പാകിസ്താനെ വിറപ്പിച്ച് ബിഎൽഎഫ്; 120 ദിവസത്തിനിടയിൽ 70 ആക്രമണങ്ങൾ! ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൻ ആക്രമണങ്ങളാണ് ബിഎൽഎഫിന്റെ ഭാഗത്തു നിന്നുണ്ടായത്. വ്യാഴാഴ്ച ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയും അവരുടെ ഐഡന്റിറ്റി മനസ്സിലാക്കി ഒമ്പതുപേരെ വെടിവെച്ച് കൊല്ലുകയും ചെയ്തത് അന്തർദ്ദേശീയ മാധ്യമങ്ങളുടെ വാര്‌ത്തകളിൽ നിറഞ്ഞു. എന്താണ് ബലൂചിസ്ഥാനിൽ നടക്കുന്നത്. ആരാണ് ഈ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നത്? കഴിഞ്ഞ നാലു മാസത്തിനിടയിൽ പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിൽ എഴുപതോളം ആക്രമണങ്ങളാണ് ബിഎൽഎഫ് (ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട്) നടത്തിയത്.ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തങ്ങളുടെ പ്രവർത്തനച്ചെലവിന് പണമുണ്ടാക്കുന്ന മറ്റൊരു മാർഗ്ഗം കവർച്ചയാണെന്ന് ആരോപിക്കപ്പെടുന്നു.
കൂടാതെ തങ്ങൾക്ക് ആധിപത്യമുള്ള മേഖലയിൽ അവർ നികുതി പിരിവ് നടത്തുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമെല്ലാം ഇവർ സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുക, കള്ളക്കടത്ത് (ഇറാനിയൻ എണ്ണ ഉൾപ്പെടെ), നിയമവിരുദ്ധമായ മറ്റ് വ്യാപാരങ്ങൾ തുടങ്ങിയവയും ബിഎൽഎഫിന്റെ വരുമാന സ്രോതസ്സാണ്. അഫ്ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്നാണ് പാകിസ്താനിലെ ഈ ഭൂവിഭാഗം നിൽക്കുന്നത്. ഇത് ബിഎൽഎഫിന് ആയുധങ്ങൾ സംഘടിപ്പിക്കുന്നത് എളുപ്പമാക്കുന്നു.എന്നാൽ സോവിയറ്റ് റഷ്യയുടെ കാലശേഷം ഇവർക്ക് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നത് എന്നത് തർക്കവിഷയമാണ്.
സമീപകാലത്ത് ബിഎൽഎഫിന്റെ നേതാവ് അല്ലാഹ് നസർ ബലൂച്ച് ഇന്ത്യയിൽ നിന്ന് സാമ്പത്തിക സഹായവും മറ്റ് പിന്തുണയും ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ബലൂച് വിമത ഗ്രൂപ്പുകൾക്കു പിന്നിൽ ഇന്ത്യ ഉണ്ടെന്ന് പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ ഇന്ത്യ ഈ അവകാശവാദങ്ങളെ നിഷേധിക്കുന്നു.1960കളിലും 1970കളിലും ഇറാഖി സർക്കാരിൽ നിന്ന് ആയുധങ്ങളും പിന്തുണയും ബിഎൽഎഫിന് രഹസ്യമായി ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനും ഒരുകാലത്ത് പിന്തുണച്ചിരുന്നു. സാമ്പത്തിക സഹായവും നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ അധികാരം പിടിച്ച കാലത്ത് ബിഎൽഎഫിന് ഫണ്ട് ചെയ്യുകയുണ്ടായി.
സോവിയറ്റ് റഷ്യയുടെ സാമ്പത്തിക സഹായത്തിനൊപ്പം, പരിശീലനവും ക്ലാസുകളുമെല്ലാം ഇവർക്ക് ലഭിച്ചിരുന്നു.ബലൂചിസ്ഥാന് ഉയർന്ന തോതിലുള്ള സ്വയംഭരണാധികാരമോ, പാകിസ്താനിൽ നിന്നുള്ള വിടുതലോ വേണമെന്നാണ് ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട് ആവശ്യപ്പെടുന്നത്. ബലൂചിസ്ഥാനിൽ നിന്ന് സമ്പത്ത് മുഴുവൻ കവർന്ന് പാകിസ്താൻ ഇതര മേഖലകളെ വികസിപ്പിക്കുകയാണെന്നും ബലൂചിസ്ഥാനെ അവഗണിക്കുകയാണെന്നും ബിഎൽഎഫ് പറയുന്നു.
Find out more: