27 വയസ്സിന് ഇടയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം: വിമർശിക്കുന്നവരോട് അപർണ ബാലമുരളിക്കു പറയാനുള്ളത്! മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, അഭിപ്രായങ്ങൾ വ്യക്തമായും സ്പഷ്ടമായും പറയുന്നു എന്നതിനാലും പലപ്പോഴംു അപർണ വാർത്താ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിൽ അപർണ വാർത്താ ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഒരു വേദി പങ്കിട്ടതിനാൽ ആയിരുന്നു. അതിന്റെ പേരിൽ അപർണയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തും മറ്റും പലരും രംഗത്ത് എത്തി. അതിന് വ്യക്തമായി മറുപടി നൽകി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ നടി.2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് വിമർശനങ്ങൾക്ക് അപർണ മറുപടി നൽകിയത്. അങ്ങിനെ ഒരു ചടങ്ങിൽ പങ്കെടുത്തതിൽ തെല്ലും കുറ്റബോധം ഇല്ല എന്ന് അപർണ വ്യക്തമാക്കി. ഞാൻ ആ പരിപാടിയിൽ പങ്കെടുത്തതിൽ പലരും വിമർശനങ്ങളുമായി വരുന്നുണ്ട് എന്നും പരിഹസിക്കുന്നുണ്ട് എന്നും മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ അറിയുന്നത് തന്നെ. എന്നെ സംബന്ധിച്ച് എല്ലാവർക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്. 





ഇന്ത്യൻ പ്രധാന മന്ത്രിക്കൊപ്പം ഒരു സ്‌റ്റേജ് പങ്കിടുക എന്നാൽ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഇനിയൊരിക്കൽ അത് പോലെ ഒരു അവസരം ലഭിക്കും എന്നും വിശ്വസിയ്ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ഒരു ക്ഷണം സ്വീകരിച്ചത്. അതിൽ എനിക്ക് രാഷ്ട്രീം നോക്കേണ്ടതില്ല. ഞാൻ എന്തിനാണ് ആ പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഞാൻ ഒരു സ്‌റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്‌നേഹിക്കുന്നവർക്കും എന്റെ വീട്ടുകാർക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആരാണ്, ഏത് രാഷ്ട്രീയമാണ് എന്നതല്ല, പദവിയ്ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമർശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈം മിനിസ്റ്റർ. ആ പദവിയ്ക്ക് ഒരു ബഹുമാനം ഉണ്ട്. പത്ത് വർഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയാലും ആ പരിപാടി എനിക്ക് അഭിമാനം ആണ്.




ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടെ പറയണം, മാസങ്ങൾക്ക് മുൻപ് ഒരു പരിപാടിയിൽ ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനൊപ്പവും വേദി പങ്കിട്ടിട്ടുണ്ട്. അതും എന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ്. എന്തൊക്കെ വിവാദങ്ങൾ പിന്നാമ്പുറത്ത് ഉണ്ടെങ്കിലും നമ്മുടെ നാടിനെ നയിക്കുന്നവരാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ. അതിന്റെ പേരിൽ എന്നെ വിമർശിച്ചാൽ ഒരു തരി പോലും എനിക്ക് കുറ്റ ബോധം ഉണ്ടാവില്ല. എന്റെ ഈ 27 വയസ്സിന് ഇടയിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി രണ്ട് അവസരങ്ങളെയും ഞാൻ കാണുന്നു. ഞാൻ സ്ഥാനാർത്ഥിയായി മത്സരിക്കും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കുറേ വാർത്തകൾ വന്നത്. ലൈഫിൽ രാഷ്ട്രീയത്തിലേക്ക് പോകുന്ന കാര്യം ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല. 





വളരെ ലീഡിങ് ആയിട്ടുള്ള ഒരു ചാനലിൽ ഇത് സംബന്ധിച്ച് വന്ന വ്യാജ വാർത്ത കണ്ട് എനിക്ക് ആ ചാനലിനോടുള്ള ബഹുമാനം തന്നെ പോയിപ്പോയി. കമന്റ് കണ്ട് വിഷമിയ്ക്കുന്ന ശീലം ഒന്നും എനിക്കില്ല. ഞാനത് ശ്രദ്ധിക്കാറില്ല. പക്ഷെ അച്ഛനും അമ്മയും ഇടയ്ക്ക് എടുത്ത് വച്ച് വായിക്കുന്നുണ്ടാവും. അവരോട് ഞാൻ പറയും വേണ്ട എന്ന്.ഈ കമന്റ് ചെയ്യുന്നവരടക്കം പലരും ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചാൽ പോലും ഓടിപ്പോയി ചെന്ന് എടുക്കുന്നവരായിരിയ്ക്കും. വിമർശിക്കാനും, കുറ്റം പറയാനും എളുപ്പമാണ്. അത് പോലെ ഒരു ഭാഗ്യം ലഭിയ്ക്കുമ്പോഴാണ് അത് തിരിച്ചറിയുന്നത്. എന്നെ സംബന്ധിച്ച് അഭിമാനം നിമിഷം തന്നെയാണ് അത്  എന്നാണ് അപർണ പറയുന്നത്.

Find out more: