ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു. 96 വയസ് ആയിരുന്നു. ഞായറാഴ്ച രാവിലെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസ് തികയാൻ ആറു ദിവസം ബാക്കി നിൽക്കേയാണ് രാം ജഠ് മലാനിയുടെ മരണം.
2017 സെപ്തംബറിൽ ആയിരുന്നു രാം ജഠ് മലാനി വിരമിക്കൽ പ്രഖ്യാപിച്ചത്. നിരവധി ഉന്നത കേസുകളിൽ അദ്ദേഹം വാദം നടത്തിയിട്ടുണ്ട്. സ്റ്റോക്ക് ബ്രോക്കർ ഹർഷാദ് മേത്ത മുതൽ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനു വേണ്ടി വരെ അദ്ദേഹം വാദം നടത്തിയിരുന്നു. 1996, 1999 വാജ് പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു.
ബി ജെ പിയിൽ ഏറെക്കാലം പ്രവർത്തിച്ച രാം ജഠ് മലാനി പിന്നീട് രാജിവെച്ചിരുന്നു. ഏഴു പതിറ്റാണ്ടുകാലം അഭിഭാഷകനായിരുന്നു രാം ജഠ് മലാനി നിലവിൽ രാജ്യസഭാംഗം കൂടിയാണ്.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷനായിരുന്നു. ഇന്ദിര, രാജീവ് വധക്കേസുകളിൽ പ്രതികളുടെ അഭിഭാഷകൻ ആയിരുന്നു രാം ജഠ് മലാനി. അഫ്സൽ ഗുരുവിന് വേണ്ടി വധശിക്ഷയ്ക്ക് എതിരെ വാദിച്ചു.
പാക്കിസ്ഥാനിലുള്ള ശിക്കാർപുരിൽ 1923 സെപ്റ്റംബർ 14ന് ജനനം. സ്‌കൂളിൽ ട്രിപ്പിൾ പ്രമോഷൻ നേടി പഠിച്ച അദ്ദേഹത്തിനു പതിനേഴാം വയസ്സിൽ നിയമബിരുദം ലഭിച്ചെങ്കിലും എൻറോൾ ചെയ്യാൻ പ്രായമായിട്ടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ തടസ്സം പറഞ്ഞു. സിന്ധിലെ ചീഫ് ജസ്റ്റിസിനു മുന്നിൽ വാദമുഖങ്ങൾ നിരത്തി ചട്ടത്തിൽ ഇളവിനുള്ള പ്രമേയം പാസാക്കിയെടുത്തു. മുംബൈയിൽ അഭിഭാഷകവൃത്തി തുടങ്ങിയ അദ്ദേഹം ആദ്യത്തെ കക്ഷിയിൽ നിന്നു സ്വീകരിച്ചതു ഒരു രൂപ മാത്രമാണ്. പിന്നെ രാജ്യത്തെ വിലപിടിപ്പുള്ള അഭിഭാഷകനായി മാറിയതു ചരിത്രം. ഹാജി മസ്താന്റേതടക്കം മുംബൈയിലെ പല കള്ളക്കടത്തുകാരുടെയും കേസുകൾ ഏറ്റെടുത്ത ജഠ്‌മലാനി ‘കള്ളക്കടത്തുകാരുടെ വക്കീൽ’ എന്നറിയപ്പെട്ട കാലവുമുണ്ടായിരുന്നു.
ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധക്കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായതു വലിയ ചർച്ചയായി. കേതൻ പരേഖ്, ഹർഷദ് മേത്ത എന്നിവരുടെ അഭിഭാഷകനായിരുന്ന ജഠ്മലാനി വിവാദമായ ജസീക്ക ലാൽ വധക്കേസിൽ പ്രതിഭാഗത്തിനു വേണ്ടിയാണു ഹാജരായത്. വിവാദമായ സ്പെക്ട്രം കേസിൽ കനിമൊഴിയുടെ അഭിഭാഷകനായി. അനധികൃത ഖനന കേസിൽ യെഡിയൂരപ്പയ്ക്കായി വാദിച്ചു. ജെസിക്ക ലാൽ കേസ്, ആശാറാം ബാപ്പു, ലാലുപ്രസാദ് യാദവ് ഉൾപ്പെട്ട കാലിത്തീറ്റ കേസ് തുടങ്ങിയവയിൽ ജഠ്മലാനി വക്കാലത്ത് ഏറ്റെടുത്തു. വൻതുക പ്രതിഫലമുള്ള വക്കീലായിരിക്കുമ്പോഴും നിരവധി പൊതുതാൽപര്യ വ്യവഹാരങ്ങൾ സൗജന്യമായി നടത്തി.
click and follow Indiaherald WhatsApp channel