അത്യുഗ്രൻ തീയേറ്റർ എക്സ്പീരിയൻസായി 'സ്ഫടികം' 4കെ! ഒരു പുതിയ സിനിമ റിലീസ് ചെയ്യുന്നതിനേക്കാൾ ആളുകൾ ഏറ്റവും കൂടുതൽ എക്സ്പെക്ടേഷനോടു കൂടി കാത്തിരുന്ന സിനിമ, അതാണ് സ്ഫടികം. എത്ര തവണ ഈ സിനിമ കണ്ടിട്ടുണ്ടാകുമെന്ന് ഒരു മലയാളിയോട് ചോദിച്ചാൽ ചിലപ്പോൾ അതിന് കൃത്യമായി ഒരു കണക്ക് ഉണ്ടായെന്നു വരില്ല. അത്രത്തോളം ആടുതോമയും സ്ഫടികവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഒരിക്കലെങ്കിലും സ്ഫടികം തീയേറ്ററിൽ എക്സിപീരിയൻസ് ചെയ്യണമെന്ന് ആഗ്രഹിക്കാത്ത പുതു തലമുറയിൽപ്പെട്ട ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇരുപത്തിയെട്ട് വർഷങ്ങൾ... കാലം മാറി, കഥ മാറി, മനുഷ്യർ മാറി, സിനിമയും മാറി. വർഷമിത്രയൊക്കെയായിട്ടും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയ്ക്കും ചാക്കോ മാഷിനും ഒരു മാറ്റവുമില്ല.ഒരു പുതിയ സിനിമ കണ്ട അതേ ഫീൽ സ്ഫ്ടികം 4കെ പതിപ്പിന് നൽകാൻ കഴിഞ്ഞുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. മുൻപ് ഒരുപാട് തവണ കണ്ട സിനിമയാണെന്ന തോന്നൽ ഒരിടത്തു പോലും മനസിലേക്ക് കയറി വന്നില്ല പ്രേക്ഷകന്.




  ചിത്രത്തിലെ സെന്റിമെന്റൽ സീനുകളിലൊക്കെ പ്രേക്ഷകന്റെ കണ്ണുകൾ ഇപ്പോഴും നിറയുന്നുവെന്നത് ഈ പറഞ്ഞതിന് ഏറ്റവും വലിയ തെളിവാണ്. ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ വൈകാരിക മുഹൂർത്തങ്ങൾ ഒരുപടി കൂടി മുകളിൽ അനുഭവഭേദ്യമാകുന്നുവെന്ന കാര്യവും എടുത്തു പറയേണ്ടതാണ്.സിനിമ തീയേറ്ററിൽ കണ്ടിട്ടുള്ളയാളുകൾക്ക് തീർച്ചയായും ഒരു നൊസ്റ്റാൾജിയ തന്നെയാണ് സ്ഫിടകം 4കെ സമ്മാനിക്കുന്നത്. ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തിയ സ്ഫടികത്തിന് പുതിയ കാലത്തേയും വിസ്മയ്പ്പിക്കാനായി. തിലകൻ, കെപിഎസി ലളിത, സിൽക്ക് സ്മിത, രാജൻ പി ദേവ്, നെടുമുടി വേണു, എൻ.എഫ് വർഗീസ്, ബഹദൂർ, കരമന ജനാർദ്ദനൻ, ശങ്കരാടി, പറവൂർ ഭരതൻ, കൊല്ലം അജിത്, എൻ. എൽ ബാലകൃഷ്ണൻ തുടങ്ങിയ അതുല്യ പ്രതിഭകളെ സ്ക്രീനിൽ കാണുമ്പോൾ സന്തോഷത്തിനൊപ്പം ചെറിയൊരു നൊമ്പരവും മനസിൽ അലയടിക്കും.





  ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവ പ്ലെയ്സ് ചെയ്തിരിക്കുന്ന രീതി എല്ലാം ഒന്നിനൊന്നിന് മികച്ചതാണ്. സ്ഫടികം റീ റിലീസിനെത്തുന്നുവെന്ന് സംവിധായകൻ ഭദ്രൻ പ്രഖ്യാപിച്ചപ്പോൾ തന്നെ ആ പഴയ മോഹൻലാലിനെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനാകുമല്ലോ എന്ന സന്തോഷമായിരുന്നു ഓരോ മലയാളിയുടേയും മനസിൽ. അതോടൊപ്പം നമ്മെ വിട്ടു പിരിഞ്ഞ അതുല്യ പ്രതിഭകളെ ഇത്രയും വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ വീണ്ടും കാണാനായത് പ്രേക്ഷകർക്ക് മറ്റൊരു മാസ്മരിക അനുഭവം തന്നെയാണ് സമ്മാനിച്ചത്. മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, കറുത്ത കണ്ണടയ്ക്ക് പിന്നിൽ ഗൗരവവും സങ്കടവും ഒളിപ്പിച്ചു വച്ച ആടുതോമയെ വലിയ സ്ക്രീനിൽ കാണാനായതിന്റെ സന്തോഷവും ആവേശവും പറഞ്ഞറിയിക്കാനാകാത്തതാണ്. സ്ഫടികം ജോർജ്, ഉർവശി, ചിപ്പി, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, രൂപേഷ് പീതാംബരൻ, ആര്യ അനൂപ്, ഇന്ദ്രൻസ്, സണ്ണി തുടങ്ങിയവരെയൊക്കെ എത്ര പ്രശംസിച്ചാലും മതിയാകില്ല.




   ഏഴിമല പൂഞ്ചോലയും പതിനെട്ടാം പട്ട തെങ്ങും മലയാളികളുടെ ഹരമായിരുന്നു എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.അതിപ്പോൾ ലൂസിഫർ വന്നാലും എംപുരാൻ വന്നാലും തോമയുടെ തട്ട് താന്ന് തന്നെയിരിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട.ചിത്രത്തിന്റെ സൗണ്ട് എഫ്ക്ട് പ്രേക്ഷകരെ വേറൊരു ലെവലിലേക്കെത്തിച്ചു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പശ്ചാത്തലസംഗീതത്തിലും പാട്ടിലും ഡബ്ബിംഗിലും പുതിയ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത് ശരിക്കും പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നുമുണ്ട്. മറ്റൊന്ന് എടുത്തു പറയേണ്ടത് സ്ഫടികത്തിന്റെ പികച്ർ ക്വാളിറ്റിയാണ്. അത് ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിച്ചതിൽ അണിയറപ്രവർത്തകർ വിജയിച്ചുവെന്ന് നിസംശയം പറയാം. ചെറിയ കൂട്ടിച്ചേർക്കലുകളും സിനിമയ്ക്ക് മറ്റൊരു ഭംഗി സമ്മാനിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയെ വേണ്ട പോലെ ഉപയോഗിച്ചിട്ടുണ്ട് ഭദ്രനും കൂട്ടരും.

Find out more: