വൊഡാഫോൺ ഐഡിയ; കേന്ദ്രം കനിഞ്ഞില്ലെകിൽ അവസ്ഥ എന്ത്? കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ നോക്കിയാൽ കമ്പനിയുടെ ടെലികോം സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുകാണാം. എന്നിരുന്നാലും 2025 മാർച്ചിലെ കണക്കുകൾ പ്രകാരം 12.6 കോടി വരിക്കാർ വൊഡാഫോൺ ഐഡിയയ്ക്ക് സ്വന്തമായുണ്ട്. എന്നാൽ മറുവശത്ത് വൊഡാഫോൺ ഐഡിയ ഓഹരി ഉടമകളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് മടങ്ങായി വർധിച്ചു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ ലിമിറ്റഡ് (BSE: 532822, NSE: IDEA). കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ഇപ്പോൾ ഈ കമ്പനിയുള്ളത്. സാമ്പത്തിക പ്രതിസന്ധി തുടരും?
2025 മാർച്ച് മാസത്തിൽ സ്പെക്ട്രം ഫീസ് ഇനത്തിൽ നൽകാനുണ്ടായിരുന്ന ഏകദേശം 36,950 കോടി രൂപയുടെ സ്പെക്ട്രം ഫീസ് കുടിശികയ്ക്ക് പകരമായി വൊഡാഫോൺ ഐഡിയയുടെ ഇതേമൂല്യം വരുന്ന ഓഹരികളാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്. കമ്പനിയുടെ സാമ്പത്തികാരോഗ്യം പരിഗണിച്ച് സർക്കാർ ഈ വാഗ്ദാനം സ്വീകരിച്ചതോടെ വൊഡാഫോൺ ഐഡിയയിൽ കേന്ദ്ര സർക്കാരിന്റെ ഓഹരി വിഹിതം 22.60 ശതമാനത്തിൽ നിന്നും 48.99 ശതമാനമായി വർധിച്ചു. ഇതിന് മുൻപ് 2023 ഫെബ്രുവരിയിൽ എജിആർ കുടിശികയുടെ പലിശ ഇനത്തിൽ നൽകേണ്ടിയിരുന്ന 16,130 കോടി രൂപയ്ക്ക് പകരമായാണ് കമ്പനിയുടെ 22.60 ശതമാനം ഓഹരി വിഹിതം ഏറ്റെടുത്തത്. എന്നാൽ കമ്പനിയുടെ കുടിശിക ഇനിയും ഓഹരിയാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് അടുത്തിടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് വൊഡാഫോൺ ഐഡിയയുടെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായത്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റ നഷ്ടം 7,166 കോടി രൂപയായിരുന്നു. കൈവശമുള്ള പണം 9,930 കോടി രൂപയും മാത്രം. അതായത് തുടർച്ചയായി പ്രവർത്തന നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിക്കാണ് 2026 മാർച്ച് മുതൽ കുടിശികയുടെ തിരിച്ചടവ് തുടങ്ങേണ്ടത്.
നിലവിൽ ത്രൈമാസ കാലയളവിൽ 10,000 കോടി രൂപയുടെ വരുമാനവും 7,000 കോടിയുടെ നഷ്ടവും രേഖപ്പെടുത്തുന്ന വൊഡാഫോൺ ഐഡിയയ്ക്ക്, കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ചോദ്യം ഇതിനാലാണ് പ്രസക്തമാകുന്നത്. കാരണം നിലവിലെ വാർഷിക വരുമാനത്തിന് തുല്യമായ കുടിശിക ഗഡുവാണ് 2027 സാമ്പത്തിക വർഷം മുതൽ വൊഡാഫോൺ ഐഡിയ തിരിച്ചടയ്ക്കേണ്ടത്. മാത്രവുമല്ല കമ്പനിയുടെ കടബാധ്യതയുടെ 99 ശതമാനവും സർക്കാരിന് നൽകാനുള്ളതാണ്. അതേസമയം കടബാധ്യതയുടെ തിരിച്ചടവ് ആരംഭിക്കുമ്പോൾ വൊഡാഫോൺ ഐഡിയയെ സംബന്ധിച്ച് പ്രതിവർഷം 20,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ കടം തിരിച്ചടവിനുള്ള സാവകാശം അനുവദിക്കുന്ന രക്ഷാപാക്കേജുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുകയോ അല്ലെങ്കിൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും അധിക മൂലധന നിക്ഷേപം എത്തുകയോ ചെയ്തില്ലെങ്കിൽ കമ്പനിയുടെ നിലനിൽപ്പിന് കടുത്ത പ്രതിസന്ധിയുയരും.
നിലവിൽ പ്രൊമോട്ടർമാരായ യുകെ കമ്പനി വൊഡാഫോണിന്റെ കൈവശം 16.1 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന്റെ കൈവശം 9.4 ശതമാനം വീതവും ഓഹരി വിഹിതമാണുള്ളത്. 2025 ജനുവരിയിൽ 10 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെട്ടിരുന്ന വൊഡാഫോൺ ഐഡിയ ഓഹരി ഇപ്പോഴുള്ളത് 6.60 രൂപ നിലവാരത്തിലാണ്. അതായത് ആറ് മാസത്തിനിടെ ഈ ടെലികോം ഓഹരിയുടെ വിലയിൽ 34 ശതമാനം ഇടിവ് നേരിട്ടുവെന്ന് സാരം. അതേസമയം എജിആർ കുടിശികയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും സാവകാശം ലഭിക്കുകയോ അല്ലെങ്കിൽ 20,000 കോടി രൂപയുടെ അധിക മൂലധനം കമ്പനിക്ക് സ്വരൂപിക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ നിലനിൽപ്പ് പ്രതിസന്ധിയിലാകും. ഈ രണ്ട് കാര്യങ്ങളും ഇതുവരെ ഉറപ്പില്ലാത്ത സ്ഥിതിയാണ്. മാത്രവുമല്ല ടെലികോം വ്യവസായത്തിൽ മുതൽ മുടക്ക് ഏറെയുമാണ്.
ചുരുക്കത്തിൽ ദീർഘ കാലയളലിൽ നോക്കിയാലും കമ്പനിക്ക് മുന്നിൽ അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്. അതിനാൽ വൊഡാഫോൺ ഐഡിയ ഓഹരിയിൽ അന്തർലീനമായിരിക്കുന്ന റിസ്ക്കും കൂടുതലാണെന്ന് പറയേണ്ടിവരും. 2021 സെപ്റ്റംബറിലെ 18.91 ലക്ഷത്തിൽ നിന്നും 2025 മാർച്ച് മാസത്തോടെ 60.54 ലക്ഷത്തിലേക്ക് കമ്പനിയുടെ ഓഹരി ഉടമകളുടെ മൊത്തം എണ്ണം ഉയരുകയും ചെയ്തു. ഓഹരിയുടെ വിപണി വില തീരെ താഴ്ന്നു നിൽക്കുന്നതും സുപരിചിതമായ കമ്പനിയെന്ന നിലയിലുള്ള പരിഗണനയും നാളെ എല്ലാം ശരിയായാൽ മികച്ച നേട്ടം ലഭിക്കാമെന്ന പ്രതീക്ഷയുമാണ് റീട്ടെയിൽ നിക്ഷേപകരെ വൊഡാഫോൺ ഐഡിയ ഓഹരിയിലേക്ക് വലിച്ചടുപ്പിച്ചത്. കമ്പനിയുടെ കനത്ത കടബാധ്യതയുടെ പശ്ചാത്തലത്തിൽ ഭാവി നിലനിൽപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വം വർധിക്കുന്ന വേളയിൽ വൊഡോഫോൺ ഐഡിയയുടെ മുന്നിലുള്ള സാധ്യതകൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.
Find out more: