കേരളം ക്വട്ടേഷൻ, ലഹരി മാഫിയകൾ കൈയ്യടക്കുന്നു; പിണറായി ആഭ്യന്തരം ഒഴിയണം; സിപിഐ പ്രതിനിധികൾ! കേരളത്തിൽ കൊലപാതക, ക്വട്ടേഷൻ മാഫിയകളും ലഹരിസംഘങ്ങളും വളരുകയാണെന്നും ഇതിനു കാരണം സർക്കാരിൻ്റെ പ്രവർത്തനമാണെന്നുമായിരുന്നു സമ്മേളനത്തിൽ ഉയർന്ന വിമർശനം. ആഭ്യന്തര വകുപ്പിനു പുറമെ വ്യവസായവകുപ്പും സമ്മേളനത്തിൽ വിമർശനത്തിന് ഇരയായി. സിപിഐ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സ‍ർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഉയ‍ർന്നത് രൂക്ഷവിമർശനം. ആലപ്പുഴ എക്സൽ ഗ്ലാസ് ഫാക്ടറി വിറ്റത് ആക്രിവിലയ്ക്ക് ആണെന്നും വ്യവസായമന്ത്രി പൂർണപരാജയമാണെന്നുമാണ് വിമർശനം. ടി വി തോമസ് വ്യവസായമന്ത്രിയായിരുന്ന കാലത്ത് സ്ഥാപിച്ച വ്യവസായങ്ങൾ മുസ്ലം ലീഗിലെയും സിപിഎമ്മിലെയും വ്യവസായമന്ത്രിമാർ പൂട്ടിയെന്നും ആരോപണം ഉയർന്നു. 





  മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പും പി രാജീവ് വ്യവസായ വകുപ്പും ഒഴിയണമെന്നാണ് പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ലെന്നും കയർ മേഖല വലിയ തകർച്ചയിലാണെന്നുമാണ് വിമർശനം. എൽഡിഎഫിൽ സിപിഎമ്മിൻ്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്ക്കുള്ളിൽ തന്നെ സമ്മർദ്ദം വർധിക്കുന്നതിനിടയിലാണ് സിപിഐയുടെ വിമർശനം. എന്നാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കാനം രാജേന്ദ്രൻ വേറിട്ട നിലപാടാണ് മുന്നോട്ടു വെച്ചത്. മുന്നണിയുടെ നേട്ടവും കോട്ടവും തുല്യമായി പങ്കിടണമെന്നും അല്ലാത്തത് വില കുറഞ്ഞ രാഷ്ട്രീയമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നേട്ടമുണ്ടായാൽ സിപിഐയുടേതെന്ന് പറയുന്നതും അല്ലെങ്കൽ തള്ളിപ്പറയുന്നതും ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.






സിപിഐ സമ്മേളനങ്ങളിൽ ഇടതുപക്ഷത്തെയും സർക്കാരിനെയും വിമർശിക്കുന്നവർ മലർന്നു കിടന്നു തുപ്പുകയാണെന്നും കാനം പറഞ്ഞു.നിയമസഭയിൽ ലോകായുക്ത ബിൽ അവതരിപ്പിച്ചപ്പോഴും ഗവർണർക്കെതിരായ തർക്കത്തിലും സിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രൂക്ഷമായി വിമർശിച്ച വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐയുടേത്. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 




സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറ് ഗൗരവമായി കാണാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പ്രവർത്തകർ മുന്നണിയുടെ പൊതുരാഷ്ട്രീയം അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും കാനം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഇന്നത്തെ അവസ്ഥയിൽ അത് പ്രധാനമാണെന്നും സർക്കാരിൻ്റെ സുഖവും ദുഃഖവും തുല്യമായെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളിൽ നിന്ന് അകന്നു പോയെന്നും പാർട്ടി തിരച്ചു വന്നത് ഇടതുപക്ഷ ഐക്യത്തിനു ശേഷമാണെന്നും കാനം ചൂണ്ടിക്കാട്ടി.

Find out more: