ജനാഭിമുഖ കുർബാന തർക്കം; ഏപ്രിൽ 17 ന് ടവകകൾക്കുള്ള ഇളവ് അവസാനിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത! സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുർബാന അർപ്പിക്കാത്ത ഇടവകകളും കുർബാനകളും നടത്തുന്നത് നിയമവിരുദ്ധമായ ബലിതർപ്പണം ആയിരിക്കുമെന്ന് രൂപത വ്യക്തമാക്കി. ജനാഭിമുഖ കുർബാന തർക്കത്തിൽ ഇടവകകൾക്കുള്ള ഇളവ് ഏപ്രിൽ 17ന് അവസാനിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കാൻ അസൗകര്യങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങൾക്ക് അനുവദിച്ച ഇളവാണ് രൂപത അവസാനിപ്പിച്ചത്.
ഏപ്രിൽ 17 ഉയിർപ്പ് ഞായർ ദിനം വരെ മാത്രമാണ് നിലവിലെ ഇളവ് ലഭിക്കുകയെന്നാണ് രൂപത വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടനാണ് കുർബാന തർക്കം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ വർഷങ്ങളായി തുടർന്നുവരുന്ന രീതി അട്ടിമറിക്കരുതെന്നാണ് എതിർഭാഗം ഉന്നയിക്കുന്ന വാദം. വിഷയത്തിൽ അഭിപ്രായഐക്യം ഉണ്ടാകുന്നതുവരെ സിനഡ് തീരുമാനം നടപ്പാക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുന്നതാണ് ഏകീകരിച്ച രീതി.
നേരത്തെ അൾത്താരയ്ക്ക് അഭിമുഖമായി കുർബാന നടത്തണം എന്ന 1999ലെ സിനഡ് നിർദ്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇടയലേഖനം വായിക്കുന്നതിൽ വലിയ തോതിലുള്ള എതിർപ്പുമായി വൈദികർ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു ശുപാർശയ്ക്ക് വത്തിക്കാൻ അനുമതി നൽകിയത്. ഏകീകൃത കുർബാന നടത്താനുള്ള തീരുമാനത്തിൽ നിന്ന് സീറോ മലബാർ സഭ സിനഡ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കി എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ. അതിരൂപത ആസ്ഥാനത്ത് വൈദികർ ആരംഭിച്ച നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
ഫാ. ബാബു കളത്തിൽ ആണ് ബുധനാഴ്ച രാത്രി മുതൽ നിരാഹാര സമരം ആരംഭിച്ചത്. ജനാഭിമുഖ കുർബാന ഇല്ലാതാക്കി ഏകീകൃത കുർബ്ബാന അർപ്പണം നടത്താനുള്ള തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധം തുടരുന്നത്. ജനാഭിമുഖ കുർബാന അതിരുപതയിൽ തുടരാനുള്ള അനുവാദം സ്ഥിരമാക്കി നിലനിർത്തി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അതിരൂപതാ സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ തളിയൻ വ്യക്തമാക്കി.
Find out more: