സ്കൂൾ തുറക്കുന്നതിന് മുൻപ് അധ്യാപകർക്ക് പരിശീലനം പൂർത്തിയാക്കി; സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളത്ത് വച്ച് നടത്തും! പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ എളമക്കര സ്കൂളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. സ്കൂൾ യൂണിഫോമുകളും കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രി പറഞ്ഞു.





ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും ഇതിനു വിരുദ്ധമായ നടപടികൾ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള വിവിധ തിരക്കുകൾക്കിടയിലും പരീക്ഷാഫലങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. ജൂലൈ മാസത്തിൽ ഐബിഎമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ കൊച്ചിയിൽ എഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 1, 3, 5, 7, 9 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകം വിതരണം ചെയ്തു. സമൂഹത്തിലെ സമകാലിക ആവശ്യങ്ങൾ കണക്കിലെടുത്ത് വിവിധ വിഷയങ്ങൾ പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ശുചിത്വബോധം മയക്കുമരുന്നുകൾക്കെതിരായ പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.




ബാക്കി ക്ലാസ്സുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഹയർസെക്കൻഡറി പാഠപുസ്തകങ്ങളും പരിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴര വർഷത്തിനിടെ 7000 കോടി രൂപയാണ് സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാനായി ചെലവഴിച്ചത്. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിൽ ഓൾ പ്രൊമോഷൻ നൽകുമ്പോൾ അക്കാദമിക് നിലവാരം കൂടി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഈ മാസം 28ന് വിദ്യാഭ്യാസ കോൺ ക്ലൈവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.





 സംസ്ഥാനത്താകെ ജില്ലാതല പ്രവേശനോത്സവവും തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. ഈ അക്കാദമിക് വർഷത്തെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി സ്കൂൾ തുറക്കുന്നതിന് മുൻപ് ഈ വർഷം മുഴുവൻ അധ്യാപകർക്കും വിവിധ പരിശീലനങ്ങൾ നൽകി. ഇന്ത്യയിൽ ആദ്യമായി അധ്യാപകർക്ക് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകിയ സംസ്ഥാനമായി കേരളം.

Find out more: