ജലകരാർ മരവിപ്പിക്കൽ; പാകിസ്താന്റെ 80% കാർഷിക ജല ആവശ്യവും ഇന്ത്യയെ ആശ്രയിച്ച്! ഇന്ത്യയുടെ നീക്കം യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനകം തന്നെ പല ഇന്ത്യൻ ദേശീയമാധ്യമങ്ങളും സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിൻമാറ്റത്തെ 'ജലയുദ്ധത്തിന്റെ തുടക്ക'മെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇതൊരു യുദ്ധനടപടിയാകുന്നത്? പാകിസ്താന്റെ കാർഷികവ്യവസ്ഥയ്ക്ക് ആവശ്യമായ ജലത്തിന്റെ 80 ശതമാനവും സിന്ധു നദീ ശൃംഖലയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ നദീശൃംഖല പാകിസ്താന്റെ ഭൂപ്രദേശത്താകെ പടർന്നു കിടക്കുന്നതുമാണ്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നിലപാട് പാകിസ്താനെ വിറപ്പിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്.അത്രയേറെ പ്രധാനമാണ് പാകിസ്താനെ സംബന്ധിച്ചിടത്തോളം സിന്ധു നദീജല കരാർ. ഇക്കാരണത്താൽ തന്നെ മറ്റ് വിഷയങ്ങളെപ്പോലെ ഇഴഞ്ഞു നീങ്ങാൻ പാകിസ്താന് സാധിക്കില്ല.





 അതിർത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചുള്ള പ്രശ്നങ്ങൾ വരുമ്പോൾ പാകിസ്താൻ പ്രകടിപ്പിക്കാറുള്ള ഇഴച്ചിലും നിസ്സംഗതയും ഈ വിഷയത്തിലുണ്ടാകില്ലെന്ന് ചുരുക്കം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിത്. നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിൻമാറ്റം പാകിസ്താനെ എങ്ങനെ ബാധിക്കുമെന്ന് പാക് മാധ്യമമായ ഡോൺ പറയുന്നത് ഇങ്ങനെയാണ്: "നാളെ വെള്ളം നിലയ്ക്കുമെന്നതല്ല പ്രശ്നം, മറിച്ച് ആ കരാറിനെ അടിത്തറയാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങൾക്ക് ഒരിക്കലും ഇത്തരം അനിശ്ചിതത്വങ്ങൾ താങ്ങാൻ കഴിയില്ല എന്നതാണ്. സിന്ധു, ഝലം, ചെനാബ് എന്നിവയുടെ ഒഴുക്കാണ് നമ്മുടെ കൃഷിയുടെയും നഗരങ്ങളുടെയും ഊർജ്ജ സംവിധാനത്തിന്റെയും നട്ടെല്ല്. ഈ നിമിഷം, ഈ ജലത്തിന് പകരമായി മറ്റൊന്നില്ല." നിലവിൽ സിന്ധു നദീജല കരാറിനെ അടിസ്ഥാനമാക്കിയുള്ള ജലം പങ്കിടലിൽ റാവി, ബിയസ്, സത്‌ലജ് എന്നീ നദികളിലെ വെള്ളം ഇന്ത്യക്കും, സിന്ധു, ഝലം, ഛെനാബ് നദികളിലെ വെള്ളം പാകിസ്താനും എന്ന നിലയിലാണ് കരാർ.





ഇങ്ങനെ ലഭിക്കുന്ന ജലം പാകിസ്താന്റെ ആകെ കാർഷിക ജല ഉപഭോഗത്തിന്റെ 80% വരും. ഈ കരാർ ലംഘിക്കാൻ ഇന്ത്യ തീരുമാനിച്ചാലും മഞ്ഞുരുകുന്ന കാലത്തും മഴക്കാലത്തുമൊന്നും ജലം തടയുന്നതും നിയന്ത്രിക്കുന്നതും മറ്റും നിലവിലെ സംവിധാനങ്ങളുപയോഗിച്ച് പ്രായോഗികമല്ല. വെള്ളപ്പൊക്കമായിരിക്കും ഫലം. എന്നാൽ ജലം കുറയുന്ന വേനലുകളിൽ ഇന്ത്യക്ക് ജലം വിട്ടുകൊടുക്കുന്നതിന്റെ സമയക്രമത്തിലും അളവിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പാകിസ്താൻ മേഖലകളെ പ്രതിസന്ധിയിലാക്കാൻ കഴിയും.





ഇതാണ് പാകിസ്താൻ ഏറെ ഭയക്കുന്നതും. കാർഷിക മേഖലകളെ മാത്രമല്ല, കുടിവെള്ളത്തിനായി നദീജലത്തെ ആശ്രയിക്കുന്ന നഗര മേഖലകളെയും ഇത് ബാധിക്കും. ഈ സമയങ്ങളിലാണ് സിന്ധു നദീജല കരാർ പാകിസ്താന് ഏറ്റവും ഉപയോഗപ്പെടാറ് എന്ന് ചുരുക്കം. തിബറ്റിൽ ഉൽഭവിച്ച് ഇന്ത്യൻ ഭരണമേഖലയായ ലഡാക്കിലൂടെ പാകിസ്താനിലേക്ക് പ്രവേശിക്കുന്ന നദിയാണ് സിന്ധു. ഝലം നദിയുടെ ഉത്ഭവവും ഇന്ത്യയിലാണ്. ജമ്മു കാശ്മീരിലെ പിർ പാഞ്ചലിൽ നിന്നാണ് ഉത്ഭവം. ചെനാബ് നദിയുടെ ഉൽഭവവും ഇന്ത്യയിലെ ഹിമാചൽ പ്രദേശിലാണ്. ഈ നദികളിലൂടെയെല്ലാം ലഭിക്കുന്ന ജലമാണ് പാകിസ്താന്റെ ജീവനാഡി. സത്‌ലജ് നദി തിബറ്റിൽ നിന്ന് ഉത്ഭവിക്കുകയും ഇന്ത്യൻ പ്രദേശത്തിലൂടെ പാകിസ്താനിൽ പ്രവേശിക്കുകയും ചെയ്യുന്നു. 




കൂട്ടത്തിൽ മൺസൂണിൽ നിന്ന് ഏറ്റവും കൂടുതൽ ജലം സ്വീകരിക്കുന്ന നദികൂടിയാണ് സത്‌ലജ്. ഇൻഡസ് വാട്ടർ സിസ്റ്റമാകെയും മഴയിൽ നിന്ന് സ്വീകരിക്കുന്ന ജലം 20-25 ശതമാനമാണ്. ഇൻഡസ് വാട്ടർ സിസ്റ്റം എന്നറിയപ്പെടുന്ന സിന്ധുനദീജല ശൃംഖലയുടെ വലിയ ശതമാനവും ഹിമാലയൻ മഞ്ഞുരുക്കത്തിലൂടെ ലഭിക്കുന്നവയാണ്. തിബറ്റിൽ നിന്നും, ഇന്ത്യയിലെ ലഡാക്ക്, ഹിമാചൽ, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ നദികളിലേക്കുള്ള ജലത്തിന്റെ 60 ശതമാനവും വരുന്നത്. റാവി നദി ഉത്ഭവിക്കുന്നത് ഹിമാചൽ പ്രദേശിൽ നിന്നാണ്. ബിയസ് നദിയുടെ ഉത്ഭവവും ഹിമാചൽ നിന്നു തന്നെ.

Find out more: