ഇത്തിക്കരയരിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇനിയും ദുരൂഹത നീങ്ങുന്നില്ല. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയത് തന്നെയാവാം എന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടി അത്രയും ദൂരെ ഒറ്റയ്ക്ക് പോകില്ലെന്ന് അമ്മയും മുത്തച്ഛനും ഉറപ്പിച്ചു പറയുന്നു. ഒപ്പം സംശയത്തിന് ഇടയാക്കുന്ന മറ്റൊരു കാര്യമാണ് പോലീസിന്റെ ട്രാക്കർ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികൾ.
നായ ആദ്യം ഓടിയത് ദേവാനന്ദയുടെ വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആൾ താമസമില്ലാത്തതിനാൽ നായ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചു. ഗേറ്റിന്റെ താക്കോൽ തൊട്ടടുത്ത വീട്ടിലാണ് നൽകിയിരുന്നത്. താക്കോൽ വാങ്ങി ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്. അവിടെ നിന്ന് മാറാൻ കൂട്ടാക്കാതെ നിന്ന റീനയ്‌ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാൻ നൽകി.
വസ്ത്രം മണപ്പിച്ചതോടെ സമീപത്തെ ക്ഷേത്രത്തിൽ സപ്‌താഹം നടക്കുന്നതിനാൽ അവിടേക്ക് പോകാൻ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്. കുഞ്ഞു ഒരു കാരണവശാലും അവിടെയെത്താൻ സാധ്യത ഇല്ലെന്ന് പറയുന്നതിനാൽ പൊലീസ് നായ എന്തുകൊണ്ട് അവിടെ പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേഹത്തു പാടുകളൊന്നും ഇല്ലാതിരുന്നത് പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിചതിനാലാവാം എന്ന സംശയം നാട്ടുകാരിൽ സജീവമാണ്. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന കുഞ്ഞിനെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകൾ വീട്ടിലുണ്ടായിരുന്നു. കാണാതാകുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാൾ ചുറ്റിയിരുന്നില്ല.
പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു. അതേസമയം, മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്മോർട്ടം നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.
ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയ മൂന്ന് പൊലീസ് സർജൻമാർ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും. പ്രദേശത്തെ മൊബൈൽ ടവറുകൾ വഴി കടന്നുപോയ എല്ലാ ഫോൺ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
click and follow Indiaherald WhatsApp channel