മാസ്ക് പോലുമില്ല; ആശുപത്രികൾ നിറഞ്ഞു കുമിയുന്നു! വേണ്ടത്ര ആശുപത്രി സൗകര്യങ്ങളില്ലാത്ത ഇന്ത്യൻ ഗ്രാമങ്ങളിൽ വൈറസ് പടരുന്നതോടെ രോഗികളുടെ എണ്ണവും മരണനിരക്കും വൻതോതിൽ വർധിക്കുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തു തുടരുന്നതിനിടെ കൊവിഡ് 19 ഇന്ത്യൻ ഗ്രാമങ്ങളിൽ പടർന്നു പിടിക്കുകയാണെന്ന് റിപ്പോർട്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാൻ വീടുകളിൽ സ്ഥലമില്ലാത്തിനാൽ കുടുംബാംഗങ്ങളിലേയ്ക്ക് വൈറസ് പടരുന്നു. എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചാൽ തൊഴിലിനെയും വരുമാനത്തെയും ബാധിക്കുമെന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാലും ജനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.



 മിക്ക സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിൽ ആളുകൾ മാസ്ക് പോലും ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ആളുകൾ സാമൂഹിക അകലം പാലിക്കുകയോ കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകുകയോ ചെയ്യുന്നില്ലെന്നും ആളുകൾ രോഗബാധ മറച്ചു വെക്കുകയാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് ആരോഗ്യസംവിധാനങ്ങൾ ഒരുക്കാനും മാസ്കുകളുടെ അടക്കം നിർമാണം വർധിപ്പിക്കാനും കഴിഞ്ഞെങ്കിലും പെട്ടെന്നുണ്ടായ തൊഴിൽ നഷ്ടം മൂലം കുടിയേറ്റ തൊഴിലാളികൾക്ക് കൂട്ടത്തോടെ ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നു. ഇതാണ് രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും വൈറസ് എത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.



  രാജ്യത്ത് കൊവിഡ് 19ൻ്റെ ഒന്നാം തരംഗം മാത്രമാണിതെന്നും എന്നാൽ ഗ്രാമീണമേഖലകളിലെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിൻ്റെ കൈയ്യിൽ തന്ത്രങ്ങളില്ലെന്നുമാണ് പോപ്പുലേഷൻ കൗൺസിൽ എൻജഓയിലെ റിസർച്ച് അസോസിയേറ്റായ രാജീവ് ആചാര്യ പറയുന്നത്.നാല് മണിക്കൂർ മാത്രം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് കൊവിഡ് 19 ഗ്രാമപ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ത്രിപുരയിലെ ഒരു ആശുപത്രിയിൽ മൃതദേഹങ്ങൾക്ക് മുകളിലൂടെ പ്രാണികൾ കയറി നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കാണിച്ചു തന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ മഹാമാരിയുടെ ചിത്രം നഗരങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ്. 


  കൊറോണ വൈറസ് ഇല്ലെന്ന രീതിയിലാണ് ജനങ്ങളുടെ പെരുമാറ്റമെന്നും നിയമം നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ പോലും പലയിടത്തും മാസ്ക് ധരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.തമിഴ്നാട്, പശ്ചിമ ബംഗാൾ, ത്രിപുര, ബിഹാർ, ഉത്തർ പ്രദേശ് തുടങ്ങി രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങളും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിലുള്ളത് രാജ്യത്തെ മൊത്തം ആശുപത്രിക്കിടക്കകളുടെ മൂന്നിലൊന്ന് മാത്രമാണ്.



 തങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് സർക്കാർ പരിഗണിക്കുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ ജനങ്ങളുടെ ജീവനും ജീവിതമാർഗവും സംരക്ഷിക്കുക എന്ന നിലപാടിലാണ് സർക്കാർ ഉദ്യോഗസ്ഥർ. അതേസമയം, ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരാൻ കാരണം പരിശോധനകൾ വർധിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദിവസേന പത്ത് ലക്ഷത്തിലധികം സാമ്പിളുകളാണ് നിലവിൽ രാജ്യത്ത് പരിശോധിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ഇത് രണ്ട് ലക്ഷത്തിലധിം മാത്രമായിരുന്നു.രോഗബാധയുടെ ഗൗരവം സർക്കാർ പെരുപ്പിച്ചു കാണിക്കുകായണെന്നാണ് പല ഗ്രാമങ്ങളിലുമുള്ളവർ കരുതുന്നത്.

మరింత సమాచారం తెలుసుకోండి: