ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസേ ഹോ! മകന്റെ അച്ഛൻ എന്ന സിനിമയിൽ വിനീതിന്റേയും ആപ് കൈസേ ഹോയിൽ ധ്യാനിന്റേയും അച്ഛനായി സിനിമയിലും വേഷമിട്ട് ശ്രീനിവാസൻ സിനിമയിലും പ്രത്യക്ഷപ്പെട്ടു. താരകുടുംബങ്ങളിൽ അധികം പേർക്കൊന്നും ലഭിച്ചിട്ടില്ലാത്തൊരു ഭാഗ്യമാണത്.വിനീത് ശ്രീനിവാസന്റേയും ധ്യാൻ ശ്രീനിവാസന്റേയും അച്ഛനാണ് ശ്രീനിവാസൻ. ഇഷ്ടപ്പെടാത്തൊരു ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നൊരു പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ക്രിസ്റ്റി നടത്തുന്ന ശ്രമം ഒടുവിലയാൾക്കും കൂട്ടുകാർക്കും കുരുക്കായി മാറുകയാണ്. അവർക്കതിൽ നിന്നും രക്ഷപ്പെട്ടു പുറത്തേക്കു വരാൻ ചെറിയ സമയം മാത്രം മതിയാകുമായിരുന്നില്ല. ഒന്നേമുക്കാൽ മണിക്കൂർ മാത്രമാണ് ആപ് കൈസേ ഹോയുടെ ദൈർഘ്യം. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്ത സിനിമയാണെങ്കിലും ധ്യാൻ ശ്രീനിവാസന്റെ രചനയാണെന്നതിനാൽ പ്രേക്ഷകർ പ്രതീക്ഷ വെക്കാൻ സാധ്യതയുണ്ട്.





എന്നാൽ അച്ഛന്റേയോ ജ്യേഷ്ഠന്റേയോ തിരക്കഥാ രചനയുടെ കൗശലങ്ങളിലേക്കൊന്നും ധ്യാൻ പോകുന്നേയില്ല. കാര്യങ്ങളെല്ലാം നേരെ പറഞ്ഞു പോവുകയാണ്. ട്വിസ്റ്റുകളോ അപ്രതീക്ഷിത സംഭവങ്ങളോ അറിയാതെ പോലും കടന്നുവരാതിരിക്കാൻ 'പ്രത്യേകം' ശ്രദ്ധിച്ചിട്ടുണ്ട്. സിനിമ എടുത്തുപറയത്തക്ക സവിശേഷതകളൊന്നും ആവശ്യപ്പെടാത്തതിനാൽ ക്യാമറയിലോ എഡിറ്റിംഗിലോ സംവിധാനത്തിലോ വ്യത്യസ്തതയും വന്നിട്ടില്ല. പോക്‌സോ കേസിനേയും അതിനുള്ള വകുപ്പുകളേയും കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നതിനാൽ ഇരകൾക്കും പ്രതികൾക്കും മാത്രമല്ല പൊലീസുകാർക്കും നിയമത്തിന്റെ ശക്തമായ ഇടപെടലുകൾ ഈ സിനിമ പറഞ്ഞുവെക്കുന്നുണ്ട്.






വിനയ് ജോസ് സംവിധാനം നിർവഹിച്ച ആപ് കൈസേ ഹോ ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നായികയ്ക്ക് പറയത്തക്ക സ്‌ക്രീൻ സ്‌പേസ് ആവശ്യപ്പെടാത്ത കഥയിൽ തൻവി റാം, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരെല്ലാം ചെറിയ ഭാഗത്ത് വന്നുപോവുകയാണ്. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസനെ സ്‌ക്രീനിൽ കാണാനാവുന്നതും ശ്രീനിവാസൻ- ധ്യാൻ ശ്രീനിവാസൻ നേർക്കുനേർ വരുന്ന സീനുകളും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.
 പൊലീസുകാരായ കെ സിയും എസ് പിയുമായി അജു വർഗ്ഗീസും രമേശ് പിഷാരടിയും 'സ്വാമി ശരണം' എ എസ് ഐയായി സുധീഷും വരുന്ന സിനിമയുടെ രണ്ടാം ഭാഗം 'വടകൊച്ചി ജനമൈത്രി പൊലീസ് സ്റ്റേഷന്' അകത്തു തന്നെയാണ് ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്.





ബാച്ചിലർ ഫ്‌ളാറ്റിലെ കോലാഹലങ്ങളിലൂടെ മുക്കാൽ മണിക്കൂറോളം സഞ്ചരിച്ചാണ് സിനിമ കഥയിലേക്കെത്തുന്നത്. സിനിമയുടെ ആദ്യത്തെ യാത്രകൾ കാണുന്നവർക്ക് ഇതെങ്ങോട്ടേക്കാണ് പോകുന്നത് എന്ന് യാതൊരു തരത്തിലും മനസ്സിലാക്കാനാവില്ല. അഭിമുഖങ്ങളിൽ ധ്യാൻ പറയുന്നതു പോലുള്ള ഫ്‌ളാറ്റും സൗഹൃദങ്ങളും മദ്യപാനവുമൊക്കെയായ 'ന്യൂജെൻ' രംഗങ്ങൾക്കൊടുവിലാണ് 'ആപ് കൈസേ ഹോ' ഭാഷക്കാരി കടന്നുവരുന്നത്. ബംഗാളി പെൺകുട്ടിയാണെങ്കിലും ഹിന്ദിയിലുള്ള സംഭാഷണങ്ങളിൽ ക്രിസ്റ്റിക്ക് ശരിക്കുമൊരു 'ആപ്' സൃഷ്ടിക്കപ്പെടുകയാണ് പിന്നീട്.
 


Find out more: