ഓസ്‌ട്രേലിയയെ ബാധിച്ച കാട്ടു തീ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം മത്സരങ്ങളെ ബാധിക്കില്ലെന്നു സംഘാടകര്‍. മെല്‍ബണില്‍ 20 മുതലാണു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍. കാട്ടുതീയുടെ ഫലമായി മെല്‍ബണ്‍ നഗരത്തിലും പരിസരങ്ങളിലും കനത്ത മൂടലാണ്‌ ഇപ്പോൾ. 

 

 

 

 

 

 

 

 

 

 

 

 

 

കളിക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കുമാണു പ്രഥമ പരിഗണന. എല്ലാ സുരക്ഷാ സംവിധാനങ്ങളും മത്സരങ്ങള്‍ തുടങ്ങും മുമ്പ്‌ ഒരുക്കുമെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടക സമിതി വ്യക്‌തമാക്കി.

 

 

 

 

 

 

 

 

 


കാട്ടുതീ അടങ്ങുന്നില്ലെങ്കില്‍ മത്സരങ്ങള്‍ നീട്ടിവയ്‌ക്കുന്നതിനെ കുറിച്ചു ചിന്തിക്കണമെന്ന്‌ എ.ടി.പി. പ്ലേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ചാമ്പ്യനുമായ നൊവാക്‌ ജോക്കോവിച്ച്‌ അഭിപ്രായപ്പെട്ടിരുന്നു.

കാട്ടു തീ മത്സരങ്ങളെ ബാധിക്കില്ലെന്നു ടെന്നീസ്‌ ഓസ്‌ട്രേലിയ അധ്യക്ഷന്‍ ക്രെയ്‌ഗ് ടിലെ പറഞ്ഞു. കാട്ടു തീ മത്സരങ്ങളെ ബാധിക്കുമെന്നത്‌ അഭ്യൂഹം മാത്രമാണെന്നും മെല്‍ബണിലെ ജനങ്ങള്‍ക്കും കാട്ടുതീ മൂലം പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ടിലെ പറഞ്ഞു. നഗരത്തില്‍നിന്നു കിലോ മീറ്ററുകള്‍ അകലെയാണ്‌ ഏറ്റവും അടുത്ത പ്രശ്‌നബാധിത മേഖല. മെല്‍ബണ്‍ പാര്‍ക്കിലെ വായു മലിനീകരണത്തോത്ത്‌ അടിക്കടി പരിശോധിക്കാന്‍ സംവിധാനമുണ്ട്‌.
അവശ്യഘട്ടത്തില്‍ മത്സരം നിര്‍ത്തിവയ്‌ക്കാന്‍ അമ്പയര്‍മാര്‍ക്ക്‌ അധികാരവുമുണ്ട്‌. സിഡ്‌നി, പെര്‍ത്ത്‌, ബ്രിസ്‌ബെന്‍ എന്നിവിടങ്ങളിലായി നടക്കുന്ന എ.ടി.പി. കപ്പിനിടെ കാട്ടുതീ സജീവ ചര്‍ച്ചയായിരുന്നു. കാട്ടു തീയണയ്‌ക്കാന്‍ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തു നിരവധി ടെന്നീസ്‌ താരങ്ങള്‍ രംഗത്തെത്തി. മത്സരത്തിലെ ഓരോ എയ്‌സിനും 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ (5000 രൂപ) വരെ താരങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.

 

 

 

 

 

 

 

 

 

 

 

 

ധനസമാഹരണത്തിനായി മെല്‍ബണ്‍ പാര്‍ക്കിലെ റോഡ്‌ ലേവര്‍ അരീനയില്‍ 15 ന്‌ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നുണ്ട്‌. ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും ജോക്കോവിച്ചും ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒരു രാജ്യത്തെ ബാധിച്ച വിപത്തിനെ നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയാറാണെന്നു നദാന്‍ വ്യക്‌തമാക്കി.

మరింత సమాచారం తెలుసుకోండి: