വയനാട്∙ മേപ്പാടി പുത്തുമലയില്‍ ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ഇവിടെ ഒമ്പതു പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. ആറു പേരുടെ മൃതദേഹം ലഭിച്ചു. അതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. നാല്പതോളം വീടുകൾ തകർന്ന് ഒലിച്ചു പോയി. ബുധനാഴ്ച രാത്രി ചെറിയ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാലിലെ ഇവിടുത്തെ ആളുകളെ പൂർണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. അതിനാൽ കൊടിയ ദുരന്തം ഒഴിവായി. 

6 മുറികളുള്ള ഒരു പാടി പൂർണമായി ഒലിച്ചു പോയി. ഇവിടെയുണ്ടായിരുന്ന ലോറൻസിന്റെ ഭാര്യ കമല, ചന്ദ്രന്റെ ഭാര്യ അജിത, പനീർസെൽവം, ഭാര്യ റാണി എന്നിവരെ കാണാതായി. എസ്റ്റേറ്റിന്റെ പാടിക്കു സമീപം കന്റീൻ നടത്തുന്ന ഷൗക്കത്തിന്റെ ഒന്നര വയസുള്ള മകളുടെ മൃതദേഹം കിട്ടി. ഷൗക്കത്തും ഭാര്യയും ആശുപത്രിയിൽ. പുത്തുമല ബസ് സ്റ്റോപ്പിനു സമീപം കെഎസ്ആർടിസി  ഡ്രൈവർ നൗഷാദിന്റെ ഭാര്യ ഹാജിറയുടെ മൃതദേഹം ലഭിച്ചു. ക്യാംപിലേക്ക് തൊഴിലാളികളെ എത്തിച്ച് കാറിൽ മടങ്ങുകയായിരുന്ന അവറാൻ, അബൂബക്കർ എന്നിവരെ കാണാതായി. ഇവർ സഞ്ചരിച്ച കാർ വെള്ളത്തിൽ ഒലിച്ചു പോകുന്നതു കണ്ടതായി തൊഴിലാളികൾ പറയുന്നു.

Find out more: