ഒറ്റക്കാഴ്ചയിൽ തന്നെ പ്രേക്ഷകന്റെ ഹൃദയം കൊളുത്തി വലിക്കാൻ പോന്നവൻ; അനന്തഭദ്രത്തിന്റെ കഥ ഇന്നും മലയാളികളിൽ പ്രിയം! മണിയൻപിള്ള രാജുവാണ് മനോജ് കെ ജയന് ധൈര്യം നൽകിയത്. 'നിങ്ങളെക്കൊണ്ടേ ഇത് പറ്റുവെന്ന്' മണിയൻപിള്ള തീർത്ത് പറഞ്ഞു. അതാണ് തനിക്ക് ഊർജമായതെന്ന് മനോജ് കെ ജയന് ഇന്നും ഓർക്കുന്നു. വെറുതെ ഒരു വാക്ക് മാത്രമല്ല, ദിഗംബരൻ അഭിനയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുന്നതിന് സാക്ഷിയായി മറുവശത്ത് ചിത്രത്തിൽ പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിൽ മണിയൻപിള്ള രാജു അഭിനയിക്കുകയും ചെയ്തു. സുനിൽ പരമേശ്വരനും, മണിയൻപിള്ള രാജുവും ഒന്നിച്ചെത്തിയാണ് കഥ പറയുന്നത്. ഫുൾ സ്ക്രിപ്റ്റ് വായിച്ചു കേട്ട മനോജ് കെ ജയൻ ഞെട്ടി. തന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്നായിരുന്നു മനോജ് കെ ജയന്റെ ആദ്യ മറുപടി.
ഉടയോൻ എന്ന ചിത്രത്തിന്റെ ഷൂട്ട് പൊള്ളാച്ചിയിൽ നടക്കുമ്പോഴാണ് വരിക്കാശ്ശേരി മനയിൽ അനന്തഭദ്രത്തിന്റെ തറയൊരുക്കി സന്തോഷ് ശിവൻ മനോജ് കെ ജയനെ കാത്തിരുന്നത്. രാവിലത്തെ ഷെഡ്യൂളിൽ ഉടയോനിലെ പൊട്ടൻ പത്രോയുടെ കഥാപാത്രം കെട്ടിയാടിയ മനോജ് കെ ജയൻ പത്രോയെ അഴിച്ചുവെച്ച് വണ്ടി വരിക്കാശ്ശേരിക്ക് വിട്ടു. ഇരുട്ടും നിഴലും മന്ത്രങ്ങളും ചായങ്ങളും നിറച്ച തറവാട്ടിലേക്ക് ദിഗംബരൻ മിഴിതുറന്നു. തിരനുരയും എന്ന ഗാനമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. ദിഗംബരൻ പ്രേക്ഷക ഹൃദയത്തിലേക്ക് ചുരുൾമുടി കെട്ടഴിഞ്ഞു വീഴുംപോലെ പതിക്കുകയായിരുന്നു. സങ്കീർണ്ണമായ മനസികാവസ്ഥകളിലൂടെ, ക്രൂരമായ മോഹങ്ങളിലൂടെ, തന്റേത് മാത്രമായ ശരികളിലൂടെ, മന്ത്രോച്ചാരണങ്ങളുടെയും അളന്നുകുറിച്ച സംഭാഷണങ്ങളിലൂടെയും ദിഗംബരൻ നടന്നു നീങ്ങി. പ്രണയത്തിന്റെയും പകയുടെയും തിരയിളക്കം.
നെഗറ്റീവ് കഥാപാത്രമായിരുന്നിട്ടും ദിഗംബരൻ ജനഹൃദയങ്ങൾ കീഴടക്കി. അപൂർവ്വമായി മാത്രം സിനിമകളിൽ സംഭവിക്കുന്ന ഒന്ന്. ഇനിയൊരിക്കലും ഒരു ദിഗംബരൻ ഉണ്ടാകില്ല, മനോജ് കെ ജയൻ തന്നെ പറയുന്നത് ഇനി തനിക്ക് ദിഗംബരൻ എന്ന കഥാപാത്രത്തെ അഭിനയിക്കാനുള്ള ആത്മവിശ്വാസമില്ലെന്നാണ്. നടന്റെ വാക്കുകൾ കടമെടുത്താൽ അതൊരിക്കലാണ് സംഭവിക്കുന്നതെന്നാണ്. അതൊരെണ്ണം പോരെ. ശെരിയാണ് അങ്ങനെ ഒരൊറ്റ കഥാപാത്രമേ മലയാളിക്ക് ഇക്കാലത്തിനിടയിൽ ഓർമ്മയിലുള്ളു. തെക്കിനിയിൽ തളച്ചിട്ട ഗംഗയെപ്പോലെ, ശിവപുരത്തെ ഏതോ ക്ഷയിച്ച തറവാട്ടിലെ ഇരുൾമുറിയിൽ ദുർമന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ ദിഗംബരൻ നിത്യശാന്തിയിൽ അലിയട്ടെ.
കഥകളിയുടെയും, തെയ്യത്തിന്റെയും , കളരിപ്പയറ്റിന്റെയും ചായം മുക്കി സന്തോഷ് ശിവൻ വരച്ചെടുത്ത മുഖത്തെഴുത്തും, അലങ്കാരങ്ങളും, വസ്ത്രങ്ങളും, ചലനങ്ങളും. ഒറ്റക്കാഴ്ചയിൽ തന്നെ പ്രേക്ഷകന്റെ ഹൃദയം കൊളുത്തി വലിക്കാൻ പോന്ന ദിഗംബരൻ. അനാഥമായിപ്പോകുന്ന സ്വപ്നങ്ങളുടെ നിലവിളിയുമായി ശിവക്കാവിനുള്ളിലൂടെ അയാൾ നാഗമാണിക്യം തേടി അലഞ്ഞു. നിർത്താതെ വീശുന്ന കാറ്റിൽ അയാളിപ്പോഴും ബാക്കിയാണെന്ന് വിശ്വസിപ്പിച്ച് ചിത്രം അവസാനിക്കുമ്പോൾ ദിഗംബരന്റെ ചരിത്രം മറ്റൊരു സിനിമയായിരുന്നെങ്കിലെന്ന് പ്രേക്ഷകന് തോന്നിയാൽ കുറ്റം പറയാനാകില്ല. മീറ്ററുകളോളം നീളമുള്ള തുണിയുമായി നടുമുറ്റത്ത് ഓടിയതും, തെയ്യത്തിന്റെ കണ്ണുകളും, കഥകളിയുടെ നഖങ്ങളും, കളരിയുടെ ചുവടുകളും ഉടയാടകളും കടം കൊണ്ട ദിഗംബര വേഷം മനോജ് കെ ജയൻ ചെയ്തതും മറ്റൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ്. കഥാപാത്രം ആവശ്യപ്പെട്ട എക്സെൻട്രിക്, സൈക്കിക് ബിഹേവിയർ കടുകിട തെറ്റാതെ മനോജ് കെ ജയൻ നിറഞ്ഞാടി.
Find out more: