അടുത്ത സാമ്പത്തിക വർഷത്തേക്ക് 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. കോട്ടയം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റബ്ബർ കൃഷി ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. 2011ൽ കിലോയ്ക്ക് 230 – 240 രൂപ വരെ വില ഉണ്ടായിരുന്ന റബ്ബറിന് 2023 ജൂൺ – ജൂലൈയിൽ ലഭിച്ചത് 120 രൂപ മാത്രമാണ്. വലിയ വില തകർച്ചയാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബർ പ്രൊഡക്ഷൻ ഇൻസെൻറീവ് സ്കീം നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപ്പുസാമ്പത്തിക വർഷം 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പരിമിതികൾ ഏറെയുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബദൽ മാർഗങ്ങളുമാണ് സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുള്ളത്. യുഡിഎഫ് ഭരണകാലത്ത് കിലോയ്ക്കു 150 രൂപ ആയിരുന്ന ന്യായവില എൽ ഡിഎഫ് ഭരണത്തിൽ 170 രൂപയായി ഉയർത്തി.



 250 രൂപയായി ഉയർത്തണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവർത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കിൽ ധനസഹായം നൽകുന്നു. അതുകൂടാതെ റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നൽകുന്നുണ്ട്. റബ്ബർ സബ്സിഡിക്കുള്ള തുക 600 കോടി രൂപയായി ഉയർത്തി. റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബർ പ്രൊഡക്ഷൻ ഇൻസെൻറീവ് സ്കീം നടപ്പാക്കി. ഈ പദ്ധതി പ്രകാരം റബ്ബറിൻറെ താങ്ങുവിലയും റബ്ബർ ബോർഡ് ദിവസേന നിശ്ചയിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു ഹെക്ടറിൽ പ്രതിവർഷം 1,800 കിലോഗ്രാം റബ്ബറിനാണ് ആനുകൂല്യം നൽകുക.




5 ഹെക്ടറിൽ താഴെ കൃഷിയുള്ള കർഷകർക്ക് പരമാവധി 2 ഹെക്ടറിന് ഈ സബ്സിഡി ലഭ്യമാകും. ഈ പദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷം 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2022-23-ൽ 40 കോടിയും 2023-24-ൽ 180 കോടിയും വിതരണം ചെയ്തു. ഇതിനുപുറമെ റബ്ബർ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിൻറെ ഭാഗമായി സംസ്കരണശാലയുടെ പ്രവർത്തനങ്ങൾക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. റബ്ബർ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭവനനിർമ്മാണ സഹായം, വനിതകൾക്കുള്ള പ്രത്യേക ധനസഹായം, പെൻഷൻ പദ്ധതി എന്നിവ നടപ്പാക്കി വരുന്നുണ്ട്.




 നമ്മുടെ നാട്ടിൽ ഒരു റബ്ബർ കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപ സബ്സിഡി ലഭിക്കുമ്പോൾ തായ്ലൻഡിൽ ഹെക്ടർ ഒന്നിന് 2,08,000 രൂപയും മലേഷ്യയിൽ 1,57,800 രൂപയും ശ്രീലങ്കയിൽ 64,200 രൂപയുമാണ് സബ്സിഡി ലഭിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിന് ഈ തുക നൽകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. റബ്ബർ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ ടയർ കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. കേരളത്തിൻറെ റബ്ബർ മേഖലയെ അവഗണിക്കുന്ന കേന്ദ്ര ഗവണ്മൻറ് അസം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിക്കുന്നതിനായി ടയർ കമ്പനികളുടെ സഹായത്തോടെ ഇൻറോഡ് എന്ന റബ്ബർ കൃഷി വികസന പദ്ധതി നടപ്പാക്കുകയാണ് ചെയ്യുന്നത്.

Find out more: