സ്വന്തം പേരിൽ കാപ്പി ചെടി!  അറബിക്ക ഇനത്തിൽപ്പെട്ട ഈ കാപ്പിച്ചെടി ഇന്ന് റോയിയിലൂടെ വയനാട്ടിലും പുറത്തും താരമായി കഴിഞ്ഞു. റോയീസ് സിലക്ടഷൻ കാപ്പിച്ചെടിയുടെ തൈകൾ തന്റെ ഹൈടെക് ഹൈബ്രിഡ് കാപ്പിനഴ്‌സറിയിൽ സജ്ജമാക്കുന്ന തിരക്കിലാണ് ഇപ്പോൾ റോയി. മറ്റ് കാപ്പികളെ പോലെയല്ല റോയീസ് സിലക്ഷൻ. അറബിക്ക ഇനത്തിൽപ്പെട്ട ഈ കാപ്പി തണലുള്ളിടത്ത് നന്നായി വളരും. കാപ്പിക്കുരുവിന് നല്ല വലുപ്പമുള്ളതിനാൽ തന്നെ ഉയർന്ന ഗ്രേഡും, മികച്ച വിലയും ലഭിക്കുമെന്നും കയറ്റുമതി സാധ്യത കൂടുതലാണെന്നും റോയി പറയുന്നു.സ്വന്തം പേരിൽ ഒരു കാപ്പിച്ചെടിയുള്ള കർഷകനുണ്ട് വയനാട്ടിൽ. വയനാട് പുൽപ്പള്ളി ആലത്തൂർ റോയി ആൻറണിയാണ് റോയീസ് സിലക്ഷൻ എന്ന പേരിൽ സ്വന്തമായി കാപ്പിച്ചെടി വികസിപ്പിച്ചെടുത്ത് വിജയഗാഥ രചിച്ചിരിക്കുന്നത്. മറ്റ് കാപ്പിച്ചെടികളെക്കാൾ നിരവധി പ്രത്യേകതകൾ വേറെയും റോയീസ് സിലക്ഷനുണ്ട്. കാപ്പികൃഷിയിൽ പേരുകേട്ട വയനാട്ടിൽ പ്രധാനമായും കൃഷി ചെയ്തുവന്നിരുന്നത് റോബസ്റ്റ കാപ്പിയായിരുന്നു. 



അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി കൃഷി ചെയ്യുന്നുണ്ടെങ്കിലും വളരെ കുറവായിരുന്നു. റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് പക്ക്വേരുകളാണുള്ളതെങ്കിൽ റോയ്സ് കാപ്പിക്കുള്ളത് തായ്വേരുകളാണ്. റോബസ്റ്റ കാപ്പിയിനങ്ങളുടെ വേരുകൾ പടർന്നുപന്തലിച്ചുകിടക്കുന്നതാണെങ്കിൽ റോയീസ് സിലക്ഷൻ കാപ്പിയുടെ വേര് മണ്ണിന് മുകളിൽ ഒരിക്കലും കാണാൻ സാധിക്കില്ല.റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിയിനങ്ങളെക്കാൾ ഏറ്റവും കുറഞ്ഞത് 20 ശതമാനമെങ്കിലും അധികവിലയും ഈയിനത്തിന് ലഭിക്കും.റബ്ബർത്തോട്ടങ്ങൾക്ക് താഴെയുള്ള മണ്ണിലെ തണലും തണുപ്പും റോയീസ് സിലക്ഷൻ കാപ്പിക്ക് കൂടുതൽ അനുയോജ്യമായി മാറുന്നു. റോബസ്റ്റ കാപ്പിക്ക് 30 ശതമാനം മാത്രം തണലാണ് ആവശ്യമുള്ളതെങ്കിൽ റോയ്സ് കാപ്പിക്ക് വേണ്ടത് 30 ശതമാനത്തിലും കൂടുതലാണ്. കാപ്പികൃഷിയുടെ കാര്യത്തിൽ തൻറെ ഓരോ നിരീക്ഷണങ്ങളും എപ്പോഴും ശരിയായിട്ടേയുള്ളുവെന്നും റോയി ഓർമ്മിക്കുന്നു. റോബസ്റ്റ കാപ്പികൃഷി ഒരിക്കലും റബ്ബർത്തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാൻ പറ്റാത്തതിന്റെ കാരണവും അതിന്റെ വേരുകളാണ്.  ബിരുദധാരിയായിട്ടും കാർഷികവൃത്തി ഉപജീവനമാർഗമാണെന്ന് തിരിച്ചറിഞ്ഞ റോയിയുടെ പിന്നീടുള്ള ജീവിതം വളർച്ചയുടേത് മാത്രമായിരുന്നു. കൃഷിയിടത്തിലെ മറ്റ് വിളകളെ ബാധിക്കാതെ എങ്ങനെ കാപ്പികൃഷി ചെയ്യാമെന്ന ചിന്തയായിരുന്നു റബ്ബറും കാപ്പിയും എന്ന ആശയത്തിൽ ഈ കർഷകനയെത്തിച്ചത്. 


ചോലമരങ്ങൾ നിറഞ്ഞ ഗൂഡല്ലൂരിലെ മണ്ണിൽ പ്രതാപത്തോടെ നിന്ന കാപ്പിച്ചെടിയെ റോയിയിലെ കർഷകൻ ശരിക്കും പഠിച്ചു. അങ്ങനെയാണ് ആലത്തൂരിലെ തൊടിയിൽ അദ്ദേഹത്തെ ആദ്യപരീക്ഷണത്തിന് പ്രേരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലെ തൻറെ എസ്റ്റേറ്റിൽ നിന്നുമാണ് അറബിക്ക ഇനത്തിൽപ്പെട്ട അപൂർവയിനം കാപ്പി റോയി കണ്ടെത്തുന്നത്. പിന്നീട് ഈ കാപ്പി സ്വന്തം കൃഷിയിടത്തിൽ നട്ടതോടെ റോയിയെന്ന കർഷകൻറെ ജീവിതം തന്നെ മാറിമറിഞ്ഞു. പിന്നീടാണ് റോയി കണ്ടെത്തിയ കാപ്പിയെ കർഷകർ 'റോയീസ് സിലക്ഷൻ കാപ്പി' എന്ന് വിളിച്ചുതുടങ്ങിയത്.   



റബ്ബർത്തോട്ടത്തിൽ കാപ്പിത്തൈ നടുന്നതറിഞ്ഞ കുടിയേറ്റമേഖലയിലെ ചില കർഷകർ റോയിയെ കണക്കറ്റ് പരിഹസിച്ചു. എന്നാൽ അപ്പോഴും റോയി മറുത്തൊന്നും പറയാൻ പോയില്ല. പതിയെ കാപ്പിത്തൈകളോരോന്നായി വളർന്നു. റബ്ബറിൽ നിന്നും ലഭിക്കുന്ന വിളവിനെ അൽപ്പം പോലും ബാധിക്കാതെ അത് കായിട്ടപ്പോൾ തന്നിലെ കർഷകൻ വിജയിച്ചതായി റോയി തിരിച്ചറിയുകയായിരുന്നു. റബ്ബർ ടാപ്പ് ചെയ്യുന്നതിനും മറ്റു യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളർന്നുനിൽക്കുന്ന കാപ്പിച്ചെടികൾക്കിടയിലൂടെ അയാൾ പതിയെ ജീവിതവിജയത്തിലേക്ക് നടന്നുകയറി. കളിയാക്കിയവരും പരിഹസിച്ചവരും ഒടുവിൽ ആലത്തൂരിലെ വീട്ടിൽ കാപ്പിത്തൈകൾക്കായെത്തുന്നതും റോയിക്ക് കാലം കാട്ടിക്കൊടുത്തു. 



റബ്ബറിൻറെ വിലയിടിവ് മൂലം കർഷർ നട്ടം തിരിഞ്ഞ കാലത്ത് പ്രതീക്ഷകളൊന്നുമില്ലാതെ ഗൂഡല്ലൂരിലെ മണ്ണിൽ നിന്നും ലഭിച്ച കാപ്പിത്തൈകൾ അദ്ദേഹം നട്ടുവളർത്തി. റോയീസ് കാപ്പി ഇടവിളയായി കൃഷി ചെയ്യുന്ന രീതിയും അസാധാരണമാണ്. റബ്ബറിൽ നിന്നും അഞ്ചടി വ്യത്യാസത്തിൽ നാലര അടി അകലത്തിലാണ് റോയീസ് കാപ്പി നടുന്നത്. ഒരേക്കറിൽ 1800 കാപ്പിത്തൈകൾ നട്ടുവളർത്താനാവും. 18 മാസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഈ കാപ്പി, മൂന്ന് വർഷമാവുമ്പോഴേക്കും പൂർണവളർച്ചയെത്തും. അര നൂറ്റാണ്ടോളം ആയുസുമുണ്ട്. റബ്ബർ വെട്ടിമാറ്റുന്ന സമയത്ത് ചെടികൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പോലും അത് വെട്ടിക്കളഞ്ഞാൽ വീണ്ടും പുതിയ തളിർപ്പുകൾ കൊണ്ട് സമ്പന്നമാകും ഈയിനം. ചെടികളുടെ എണ്ണത്തിന് ആനുപാതികമായി വിളവും വിലയും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Find out more: