രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 31ന്! കേരളത്തിന് പുറമെ പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ് (1), ത്രിപുര (1), നാഗാലാൻഡ് (1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന സീറ്റുകൾ. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതിൽ ഉൾപ്പെടും. മാർച്ച് 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21 ആണ്.
22ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 31ന് രാവിലെ 9 മണി മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും. കേരളത്തിൽ നിന്ന് എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് കാലാവധി തീരുന്നത്. ഈ സീറ്റുകളിലേക്ക് മാർച്ച് 31ന് തെരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ നിന്ന് ഒഴിവുവരുന്ന സീറ്റ് എൽ ഡി എഫ് ലോക് താന്ത്രിത് ജനതാദളിന് (എൽജെഡി) നൽകുമോ എന്നതാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
അതേസമയം പശ്ചിമ ബംഗാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്-സിപിഎം ഒത്തുകളി ആരോപിച്ച് ബിജെപി. 108 മുനിസിപ്പാലിറ്റികളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒന്നിൽ പോലും ജയിക്കാനായില്ല. ഇത് ഭരണകക്ഷിയും സിപിഎമ്മും തമ്മിൽ ധാരണ ഉള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
മുനിസിപ്പൽ ബോഡിയിലെ പത്ത് വാർഡുകളിൽ ഏഴെണ്ണത്തിൽ തൃണമൂൽ കോൺഗ്രസ് ജയിച്ചപ്പോൾ മൂന്ന് വാർഡുകളിൽ സിപിഎമ്മിന് ജയിക്കാനായത് രഹസ്യ ബന്ധം ഉള്ളതുകൊണ്ടാണെന്നാണ് ബിജെപി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന 108 വാർഡുകളിൽ 102 ഇടത്ത് തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. സിപിഎമ്മും ഡാർജിലിങ് ആസ്ഥാനമാക്കിയുള്ള പുതിയ പാർട്ടിയായ ഹാംറോയും ഓരോ മുനിസിപ്പാലിറ്റികൾ വീതം നേടി. നാല് മുനിസിപ്പാലിറ്റികളിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല.
Find out more: