ഭാര്യക്ക് പാചകം അറിയില്ലെന്നത് വിവാഹബന്ധത്തിലെ ക്രൂരതയല്ല! തൃശ്ശൂർ സ്വദേശിയുടെ വിവാഹമോചന ഹരജി തള്ളി! ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും, സോഫി തോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് പാചകം ചെയ്യാനറിയില്ലെന്നും, ഭാര്യക്കും പാചകം ചെയ്യാൻ അറിയില്ലെന്നും ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഭാര്യ പാചകം ചെയ്തു തരാത്തതിനാൽ താൻ പ്രയാസത്തിലാണ്. അതിനാൽ വിവാഹമോചനം അനുവദിക്കണമെന്ന് കക്ഷി വാദിച്ചു. ഇതോടൊപ്പം തന്നെ ഭാര്യ ബഹുമാനിക്കുന്നില്ലെന്നും, ബന്ധുക്കളുടെ മുമ്പിൽവെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമെല്ലാം ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. തന്നിൽ നിന്ന് എപ്പോഴും അകലം പാലിക്കാൻ ഭാര്യ ശ്രമിച്ചു. വളരെ ചെറിയ കാര്യങ്ങൾക്ക് തന്റെ അമ്മയുമായി ഭാര്യ വഴക്കുണ്ടാക്കാറുണ്ട്.





 ഒരിക്കൽ ഭാര്യ തനിക്കുനേരെ തുപ്പിയെന്നും പിന്നീട് അവർ മാപ്പ് പറയുകയുണ്ടായെന്നും ഭർത്താവ് കോടതിയെ ധരിപ്പിച്ചു. എന്നാൽ ഈ സംഭവം നടന്നതായി തെളിയിക്കുന്നതൊന്നും ഭർത്താവിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടു. പാചകം ചെയ്യാനറിയാത്തത് വിവാഹമോചനം അനുവദിക്കാനുള്ള മതിയായ കാരണമാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് വിവാഹബന്ധത്തിലെ ക്രൂരതയായി കാണാനാകില്ല. ഭാര്യക്ക് പാചകം ചെയ്യാനറിയില്ലെന്നതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. തൃശ്ശൂർ സ്വദേശി നൽകിയ ഹരജി കോടതി തള്ളി.  2012 മെയ് 7നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിന്റെ തൊട്ടടുത്ത വർഷം, 2013ൽ യുവതി തന്റെ വീട് വിട്ടിറങ്ങിയെന്നും പൊലീസിനും മജിസ്ട്രേറ്റിനും പരാതി നൽകിയെന്നും യുവാവ് ആരോപിച്ചു. തന്റെ തൊഴിൽ കളയാനായി തൊഴിലുടമയ്ക്ക് മെയിൽ അയച്ചു.




എന്നാൽ തങ്ങൾക്കിടയിലെ പ്രശ്നം തീർക്കാൻ കമ്പനി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മെയിലയച്ചതെന്ന് ഭാര്യ കോടതിയെ ബോധിപ്പിച്ചു. ഭർത്താവുമൊത്ത് തുടർന്ന് ജീവിക്കാൻ ആഗ്രഹമുള്ളതു കൊണ്ടാണ് അത്തരമൊരു മെയിൽ അയച്ചത്. ഭർത്താവിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് മെയിലിൽ ഭാര്യ പങ്കുവെച്ചതെന്ന് കോടതി നിരീക്ഷിച്ചു. അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തന്നെ സഹായിക്കണമെന്ന് തൊഴിലുടമയോട് ആവശ്യപ്പെടുകയായിരുന്നു അവർ. വിവാഹം കഴിഞ്ഞശേഷം ആദ്യം യുവാവിന്റെ വീട്ടിലാണ് ഇരുവരും താമസിച്ചത്. പിന്നീട് അബുദാബിയിലേക്ക് മാറി.





കഴിഞ്ഞ പത്തുവർഷമായി ഇരുവരും മാറിത്താമസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബന്ധം വൈകാരികമായും പ്രായോഗികമായും ഇല്ലാതായിക്കഴിഞ്ഞെന്നും നിരീക്ഷിച്ചു. എന്നാൽ മതിയായ കാരണങ്ങളില്ലാതെ ഒരു നിയമപരമായ വിവാഹബന്ധത്തിൽ നിന്ന് ഒരാൾക്ക് ഏകപക്ഷീയമായി ഒഴിയാനാകില്ല. സ്വന്തം തെറ്റായ പ്രവൃത്തിക്കോ നിഷ്ക്രിയത്വത്തിനോ ഏതെങ്കിലും തരത്തിലുള്ള ഗുണഫലം നേടാൻ ആരെയും അനുവദിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. "വിവാഹബന്ധത്തിലെ ക്രൂരതയെ സ്ഥാപിക്കാൻ ഹരജിക്കാരൻ പറയുന്നത് എതിർകക്ഷിക്ക് പാചകം അറിയില്ലെന്നും, തനിക്ക് ഭക്ഷണം പാകം ചെയ്ത് തരുന്നില്ലെന്നുമാണ്. ഒരു നിയമപരമായ വിവാഹബന്ധം വേർപെടുത്തുന്നതിന് ന്യായമായ ക്രൂരതയായി അതിനെ കാണാനാകില്ല," വിധിപ്രസ്താവം പറഞ്ഞു.
 

Find out more: