പെൺജീവിതവും തുറമുഖങ്ങളും നേർക്ക് നേരായി! പുരുഷന്റെ ഏത് വീരേതിഹാസം പറയുമ്പോഴും പക്ഷേ, പെണ്ണിന്റെ ദുരിതം കലർന്ന ത്യാഗജീവിതം പലപ്പോഴും പറയാറില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ വീരേതിഹാസത്തിന് പിന്നിലെ പെൺ ദുരിതത്തിന്റേയും ത്യാഗത്തിന്റേയും കഥയാണ് തുറമുഖം എടുത്തുകാട്ടുന്നത്- ഒറ്റക്കാഴ്ചയിൽ അതല്ല സിനിമയെന്ന് തോന്നുമെങ്കിലും. തീർച്ചയായും തുറമുഖം നിവിൻ പോളിയുടെ മട്ടാഞ്ചേരി മൊയ്തുവിന്റെ സിനിമയല്ല. ഉമ്മയായി വേഷമിട്ട പൂർണിമ ഇന്ദ്രജിത്തിന്റേയും ഖദീജയായ ദർശന രാജേന്ദ്രന്റേയും ഉമാനിയായ നിമിഷ സജയന്റേയും ചിത്രമാണത്. അതോടൊപ്പം തലയുയർത്തി നിൽക്കുന്നത് അർജുൻ അശോകന്റെ ഹംസയും. കടൽ പോലെ ദുഃഖത്തിന്റേയും ദുരിതത്തിന്റേയും ആഴങ്ങളാണ് പെൺമനസ്സും ജീവിതവും. തുറമുഖത്തടുക്കുന്ന കപ്പലിൽ നിന്നും ചരക്കിറക്കാൻ പണിയെടുക്കാനുള്ള ആളുകൾക്ക് കിട്ടുന്ന ടിക്കറ്റാണ് ചാപ്പ. മൂപ്പൻമാർ എറിഞ്ഞു കൊടുക്കുന്ന ചാപ്പ നായ്ക്കളെ പോലെ അടിപിടികൂടി വേണം തൊഴിലാളികൾക്ക് സ്വന്തമാക്കാൻ.





  അതിനിടയിൽ മൂപ്പന്മാരുടെ കങ്കാണിമാരുടെ ചാട്ടയടിയും വടിയടിയും കൊള്ളുകയും വേണം. എന്നാലും പണി കഴിഞ്ഞ് വൈകിട്ട് മടങ്ങുമ്പോൾ തീറ്റക്കാശും കള്ള് കാശും തോണിക്കാശും പറ്റ് കാശും കഴിഞ്ഞ് കിട്ടുക തുച്ഛമായ തുകയായിരിക്കും. അതിനുവേണ്ടിയാണ് ഈ തൊഴിലാളികളെല്ലാം നേരം പുലരുന്നതിനും എത്രയോ മുമ്പേ ചൂട്ടയും കത്തിച്ച് കുടിലുകളിൽ നിന്നും ഇറങ്ങി മൂപ്പന്റെ മുമ്പിലെത്തുന്നത്. എല്ലാ ദിവസവും എല്ലാവർക്കും ജോലിയും കിട്ടില്ല. മൂപ്പന്മാരുടെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തുന്നവരാരും പിറ്റേന്ന് സൂര്യോദയം കാണാറില്ല. മൈമൂദിനും സംഭവിച്ചത് അതുതന്നെയായിരുന്നു.മട്ടാഞ്ചേരി തുറമുഖത്ത് 1940കളിലും 1950കളിലും നിലനിന്നിരുന്ന ചാപ്പയേറും അത് കിട്ടാനും അതിലൂടെ പണിയെടുക്കാനുമായി തൊഴിലാളികൾ നടത്തിയ കടുത്ത പോരാട്ടത്തിന്റേയും നാളുകളാണ് 'തുറമുഖം' പറയുന്നത്.





   എല്ലാവർക്കും ജോലി സുരക്ഷിതത്വത്തിനും മൂപ്പൻമാരുടെ ചൂഷണത്തിനുമെതിരെ തുറമുഖത്ത് യൂണിയനുകൾ പ്രവർത്തിച്ചു തുടങ്ങുന്നു. പക്ഷേ, മൂപ്പൻ മാറി യൂണിയനായി എന്നതല്ലാതെ തൊഴിലാളികൾക്ക് വേറെ വ്യത്യാസമൊന്നും അനുഭവത്തിലുണ്ടായിരുന്നില്ല. തൊഴിലാളി അവകാശങ്ങൾക്കുവേണ്ടിയെന്ന പേരിൽ പറയുന്നുണ്ടെങ്കിലും യൂണിയനുകളും കപ്പൽ മുതലാളിമാരും തുറമുഖത്തെ ഉദ്യോഗസ്ഥന്മാരും ചേർന്ന് എല്ലായ്‌പോഴും തൊഴിലാളികളെ വഞ്ചിക്കുന്നുണ്ട്. ഇതിനെതിരെയാണ് മറ്റൊരു തൊഴിലാളി യൂണിയൻ ഉയർന്നുവരുന്നത്. അവരെല്ലായ്‌പോഴും തൊഴിലാളികളോടൊപ്പം നിൽക്കുന്നുമുണ്ട്.മൈമൂദിന്റെ രണ്ടാമത്തെ മകൻ ഹംസ പക്ഷേ, അങ്ങനെയായിരുന്നില്ല. അവനാണ് കുടുംബം നോക്കിയിരുന്നത്. പെങ്ങളുടെ കല്ല്യാണത്തിനുള്ള പണത്തിന് ഉമ്മാമാന്റെ അലിക്കത്ത് ജൂതത്തിക്ക് പണയം വെച്ചാണ് കപ്പൽ പണിക്കാരൻ ബോംബായിക്കാരനോടൊപ്പം പെങ്ങളെ ഇറക്കിവിട്ടത്.





  കല്ല്യാണം കഴിഞ്ഞ് പോയെങ്കിലും കപ്പൽ രോഗം (പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ്) ബാധിച്ച് തിരിച്ചെത്തുന്ന ഖദീജയും യൗവനത്തിലേ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും മക്കൾക്കു വേണ്ടി പിടിച്ചു നിന്ന പൂർണിമ ഇന്ദ്രജിത്തിന്റെ ഉമ്മയും ഉപ്പ മരിച്ചു പോയപ്പോൾ വഴിയിൽ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടുവന്നയാൾ കല്ല്യാണം കഴിച്ചില്ലെങ്കിലും അയാളുടെ ഭാര്യയായി അറിയപ്പെടുകയും എന്നാൽ ഒരിക്കലും ഭാര്യയുടെ അവകാശങ്ങളും അധികാരങ്ങളുമൊന്നും കിട്ടാതിരിക്കുകയും ചെയ്ത ഉമാനിയായ നിമിഷ സജയനും ഒരേ കൂരയ്ക്ക് താഴെ മികച്ച ഭാവങ്ങളോടെ ഒറ്റ ഷോട്ടിൽ വരുന്ന നിരവധി മുഹൂർത്തങ്ങൾ ഈ സിനിമയിൽ ഒരുക്കിവെച്ചിട്ടുണ്ട്.ബ്രിട്ടീഷ് ഭരണം പോയെങ്കിലും തൊഴിലാളികൾക്കു വേണ്ടി സമരം ചെയ്ത് പൊലീസിന്റെ വെടിയേറ്റു മരിച്ച മകന്റെ മൃതദേഹം കയറ്റിപ്പോയ ആംബുലൻസിനു പിറകേ ഓടുന്ന ഉമ്മയുടേയും പെങ്ങളുടേയും അവരെ തടയാൻ ശ്രമിക്കുന്ന ജ്യേഷ്ഠഭാര്യയുടേയും ഓട്ടം അതിമനോഹരമായി ക്യാമറയിലാക്കാനും അത്രയും മനോഹരമായി സംവിധാനം ചെയ്യാനും രാജീവ് രവിയെന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. 





മൂന്നുമണിക്കൂറോളം സമയം ദൈർഘ്യമുള്ള തുറമുഖം സിനിമ ആദ്യത്തെ അരമണിക്കൂറെങ്കിലും കറുപ്പിലും വെളുപ്പിലുമാണ് നീങ്ങുന്നത്. മട്ടാഞ്ചേരിയിലെ പഴയകാല തൊഴിലാളികളുടെ കഥ പറയാൻ കറുപ്പും വെളുപ്പുമല്ലാതെ ഉപയോഗിക്കാൻ വേറെ നിറം തീർച്ചയായും ഇല്ല. സ്വാതന്ത്ര്യാനന്തരം മൈമൂദിന്റെ മക്കൾ വളർന്നു യുവത്വത്തിലേക്കെത്തിയതു മുതലാണ് സിനിമ കളറാകുന്നത്. ഫ്‌ളാഷ്ബാക്കിൽ കഥ പോകുമ്പോഴും ബ്ലാക്ക് ആന്റ് വൈറ്റിൽ തന്നെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ജോജു ജോർജ്ജിന്റെ ഭാഗം മുഴുവൻ ബ്ലാക്ക് ആന്റ് വൈറ്റായാണ് തുറമുഖം കാണിക്കുന്നത്.

Find out more: