
കോൺഗ്രസ് തിരിച്ച് പോകാനാകാത്ത ഒരു അവസ്ഥയിലേക്ക് പോയതായും സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനവും വ്യാജവുമാണെന്നും അദ്ദേഹം രാജിക്കത്തിൽ ആരോപിക്കുന്നു. ഭാരത ജോഡോ യാത്ര നടത്താനിരിക്കെ രാഹുൽ ഗാന്ധിക്ക് കടുത്ത ക്ഷീണം കൂടി ആയിരിക്കും മുതിർന്ന അംഗത്തിന്റെ രാജി. രാഹുൽ ഗാന്ധിക്കെതിരായുള്ള ഗുലാം നബി ആസാദിന്റെ പ്രധാന വിമർശനങ്ങൾ ഇങ്ങനെ, അദ്ദേഹത്തിന്റെ "പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്ന്, ശ്രീ രാഹുൽ ഗാന്ധി മാധ്യമങ്ങളുടെ മുഴുവൻ സാന്നിദ്ധ്യത്തിൽ യുപിഎ സർക്കാരിന്റെ ഓർഡിനൻസ് കീറിക്കളഞ്ഞതാണ്.
ഈ ഓർഡിനൻസ് കോൺഗ്രസ് കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും പിന്നീട്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒന്നാണ്. ഈ ബാലിശമായ സ്വഭാവം പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും അധികാരത്തെ പൂർണ്ണമായും അട്ടിമറിച്ചു."രാഹുൽ ഗാന്ധിയുടേത് ബാലിശമായ പെരുമാറ്റങ്ങളാണ് എന്നാണ് ഏറ്റവും പ്രധാനമായ ആരോപണം.കോൺഗ്രസിനുള്ളിലെ കൂടിയാലോചന സംവിധാനം രാഹുൽ ഗാന്ധി തകർത്തുവെന്ന ഗുരുതരമായ ആരോപണവും ആസാദ് ഉന്നയിക്കുന്നുണ്ട്.
"ദിർഭാഗ്യവശാൽ, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രധാനമായും കോൺഗ്രസ് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട 2013 ജനുവരി മാസത്തിന് ശേഷം, മൊത്തം കൂടിയാലോചനാ സംവിധാനങ്ങളും അദ്ദേഹം കാരണം തകർന്നടിഞ്ഞു."കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ഒതുക്കി എന്നുള്ളതാണ് ആസാദിന്റെ മറ്റൊരു പ്രധാന ആരോപണം. "എല്ലാ മുതിർന്നതും അനുഭവസമ്പന്നത്തുള്ളതുമായ നേതാക്കളെ ഒതുക്കുകയും, അനുഭവ പരിജ്ഞാനം കുറഞ്ഞ മുഖസ്തുതിക്കാരായ പുതിയ സഹപ്രവർത്തകരെ ഉപയോഗിച്ച് പാർട്ടിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ തുടങ്ങി."