കർഷക സമരത്തിൽ ആശങ്ക നേരിടുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി. നുരു നാനാക് ജയന്തിയോട് അനുബന്ധിച്ച് നടത്തിയ വീഡിയോ കോൺഫറൻസിനിടെയായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം. എന്നാൽ ഇതിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കാർഷിക സമരം സംബന്ധിച്ച് പരസ്യപ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. "സ്ഥിതി ആശങ്കാജനകമാണെന്നും "നമ്മുടെ സുഹൃത്തുക്കളെപ്പറ്റിയും കുടുംബങ്ങളെപ്പറ്റിയും നമ്മളെല്ലാം ആശങ്കാകുലരാണെന്നും" ട്രൂഡോ പറഞ്ഞു."ഇന്ത്യയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധം സംബന്ധിച്ചുള്ള വാർത്തകളെപ്പറ്റി പറയാതിരുന്നാൽ അതു വലിയ ഉപേക്ഷയായിപ്പോകും" എന്നു പറഞ്ഞു കൊണ്ടായിരുന്നു ട്രൂഡോ സംസാരം തുടങ്ങിയതു തന്നെ.സിഖ് തലപ്പാവണിഞ്ഞ കർഷകർ ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഡൽഹിയിലേയ്ക്കുള്ള ഹൈവേകളിൽ പ്രതിഷേധിക്കുന്നത്. 


  പഞ്ചാബിൽ ഉൾപ്പെടെ കുടുംബവേരുകളുള്ള ലക്ഷക്കണക്കിന് സിഖ് വംശജർ കാനഡയിലുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം.കനേഡിയൻ പാർലമെൻറ് അംഗങ്ങളും സിഖ് വംശജരുമായ നവദീപ് ബയിൻസ്, ഹർജിത് സജ്ജൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.അതേസമയം, കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയായിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ പരാമർശങ്ങൾ അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. "ഇന്ത്യയിലെ കർഷകരെ സംബന്ധിച്ച് കാനഡയിലെ നേതാക്കൾ നടത്തിയ ചില തെറ്റായ പരാമർശങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകിച്ചും ഇതൊരു ജനാധിപത്യ രാജ്യത്തിൻ്റെ ആഭ്യന്തരകാര്യങ്ങളെ സംബന്ധിക്കുന്നതായതു കൊണ്ട് അത്തരം പരാമർശങ്ങൾ അനാവശ്യമാണ്." വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയിൽ അറിയിച്ചു. നയതന്ത്രപരമായ സംഭാഷണങ്ങൾക്ക് രാഷ്ട്രീയമാനം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


  "നിങ്ങളിൽ പലർക്കും ഇതൊരു യാഥാർഥ്യമാണെന്ന് എനിക്കറിയാം. ഞാൻ ഒരു കാര്യം ഓർമപ്പെടുത്താം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ കാനഡ എന്നും അനുകൂലിക്കും. സംവാദത്തിൻ്റെ പ്രാധാന്യത്തിലാണ് നമ്മൾ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പലവഴിക്കും നാം ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട് നമ്മുടെ ആശങ്കകൾ അറിയിച്ചത്." ജസ്റ്റിൻ ട്രൂഡോ പരിപാടിയിൽ പറഞ്ഞു.സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിൻ്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ യോഗത്തിലായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയുടെ വിവാദ പരാമർശങ്ങൾ.


   രാജ്യത്തെ ജനങ്ങൾക്ക് ഗുരുനാനാക്ക് ജയന്തി ആശംസകൾ നേർന്ന അദ്ദേഹം ഗുരു നാനാക്കിൻ്റെ ആദർശങ്ങളെപ്പറ്റിയും സംസാരിച്ചു. സഹജീവിസ്നേഹത്തെയും സമത്വത്തെയും ആത്മാർഥമായ സേവനത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പാഠങ്ങൾ സിഖ് മതത്തിൻ്റെയും കനേഡിയൻ മൂല്യങ്ങളുടെയും ഉള്ളിലുണ്ടെന്നും ട്രൂഡോ പറഞ്ഞു.രാജ്യത്തെ കർഷക സമരത്തെപ്പറ്റി പൊതുവേദിയിൽ സംസാരിക്കുന്ന ആദ്യ വിദേശനേതാവാണ് ജസ്റ്റിൻ ട്രൂഡോ. പ്രതിഷേധം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിനിടയിലും ഡൽഹിയിലെ കർഷകസമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെയായിരുന്നു ട്രൂഡോ ഇക്കാര്യങ്ങൾ പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: