ഓരോ കുടുംബശ്രീ അംഗത്തേയും നേരിട്ടെത്തി ക്ഷണിച്ച് ഗുണ്ട ജയനും സംഘവും! വയലാർ, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവർത്തകർ സിനിമയുടെ ചിത്രീകരണത്തിൽ വലിയ പിന്തുണ നൽകിയിരുന്നു. ഇവർ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുടുംബശ്രീ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ടെത്തി ക്ഷണിച്ചിരിക്കുകയാണ് ഗുണ്ട ജയൻ ടീം. സൈജു കുറുപ്പ് നായകനായെത്തുന്ന 'ഉപചാരപൂർവം ഗുണ്ട ജയൻ' എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്.





   ഇപ്പോൾ ചിത്രം കുടുംബശ്രീ അംഗങ്ങൾ ഏറ്റെടുക്കുകയാണ്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'കുറുപ്പ്' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രമാണ് 'ഉപചാരപൂർവ്വം ഗുണ്ട ജയൻ'. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റെയിനർ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.





    രാജേഷ് വർമ്മ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അരുൺ വൈഗയാണ്. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തിൽ എങ്കിലും പങ്കെടുത്തവർ ഉണ്ടെങ്കിൽ, കല്യാണ പരിപാടികളിൽ നിറ സാന്നിധ്യം ആയിട്ടുള്ളവർ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ട ജയൻ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. ക്യാമറ എൽദോ ഐസക്, എഡിറ്റർ കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ.  






ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി എന്നിവരും വേഷമിട്ടിരിക്കുന്നു. എൽദോ ഐസക് ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ശബരീഷ് വർമ്മ ഈണമിട്ട് പാടിയ 'ഗുണ്ട ഗുണ്ട ഗുണ്ട ജയൻ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

Find out more: