സെക്രട്ടേറിയറ്റിലേക്ക് ആരൊക്കെയെത്തും? യുവാക്കൾക്ക് പരിഗണന! യുവാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന സമ്മേളനമാകുമോ ഇതെന്നും അങ്ങനെ വന്നാൽ ആരൊക്കെയാകും സെക്രട്ടേറിയറ്റിലേക്ക് എത്തുക എന്നുമാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരുമോ എന്ന ചോദ്യവും ഇതിനോടകം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. സിപിഎം 23ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് പാർട്ടി സ്വീകരിച്ച പ്രധാന തീരുമാനം 75 വയസ്സെന്ന പ്രായപരിധി കർശനമായി നടപ്പിലാക്കും എന്നതായിരുന്നു. ഇത് ജില്ലാ- സംസ്ഥാന സമ്മേളനങ്ങളിലും പാലിക്കപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഇതോടെ പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഎം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ കുറെക്കാലമായി സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും മാത്രമാണു സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇവിടെ വച്ചുതന്നെ രൂപീകരിക്കാവുന്ന സംഘടനാ സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണു സംസ്ഥാന നേതൃത്വത്തിനുള്ളതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന സമ്മേളനത്തിൽ വച്ചുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കണോ എന്ന കാര്യം കേരള നേതൃത്വം പൊളിറ്റ്ബ്യൂറോയ്ക്കു വിട്ടിരിക്കുകയാണ്.സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കെജെ തോമസ്, എംഎം മണി, വൈക്കം വിശ്വൻ എന്നിവർ പ്രായപരിധി മാനദണ്ഡത്തിൻറെ പേരിൽ ഒഴിവാകാനാണ് സാധ്യത. ഇതിൽ പി കരുണാകരനും വൈക്കം വിശ്വനും കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്.
മുഖ്യമന്ത്രി എന്നതും പൊളിറ്റ് ബ്യൂറോ അംഗമെന്നതും പരിഗണിച്ച് പിണറായി വിജയൻ കമ്മിറ്റിയിൽ തുടരും. പിണറായിക്ക് പുറമെ, കോടിയേരിയും എ വിജയരാഘവനും സെക്രട്ടേറിയറ്റിൽ ഉണ്ടാകുമെന്നത് ഉറപ്പാണ്. 75 വയസ്സെന്ന മാനദണ്ഡത്തിന് പുറമെ ചില മുതിർന്ന നേതാക്കളും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യത കൂടുതലാണ്.സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയാലും മേൽ കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ ഇവർക്ക് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാനാകും. കഴിഞ്ഞതവണ സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ട കെഎൻ ബാലഗോപാലും പി രാജീവും കമ്മിറ്റിയിൽ തുടർന്നേക്കും.
ഒഴിവാക്കപ്പെടുന്ന നേതാക്കളുടെ ജില്ലകളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ സെക്രട്ടേറിയറ്റിൽ എത്താനാണ് സാധ്യത. യുവപ്രതിനിധിയായി ആരെക്കെ സെക്രട്ടേറിയറ്റിലെത്തുമെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. എം സ്വരാജിനെ ഇത്തവണ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമോ എന്ന ചർച്ചകളും സജീവമാണ്. സ്വരാജ് അല്ലെങ്കിൽ പി ശ്രീരാമകൃഷ്ണനാകും കമ്മിറ്റിയിലേക്ക് എത്തുക. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി ടീച്ചർ, എകെ ബാലൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ എന്നിവരിൽ ചിലരെങ്കിലും സംസ്ഥാന സെക്രട്ടേറിറ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്.
Find out more: