അടിയോടടി അടിയായി "അടി"! സിനിമയെ മുന്നോട്ട് നയിക്കുന്നതും ഈ അടി തന്നെയാണെന്ന കാര്യം പ്രത്യേകം എടുത്ത് ‌‌പറയേണ്ടതില്ലല്ലോ. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടി വിഷു റിലീസായാണ് തീയേറ്ററുകളിലെത്തിയത്. വിദേശത്തു നിന്ന് വിവാഹം കഴിക്കാനായി ലീവിന് നാട്ടിലേക്കെത്തുന്ന സജീവ് എന്ന യുവാവിന്റെ ജീവിതത്തിൽ വിവാഹ ദിവസം മുതൽ തുടർന്ന് വരുന്ന നാല് ദിവസം സംഭവിക്കുന്ന കാര്യങ്ങളാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ചിത്രം. പേര് സൂചിപ്പിക്കുന്ന പോലെ ഒരു അടിയിലാണ് സിനിമ തുടങ്ങുന്നത്. ആ അടി തന്റെ ആണത്വത്തിനും അഭിമാനത്തിനും മേൽ കിട്ടുന്ന അടിയായാണ് സജീവൻ കാണുന്നത്. അത് അയാളിൽ ഉണ്ടാക്കുന്ന വൈകാരികവും മാനസികവുമായ അവസ്ഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭാര്യയുടെ മുന്നിൽ വച്ച് തന്നെ തല്ലിയവനെ തിരിച്ചടിക്കാൻ ചെറിയ തന്ത്രങ്ങൾ മെനയുകയാണ് അയാൾ.





   ആണത്വമെന്ന ഒറ്റവാക്കിൽ നായകൻ ഇതിനെ കൈകാര്യം ചെയ്യാൻ പെടാപ്പാട് പെടുമ്പോൾ വളരെ തന്റേടത്തോടെ തന്റെ ഭർത്താവിന് നേരെ വരുന്നവനെ നിലയ്ക്ക് നിർത്താൻ ഗീതികയ്ക്ക് കഴിയുന്നുണ്ട്. സാധാരണ നമ്മൾ കണ്ട് ശീലിച്ച ക്ലീഷേ ഭർത്താവിൽ തന്നെയാണ് സിനിമയുടെ സെക്കന്റ് ഹാഫ് വരെ ഷൈൻ നീങ്ങുന്നത്. സജീവായി ഷൈനും ഗീതികയായി അഹാനയും ചിത്രത്തിലെത്തുന്നു. വിവാഹവും സന്തോഷകരമായ കുടുംബജീവിതവും സ്വപ്നം കണ്ട് മുന്നോട്ട് പോകുന്ന സജീവന് വിവാഹ ദിവസം തന്നെ തന്റെ ഭാര്യയായ ഗീതികയുടെ മുന്നിൽ വച്ച് അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരന്റെ കൈയ്യിൽ നിന്ന് അടി കിട്ടുന്നു. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് ഒരുക്കുന്ന ചിത്രം കൂടിയാണ് അടി. ത്രില്ലിങ്ങായിട്ടുള്ള എലമെന്റുകൾ അത്രയൊന്നും സിനിമയിലില്ലെങ്കിലും ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയ്ക്ക് ബോറടിക്കാതെ പ്രേക്ഷകർക്ക് ചിത്രം കണ്ടിരിക്കാം.






കുറച്ച് ഒതുക്കി പറയാമായിരുന്ന ഒരു വിഷയത്തെ വലിച്ചു നീട്ടി പരത്തിയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥയിലുള്ള നീട്ടൽ സിനിമ കാണുമ്പോഴും അനുഭവപ്പെടുന്നുണ്ട്. ഇഷ്ക് എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് അടിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചില രംഗങ്ങളൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നുവെന്ന് തോന്നി. ത്രില്ലർ മൂഡ് സിനിമകളിൽ നിന്ന് മാറി ഫീൽ ഗുഡിലേക്കെത്തുമ്പോൾ ഒരു പരിധി വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞതിന് ശേഷം അയാളിൽ മറ്റൊരു ഭർത്താവിനെ പ്രേക്ഷകർക്ക് കാണാനാകും. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഷൈനേക്കാൾ സിനിമയിൽ സ്കോർ ചെയ്യുന്നത് അഹാനയാണ്. ഒരു പ്രശ്നം വരുമ്പോൾ പേടിച്ച് മാറി നിൽക്കുന്ന ഒരു ഭാര്യയെ അല്ല ഗീതികയിൽ കാണാനാവുക. ഭർത്താവിനൊരു പ്രശ്നം വരുമ്പോൾ അയാൾക്കൊപ്പം കട്ടയ്ക്ക് നിൽക്കാനും അത് ആർക്കും പ്രശ്നമില്ലാത്ത രീതിയിൽ പരിഹരിക്കാനും ഗീതികയ്ക്ക് ആകുന്നുണ്ട്.





ക്ലൈമാക്സിൽ എന്റെ വീട് നോക്കാൻ എന്റെ പെണ്ണിനറിയാടാ എന്ന് നായകൻ പറയുന്നിടത്ത് നട്ടെല്ലുള്ള തന്റേടിയായ ഒരു പെണ്ണിനേയും പ്രേക്ഷകർക്ക് കാണാൻ കഴിയും. പെർഫോമൻസുകളുടെ കാര്യമെടുത്താൽ എല്ലാവരും തന്നെ അവരവരുടെ ഭാഗം മികച്ചതാക്കി എന്നു പറയാം. ഷൈൻ മറ്റു ചിത്രങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഒരു റൊമാന്റിക് മൂഡ് ചിത്രത്തിൽ പിടിച്ചിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ ഷൈനൊപ്പം തന്നെ അഹാനയും പിടിച്ചു നിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളും റൊമാന്റിക് രംഗങ്ങളുമെല്ലാം മികച്ചതായി തോന്നി. എടുത്തു പറയേണ്ട മറ്റൊരു കാര്യം ധ്രുവന്റെ പെർഫോമൻസാണ്. 




വ്യത്യസ്ത ഭാവങ്ങളിൽ ധ്രുവനെ ചിത്രത്തിൽ കാണാൻ കഴിയും. ശ്രീകാന്ത് ദാസൻ, ബിറ്റോ, അനു ജോസഫ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു. അധികം കഥാപാത്രങ്ങളൊന്നും ചിത്രത്തിൽ വന്നു പോകുന്നില്ല. വളരെ കുറച്ചു കഥാപാത്രങ്ങളാണ് ചിത്രത്തിലെത്തിയിരിക്കുന്നത്.ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സംഗീതത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം തോന്നിയില്ലെങ്കിലും പശ്ചാത്തല സംഗീതം സിനിമയ്ക്ക് മറ്റൊരു തലം നൽകുന്നുണ്ട്. ചിലയിടങ്ങളിലൊക്കെ പശ്ചാത്തല സംഗീതം മനോഹരമായി വർക്കൗട്ട് ആയിട്ടുമുണ്ട്.

Find out more: