പ്രകൃതിദത്ത സൗന്ദര്യം കാഴ്ച്ചവിരുന്നൊരുക്കുന്ന മലപ്പുറം കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രം ഇപ്പോൾ പുതിയ ഭാവത്തോടെയാണ് എത്തിയിരിക്കുന്നത്. വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചിലവിൽ നവീകരിച്ച ഉദ്യാനം മുഖ്യ മന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം സഞ്ചാരികൾക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.  കോവിഡ് പ്രതിസന്ധികൾ ഏറെ തളർത്തിയ മേഖലയാണ് വിനോദ രംഗം.കോവിഡ് മഹാമാരി അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽപരമായും സാമ്പത്തികമായും വിനോദ മേഖലയിൽ വലിയ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കി വിനോദ കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


അതീവ ജാഗ്രതയോടെ ഘട്ടം ഘട്ടമായി വിനോദ കേന്ദ്രങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ അവസ്ഥയിൽ നിരാശപ്പെടാതെ വലിയ കുതിപ്പിനുള്ള മുന്നൊരുക്കമായി വേണം മഹാമാരിക്കാലത്തെ പ്രശ്‌നങ്ങളെ സമീപിക്കാനെന്നും ഈ മഹാമാരിക്കാലം പിന്നിടുന്നതോടെ വലിയ മാറ്റമാണ് വിനോദ സഞ്ചാര രംഗത്തുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.മിറാക്കിൾ ഗാർഡൻ, സൈക്കിൾ ട്രാക്ക്, പാർട്ടി ഡക്ക്, എഫ്.എം റേഡിയോ സംവിധാനം, നടപ്പാതകൾ, ആകർഷകമായ ഉദ്യാനം, വർണ്ണ വൈവിധ്യങ്ങളോടെയുള്ള പൂച്ചെടികൾ, ശലഭ ഉദ്യാനം, ജലസേചനത്തിന് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങി വിവിധ പദ്ധതികളാണ് വികസന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കുന്ന് വിനോദ ഉദ്യാനത്തിൽ നടപ്പാക്കിയിരിക്കുന്നത്.


 തീർത്തും പ്രകൃതി സൗഹൃദമായി സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയത്.വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടർ പി. ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, കൗൺസിലർമാരായ ഒ. സഹദേവൻ, വിനോദ് കല്ലിടുമ്പിൽ, സലീന റസാഖ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പാലൊളി കുഞ്ഞുമുഹമ്മദ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിൽ നടന്ന ചടങ്ങിൽ പി. ഉബൈദുള്ള എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു.


మరింత సమాచారం తెలుసుకోండి: