതൃത്വം വഹിക്കാൻ പോകുന്നത്. 3716.10 കോടി രൂപയുടെ ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്.എല്ലാ കനാലിനും വീതി ചൂരുങ്ങിയത് 16.5 മീറ്ററും ആഴം ചുരുങ്ങിയത് 1.5 മീറ്ററും ആക്കും. നിലവിലെ പല കനാലുകൾക്കും നിശ്ചിത വീതി ഉണ്ട്. ആഴമാണ് കുറവ്. ആഴം ഡ്രഡ്ജ് ചെയ്തു കൂട്ടും. അതുപോലെ നിലവിലുള്ള പാലങ്ങളുടെ വീതിയും ഉയരവും കൂട്ടി പുതുക്കി പണിയും. കൊച്ചിയിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവൽക്കരിക്കുന്നത്. പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാൽ എന്നിവയാണിവ.





എല്ലാ കനാലുകളുടെയും ആഴം കൂട്ടി ചുരുങ്ങിയത് 16.5 മീറ്റർ വീതി ഉറപ്പാക്കും. കനാലുകളുടെയും ഇരുവശത്തും നടപ്പാതകൾ നിർമിച്ച് മനോഹരമാക്കുകയും ചെയ്യും.വൈറ്റില - തേവര റൂട്ടിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങുമ്പോൾ ഗതാഗതയോഗ്യമായ ചിലവന്നൂർ കനാലിലൂടെ കടവന്ത്ര മെട്രോയുമായും ബന്ധിപ്പിക്കാനാകും. ഈ കനാൽ തീരത്താണ് 2.5 ഏക്കർ സ്ഥലം നിലവിൽ പുറമ്പോക്കായി കിടക്കുന്നത്. ഇവിടം സൗന്ദര്യവൽക്കരിച്ച് വാട്ടർസ്‌പോട്‌സ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തും. ചിലവന്നൂർ കനാലിനു സമീപം ബണ്ട് റോഡിൻ്റെ പുനർനിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 90 മീറ്റർ സ്പാനിലാണ് പാലം നിർമാണം. വെള്ളമൊഴുക്ക് സുഗമമാക്കാൻ ഇത് സഹായിക്കും. ഇതിൽ ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിൽ ബോട്ട് സർവീസും ആരംഭിക്കും. 




ഇടപ്പള്ളി കനാൽ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാർ മുതൽ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റർ ദൂരത്ത് അരമണിക്കൂർ ഇടവിട്ട് ബോട്ട് സർവീസ് നടത്താനാകും. ഇതിനായി 3.5 മീറ്റർ ഉയരമുള്ള 10 ബോട്ടുകൾ വാങ്ങാനാണ് കൊച്ചി മെട്രോ ഉദ്ദേശിക്കുന്നത്.ബണ്ട് റോഡ് പാലവും ചിലവന്നൂർ കനാൽ നീവകരണവും പൂർത്തിയാകുന്നതോടെ ഈ മേഖലയുടെ ടൂറിസം സാധ്യതകൾ പതിന്മടങ്ങായി വർധിക്കുമെന്ന് ലോക്‌നാഥ് ബഹ്‌റ പറയുന്നു. 'ചിലവന്നൂർ കനാൽ പരിസരത്ത് മനോഹരമായ നടപ്പാതകൾ പണിയും. വിനോദത്തിനുള്ള ഉപാധികളും ഏർപ്പെടുത്തും. ഇവിടെ താമസിക്കുന്നവർക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.' ലോകനാഥ് ബെഹ്‌റ പറഞ്ഞു.

Find out more: