നടൻ റഹ്മാൻ ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ ബോളീവുഡിലേക്ക്! പുതു വർഷവും തുടർന്നുള്ള കാലവും റഹ്‌മാനെ സംബന്ധിച്ചിടത്തോളം ശുഭോദർക്കം. രണ്ടു ഭാഗങ്ങളുള്ള , മണിരത്‌നത്തിന്റെ ഡ്രീം പ്രോജാക്റ്റ് ' പൊന്നിയിൻ സെൽവൻ ' പൂർത്തിയാക്കിയ റഹ്‌മാൻ ഒരു ബ്രഹ്‌മാണ്ഡ ഹിന്ദി സിനമയിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കയാണ് പുതു വർഷത്തിൽ. മൂന്ന് ദേശീയ അവാർഡുകളും മറ്റ് ഒട്ടനവധി അവാർഡുകളും നേടിയിട്ടുള്ള ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ വികാസ് ബാലിന്റെ രണ്ടു ഭാഗങ്ങളുള്ള ' ഗണപത് ' എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെയാണ് ഹിന്ദിയിലേക്കുള്ള ചുവട് വെയ്പ്പ്. ക്യൂൻ, സൂപ്പർ 30, ചില്ലാർ പാർട്ടി തുടങ്ങി ഒട്ടേറേ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് വികാസ്.
ടൈഗർ ഷറഫ്, റഹ്‌മാൻ, കൃതി സനോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ' ഗണപത് ' ഏറെ വ്യത്യസ്തതയാർന്ന ഫ്യൂച്ചറിസ്റ്റിക് സിനിമയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ലണ്ടനിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് റഹ്‌മാൻ. ഹിന്ദി സിനിമയിലെ ചുവടു വെയ്പ്പിനെ കുറിച്ചും ആദ്യാനുഭവങ്ങളെ കുറിച്ചും ആരായവെ റഹ്‌മാൻ വാചാലനായി. ' മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്‌ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഷൂട്ടിങ്ങിനായി ലണ്ടനിൽ എത്തിയത്. അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്നു മാസം മുൻപ് തന്നെ ഡയറക്ടറും സംഘവും ചാർട്ടിങ്ങും പൂർത്തിയാക്കിയിരുന്നു. പൊതുവെ തെന്നിന്ത്യൻ ആർട്ടിസ്റ്റ്കളോടും മറ്റും ബോളിവുഡ്കാർക്ക് അവഗണനയാണെന്നായിരുന്നു കേട്ടറിവ് .
എന്നാൽ ആ കേട്ടറിവുകൾക്ക് വിരുദ്ധമായിരുന്നു എന്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ് , ചിട്ട, കൃത്യ നിഷ്ഠ, ഡിസിപ്ലിൻ , എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പ ചെറുപ്പമില്ലാതെ, തൊഴിലാളി - ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്ലിയായ അവിടുത്തെ പെരുമാറ്റം. ഇതൊക്കെ എന്നെ ആകർഷിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ് മാൻമാരും സൗഹൃദത്തോടെ പെരുമാറുന്ന ആ കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു . ടൈഗർ ഷറഫിന്റെ എളിമയും സ്‌നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽ തന്നെ നമുക്കും ഇതു പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയും നല്ല സ്‌നേഹത്തിന്റെയും പെരുമാറ്റത്തിന്റെയും ഉടമയാണ് അദ്ദേഹം. അതു പോലെ കൃത്യനിഷ്ഠ പാലിക്കുന്നതിലും മുമ്പനാണ്. കൃതിയുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീർഘ കാല പരിചയക്കാരെ പോലെയുള്ള പെരുമാറ്റവും സ്‌നേഹവുമായിരുന്നു അവരുടെതും. അവർ ഓരോ സീനും ചെയ്യുന്നതിനും മുമ്പായി ' നമുക്ക് അങ്ങനെ ചെയ്യാമോ ഇങ്ങനെ ചെയ്യാമോ ' എന്ന് സീൻ കൊഴുപ്പിക്കാൻ അഭിപ്രായം ആരായും. അത്രയും ഡെടിക്കേറ്റഡാണ് കൃതി.
തങ്ങളുടെ പ്രശസ്തിയുടെ ജാടയൊന്നും ആർക്കുമില്ല. ' ബ്ലാക്ക് ' മുതലായ സിനിമകളുടെ നിർമ്മാതാവും ഒട്ടേറേ ഹിറ്റ് സിനിമകളുടെ രചയിതാവും സംവിധായകനും, ബോളിവുഡ് സിനിമയിലെ പ്രശസ്തനുമാണെങ്കിലും സ്‌നേഹത്തോടെ പെരുമാറുന്ന ജാടയില്ലാത്ത ആളാണ് വികാസ് ബാൽ . ആരെയും നോവിപ്പിക്കാത്ത നമ്മളിൽ ഒരാൾ എന്ന പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും സമീപനവും. ഒരിക്കൽ വികാസുമായി ഇട പഴകിയാൽ ആർക്കും അദ്ദേഹത്തെ പിരിയാൻ മനസ്സു വരില്ല. അതു പോലെ ബോളിവുഡിൽ തുടക്കക്കാരനായ എന്നോടുള്ള പ്രൊഡ്യൂസർമാരുടെ സഹകരണവും ട്രീറ്റ്‌മെന്റും എക്‌സലസെലന്റ് .... ഇങ്ങനെ ഒരു പാട് മധുരതരമായ അനുഭവങ്ങളാണ് ' ഗണപതി 'ന്റെ സെറ്റിൽ നിന്നും എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്.'റഹ്‌മാൻ തന്റെ ബോളിവുഡ് അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് പറഞ്ഞു. പൂജാ എന്റർടൈൻമെന്റ്‌സാണ് ' ഗണപതി 'ന്റെ നിർമ്മാതാക്കൾ. ചിത്രത്തെ കുറിച്ച് വിശദാംശങ്ങളൊന്നും അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.ലണ്ടനിലും ഇന്ത്യയിലുമായി അടുത്ത വർഷം മാർച്ച് മാസത്തോടു കൂടി ഈ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാവും. തുടർന്നും റഹ്‌മാന് ഹിന്ദിയിൽ നിന്നും വൻ ഓഫറുകൾ ലഭിച്ചു കൊണ്ടിരിക്കുന്നതായാണ് റഹ്‌മാനുമായി അടുത്ത വൃത്തങ്ങൾ സൂിപ്പിക്കുന്നത്. ഇനി റഹ്‌മാന് തിരക്കിന്റെ കാലം. മകളുടെ വിവാഹം പ്രമാണിച്ച് ഒരാഴ്ചത്തെ ഇടവേളയിൽ ലണ്ടനിൽ നിന്നും ചെന്നൈയിൽ എത്തിയതായിരുന്നു താരം. 2022 പുതു വർഷത്തിൽ കൂടുതൽ മലയാള സിനിമകളിൽ റഹ്‌മാൻ നായകനായി എത്തുമെന്നാണ് സൂചന.
Find out more: