വീണ എസ് നായർ പോസ്റ്റർ വിവാദം വൈറലാകുന്നു! വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വീണാ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ നന്തൻകോട്ടെ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങുകയുണ്ടായി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി വി സുഭാഷാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പ്രാദേശിക നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിക്കാൻ നൽകിയ പോസ്റ്ററുകൾ നന്ദൻകോട് സ്വദേശിയായ ബാലു ആക്രിക്കടയിലേക്ക് കടത്തിയെന്നാണ് പരാതി. ഗ്രൂപ്പ് പോരിൻറെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരോപണം ഉണ്ട്. ഇതേച്ചൊല്ലി പാർട്ടിയിലും തമ്മിലടി തുടങ്ങി. 



ആരെങ്കിലും മനപ്പൂർവം ചെയ്തതാണെങ്കിൽ നടപടിയുണ്ടാകുമെന്നു തിരുവനന്തപുരം ഡി സി സി പ്രസിഡൻറ് നെയ്യാറ്റിൻകര സനലും പറഞ്ഞിരുന്നു. കിലോക്ക് പത്ത് രൂപ എന്ന കണക്കിലാണ് അമ്പത് കിലോ പോസ്റ്ററുകൾ താൻ അയാളിൽ നിന്നും വാങ്ങിയതെന്നും കടക്കാരൻ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാലാണ് ഇത് വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പരിചയമുള്ള ഒരാളാണ് പോസ്റ്ററുകൾ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് കടക്കാരൻ പറയുന്നത്. യുഡിഎഫ് ഇവിടെ ബിജെപിയെ ജയിപ്പിക്കാനായി പ്രവർത്തിച്ചു എന്ന തൻറെ ആരോപണം ആക്രിക്കടയിൽ കെട്ടിക്കിടക്കുന്ന പോസ്റ്ററുകൾ ശരിവയ്ക്കുന്നു എന്നാണ് വികെ പ്രശാന്ത് ഈ സംഭവത്തോട് പ്രതികരിച്ചത്. നിലവിൽ വികെ പ്രശാന്ത് ആണ് വട്ടിയൂർകാവ് എംഎൽഎ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർകാവ് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് വീണ നായരെ സ്ഥാനാർത്ഥിയാക്കിയത്. വിവി രാജേഷാണ് എൻഡിഎ സ്ഥാനാർത്ഥി.


 അതേസമയം ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കുമെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായർ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഭൗത്യം താൻ ഭംഗിയായി ചെയ്തു. വിഷയം കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നോടൊപ്പം നിന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ആരാണ് അത് ചെയ്തതെന്ന് കണ്ടുപിടിക്കാൻ താൻ ആളല്ല അത് പാർട്ടി ചെയ്യും. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്റെ വിജയത്തിനായി പ്രവർത്തകരെല്ലാം ഒത്തൊരുമയോടെയാണ് പ്രവർത്തിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ വലിയ വിജയപ്രതീക്ഷയാണുള്ളതെന്നും വീണ പറഞ്ഞു.


തിരുവനന്തപുരം ഡിസിസിയാണ് അന്വേഷണം നടത്തുന്നത്. പ്രചാരണത്തിൽ അലംഭാവം കാട്ടുകയും പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ വിൽക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടയുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. ഇന്നലെയാണ് നന്ദൻ കോടുള്ള ആക്രിക്കടയിൽ വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ വിൽപ്പനയ്ക്കായി എത്തിച്ചത്. കുറവൻകോണം മേഖലയിൽ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവ. 

మరింత సమాచారం తెలుసుకోండి: