വ്യാജനോട്ട് നിർമ്മാണം നടത്തുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ പിടിയിലായ ഷോൺ ലിയോ വർഗീസ്സ് (അമൽ) യൂടൂബിൽ നിന്നും പണം നേടി സമ്പന്നനാവാനാണ് ശ്രമിച്ചിരുന്നത്. ഇതിനായി അമൽ നിരവധി യൂടൂബ് ചാനലുകൾ രൂപകൽപ്പന ചെയ്തിരുന്നു. മികച്ച വെബ് ഡിസൈനർ കൂടിയായ അമൽ ഒന്നാംകിട ഓൺലൈൻ ന്യൂസ്സ് പോർട്ടലുകളെ വെല്ലുന്ന തരത്തിൽ കർമ്മരംഗത്ത് സജീവമാവുമെന്നാണ് അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നത്.
യൂടൂബിൽ ആധുനിക സംവിധാനങ്ങളോടെ വാർത്ത ചാനൽ തുടങ്ങുന്നതിന് അണിയറ നീക്കങ്ങളും നടത്തിവന്നിരുന്നു. ലിയോസ് ബ്ലോഗ് എന്ന പേരിൽ തുടങ്ങിയ ചാനലിന് 15.5 കെ സബ്ബ് സ്‌ക്രൈബേഴ്സ് ആയിരുന്നു. യാത്രവിവരണങ്ങളും മറ്റുമായി ലിയോ ഈ ചാനലിൽ നിറ സാന്നിദ്ധ്യമായിരുന്നു. ഇതിനിടെ തീയറ്റുകളിൽ ചലനം സൃഷ്ടിച്ച ന്യൂജെൻ ചിത്രം മറ്റൊരു സൈറ്റിൽ നിന്നും ഡൗലോഡ് ചെയ്ത് സ്വന്തം ചാനലിൽ പോസ്റ്റു ചെയ്തിരുന്നു.
ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചിത്രത്തിന്റെ വിതരണ കമ്പിനി നിയമനടപടികളുമായി രംഗത്തെത്തിയെങ്കിലും ലിയോയുടെ സാധാരണക്കാരന്റെ മട്ടിലുള്ള ഇടപെടലിൽ അവർ പിൻതിരിയുകയായിരുന്നെന്നാണ് സൂചന. സിനിമ ചാനലിൽ അപ്ലോഡ് 24 മണിക്കൂറിനുള്ളിൽ സബ്ബ് സ്‌ക്രൈബേഴ്സിന്റെ എണ്ണത്തിൽ അതി മികച്ച വർദ്ധന ഉണ്ടായതായിട്ടാണ് ലിയോ അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നത്. ഇത് വലിയൊരളവിൽ ലിയോയ്ക്കു ആത്മ വിശ്വാസവും പകർന്നിരുന്നു.
പിന്നീട് ലിയോ ഈ വഴിക്ക് നടത്തിയ നീക്കങ്ങളെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു. തുടർന്ന് കമ്പ്യൂട്ടർ രംഗത്തെ പരിചയം മുതലാക്കി അമൽ വ്യാജനോട്ട് നിർമ്മാണ രംഗത്തേയ്ക്ക് തിരിഞ്ഞതെന്നാണ് സൂചന.100-രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റാണ് അമൽ വിതരണത്തിനായി ആദ്യം തയ്യാറാക്കിയത്.
കൂടിയ നോട്ടുകളുടെ വ്യാജനിറക്കിയാൽ തട്ടിപ്പ് ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവാണ് 100-ന്റെ നോട്ടിന്റെ നിർമ്മിതിക്ക് ലിയോയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അനുമാനം. ബിസ്ക്കറ്റോ, സോപ്പോ തുടങ്ങി 20-30 രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങിയ ശേഷം ബാക്കി തുക വാങ്ങി സ്ഥലം വിടുകയായിരുന്നു അമലിന്റെ രീതി.
ഈ നീക്കത്തിൽ സഹായിയായി ഇയാളുടെ സുഹൃത്ത് സ്റ്റെഫിനും കൂടെയുണ്ടായിരുന്നു. തുടർന്ന് തട്ടിപ്പ് നടത്തവെ വ്യാപാരികളിൽ ഒരാൾക്കുണ്ടായ സംശയമാണ് ഇരുവരെയും കുടുക്കിയത്. പൊലീസിനെക്കണ്ട് വ്യാജനോട്ടുകൾ റോഡിലെറിഞ്ഞ് രക്ഷപെടുന്നതിന് ഇവർ നടത്തിയ നീക്കം വിജയം കണ്ടില്ല. 23400 രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
കാറിലൈത്തിയാണ് ഇവർ വ്യാപകമായി വ്യാജനോട്ട് നൽകി സാധനങ്ങൾ വാങ്ങിയിരുന്നത്.ലിയോയുടെ വീട്ടിൽ പോലീസ് നടത്തിയ തെളിവെടുപ്പിൽ വ്യാജ നോട്ട് തയ്യാറാക്കിയ കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു.ഇവിടെ നടത്തിയ തിരച്ചിലിൽ 10000 രൂപയുടെ വ്യാജനോട്ടുകൾ കൂടി കണ്ടെടുത്തു.
click and follow Indiaherald WhatsApp channel