ചന്ദ്രശേഖര റാവുവിന്റെ ഉന്നമെന്ത്? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തും കെസിആർ ഇതേ ആശയം വിനിമയം ചെയ്യാനായി മമതാ ബാനർജി മുതൽ പിണറായി വിജയൻ വരെയുള്ള നേതാക്കളുമായി നേരിട്ടുകണ്ട് സംസാരിക്കുകയുണ്ടായി. തെലങ്കാനയിലെ പ്രത്യേക രാഷ്ട്രീയസാഹചര്യമാണ് ബിജെപിയെയും കോൺഗ്രസ്സിനെയും ഒരുമിച്ചെതിർക്കേണ്ട സ്ഥിതിയിലേക്ക് കെസിആറിനെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യം എല്ലാ ബിജെപിയിതര-കോൺഗ്രസ്സിതര കക്ഷികളും നേരിടുന്നില്ല എന്നത് കെസിആറിന്റെ പദ്ധതികൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. എങ്കിലും പർവ്വതാകാരം പൂണ്ട ബിജെപിക്കെതിരെ നടക്കുന്ന നീക്കമെന്ന നിലയിൽ ഉപാധികൾ മനസ്സിൽക്കരുതിത്തന്നെ സിപിഎം അടക്കമുള്ള കക്ഷികൾ കെസിആർ വിളിക്കുന്നിടത്തെല്ലാം പോകുന്നുണ്ട്.കോൺഗ്രസ്സിതര പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് ബിജെപിയെ നേരിടുക എന്നതാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഏറെ വർഷങ്ങളായി പിന്തുടരുന്ന സമീപനം.





    തന്റെ നയത്തിനുപിന്നിൽ ആളെക്കൂട്ടാൻ സാധ്യമായതെല്ലാം അദ്ദേഹം ചെയ്തുവരുന്നുമുണ്ട്.ദേശീയ പാർട്ടി എന്ന നിലയിലുള്ള ഭാരത് രാഷ്ട്ര സമിതിയുടെ ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ചൊരു വേദിയിൽ നിർത്തുക എന്നതുതന്നെയായിരിക്കും കെഎസിആറിന്റെയും ഭാരത് രാഷ്ട്ര സമിതിയുടെയും മുന്നിലുള്ളത്. അതേതാണ്ട് വിജയിച്ചിട്ടുമുണ്ട്. ഖമ്മത്ത് നടന്ന ഭാരത് രാഷ്ട്ര സമിതിയുടെ ആദ്യ പൊതുയോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ-യുടെ ഡി. രാജ എന്നിവർ പങ്കെടുത്തിരുന്നു. മറ്റൊരു പ്രധാനചോദ്യം അമിത് ഷാ, ജെപി നദ്ദ, നരേന്ദ്ര മോദി എന്നിവരുടെ രാഷ്ട്രീയ തന്ത്രങ്ങളെ ചെറുക്കാൻ കെ.സി.ആറിന് സാധിക്കുമോ എന്നതാണ്. എന്താണ് കെ.സി.ആറിന്റെ ഭാരത് രാഷ്ട്ര സമിതിയുടെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം? ബിജെപിയെ നേരിടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണോ ബിആർഎസിനുള്ളത്? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം ലഭിക്കേണ്ടത് അത്യാവശ്യമാണ്.






  ഖമ്മത്ത് നടന്ന ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) ആദ്യ പൊതുയോഗം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആർ) ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ല. ടിആർഎസിനെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനർനാമകരണം ചെയ്യുന്നത്ര എളുപ്പമുള്ള കാര്യമല്ല ദേശീയ പാർട്ടിയായി മാറുകയെന്നത്. കോൺഗ്രസ്സിതര പ്രതിപക്ഷ പാർട്ടികളെ ഭാരത് രാഷ്ട്ര സമിതിയ്ക്ക് പിന്നിൽ അണിനിരത്താനായാൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിവെക്കാൻ കെ.സി.ആറിന് സാധിക്കും. എന്നാൽ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾ എന്ന ആശയത്തോട് യോജിക്കാൻ ഈ പ്രതിപക്ഷ പാർട്ടികൾ തയാറാകുമോ എന്ന കാര്യത്തിലാണ് സംശയമുള്ളത്.






  തെലങ്കാന രൂപീകരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ ടി.ആർ.എസിന് സാധിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബി.ആർ.എസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. വൈ.എസ്.ആറിന്റെ ഭാര്യയായ വൈ.എസ്. വിജയമ്മ മകളുടെ (ഷർമിള) പാർട്ടിയായ വൈ.എസ്.ആർ. തെലങ്കാനയിലേക്ക് വന്നത് തെലങ്കാനയിലെ ഭരണം പിടിച്ചെടുക്കാൻ തന്നെയാണ്. തെലുഗുദേശം പാർട്ടിയും (ടി.ഡി.പി) ലക്ഷ്യം വെക്കുന്നത് തെലങ്കാനയുടെ ഭരണമാണ്.

Find out more: