ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ ശിവസേന രംഗത്ത്! പാർട്ടി എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉദ്ധവിൻ്റെ പ്രഖ്യാപനം. ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല തീരുമാനമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞദിവസം മുർമുവിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ശിവസേനയുടെ ഭൂരിഭാഗം എംപിമാരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനവുമായി ഉദ്ധവും രംഗത്തെത്തിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. ശിവസേന മുർമുവിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവത്തും സൂചന നൽകിയിരുന്നു. എന്നാൽ ബിജെപിക്കുള്ള പിന്തുണയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎയിൽ തുടരുമ്പോൾ യുപിഎ സ്ഥാനാർഥികളായ പ്രതിഭ പാട്ടീലിനെയും പ്രണാബ് മുഖർജിയെയും പിന്തുണച്ച ശിവസേന നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിൻ്റെ പ്രതികരണം. ആദ്യമായാണ് ഒരു ഗോത്ര വനിതയ്ക്ക് രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നതെന്ന് പാർട്ടിയിലെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുർമുവിനെ പിന്തുണയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. തൻ്റെ പാർട്ടിക്ക് ഇടുങ്ങിയ ചിന്താഗതി ഇല്ലാത്തതിനാലാണ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. 21 നാണ് വോട്ടെണ്ണൽ. ശിവസേനയ്ക്കു പുറമേ മറ്റ് പ്രതിപക്ഷ കക്ഷികളും മുർമുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമു ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണർ ആണ്. 2000-2004 കാലഘട്ടത്തിൽ ഒഡീഷയിലെ ബിജെപി-ബിജെഡി സർക്കാരിൽ മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
ശിവസേനയുടെ ഭൂരിഭാഗം എംഎൽഎമാരും വിമത നേതാവ് ഏക്നാഥ് ഷിൻഡെയ്‍ക്കൊപ്പം ചേർന്നത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ താഴെ വീഴുകയും ഷിൻഡെയും എംഎൽഎമാരും ബിജെപിയോടൊപ്പം കൂടുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയെ അവരോധിച്ചു സർക്കാർ രൂപീകരിച്ച ബിജെപി നീക്കം ശിവസേന നേതൃത്വത്തെ ഞെട്ടിച്ചു. എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണയുമായി ശിരോമണി അകാലിദൾ. ന്യൂനപക്ഷങ്ങളുടെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നതെന്ന് ശിരോമണി അകാലിദൾ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അന്തസിന്റെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നതെന്ന് വെള്ളിയാഴ്ച ചണ്ഡിഗഡിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ മനസിൽ നിന്നും അരക്ഷിതാവസ്ഥ ഇല്ലാതാക്കുക, പഞ്ചാബിന്, പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങളുടെ പ്രതീകമായാണ് ദ്രൗപതി മുർമുവിനെ കാണുന്നത്. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും സ്ത്രീകളുടെയും അന്തസിന്റെ പ്രതീകമാണ് ദ്രൗപതി മുർമുവെന്നും ശിരോമണി അകാലിദൾ വ്യക്തമാക്കി. സുവർണ ക്ഷേത്രം ആക്രമിച്ച് സിഖ് സമുദായത്തെ വഞ്ചിക്കുകയും ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തന്റെ പാർട്ടിക്ക് കഴിയില്ലെന്ന് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തന്നെ വിളിച്ചിരുന്നതായും ബാദൽ വ്യക്തമാക്കി.
Find out more: