നർമ്മ ബോധത്തോടെ "എന്നാലും ന്റെളിയാ". വിവാഹം കഴിഞ്ഞ് എട്ടു വർഷമായിട്ടും കുട്ടികളില്ലാത്ത ദുബായ് ദമ്പതികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഡോക്ടറുടെ പരിശോധനകൾക്കൊടുവിൽ കുട്ടികളുണ്ടാവാൻ ഏറ്റവും സാധ്യതയുള്ള മൂന്ന് ദിവസങ്ങൾ ഏതാണെന്ന് ഡോക്ടർ കണ്ടെത്തുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങൾക്കു വേണ്ടി കാത്തിരിക്കുമ്പോൾ ആ ദിവസങ്ങളിൽ അവരെ തേടി എത്തുന്ന ചില സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.2023ൽ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമെന്ന ഖ്യാതിയുമായാണ് എന്നാലും ന്റെളിയാ തിയേറ്ററിലെത്തിയത്. ദുബായ് മഹാനഗരത്തിലെ പാർപ്പിട സമുച്ചയത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായി ജീവിക്കുന്ന രണ്ട് മലയാളി കുടുംബങ്ങൾക്കിടയിൽ നടക്കുന്ന സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. ദുബായിലാണ് താൻ നിൽക്കുന്നതെന്നോ ജീവിക്കുന്നതെന്നോ ഉള്ള യാതൊരു ഭാവവും ആ നാട്ടിൻപുറത്തുകാരിക്കില്ല.
രാത്രിയിൽ രണ്ടു പെണ്ണുങ്ങൾ (സുലുവും മകൾ ഇസ്മിയും) ഒറ്റയ്ക്ക് നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ എന്താണ് വിചാരിക്കുകയെന്ന വേവലാതി അവർക്ക് നല്ലവണ്ണമുണ്ട്. മകളുടെ കൂട്ടികാരിക്ക് വിവാഹ സമ്മാനം വാങ്ങാൻ പോകുമ്പോൾ ഭർത്താവിനെ കാത്തിരുന്നിട്ടും അയാളുടെ തിരക്കിനിടയിൽ പറഞ്ഞ സമയത്ത് എത്താനാവാതെ വരുന്നത് കുറച്ചൊന്നുമല്ല സുലുവിനെ ചൊടിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ബാലുവിലും ഗായത്രി അരുണിന്റെ ലക്ഷ്മിയിലുമാണ് കഥ തുടങ്ങുന്നതെങ്കിലും സിദ്ദീഖിന്റെ അബ്ദുൽ കരീമും ലെനയുടെ സുലുവുമാണ് അരങ്ങുവാഴുന്നത്. കേരളത്തിലെ ഏതോ ഒരു മുസ്‌ലിം ഗ്രാമത്തിൽ നിന്ന് പുറം ലോകം കണ്ടിട്ടില്ലാത്ത സുലു അഞ്ചാറു മാസം മുമ്പാണ് ദുബായ് നഗരത്തിൽ ഭർത്താവ് കരീമിനടുത്തെത്തിയത്. നഗര ജീവിതത്തിന്റെ എല്ലാ അമിത സമ്മർദ്ദങ്ങളും അനുഭവിക്കുന്ന ജോലി തന്നെയാണ് ബാലുവിന്റേയും. ഏത് സമയത്തും മുഴങ്ങുന്ന ഫോൺ ബെല്ലും തിരക്കും ബാലുവിന്റേയും ലക്ഷ്മിയുടേയും ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്.
അവർ തിരക്കൊഴിവാക്കി മൂന്നു ദിവസം ജീവിക്കാമെന്ന് കരുതുന്നിടത്തേക്ക് ലക്ഷ്മിയുടെ അനിയൻ തൊഴിലും തേടി ദുബൈയിലെത്തിയ വിവേക് വന്നു കയറുന്നത്. സിവിൽ എൻജിനിയറാണെന്ന 'അഹങ്കാരം' നന്നായിട്ടുള്ളതുകൊണ്ടാണോ എന്തോ, അളിയൻ ബാലു പറയുന്ന പല ഇന്റർവ്യൂകൾക്കും ജോലി തേടി അവൻ പോകാൻ മെനക്കെട്ടിട്ടില്ല. അല്ലെങ്കിലും ദുബായിലെ പൊരിവെയിലിൽ സൂപ്പർവൈസർ ജോലിയൊക്കെ എങ്ങനെ ചെയ്യാനാണെന്നതാണ് അവന്റെ ചോദ്യം. നാട്ടുമ്പുറത്തുകാരിയുടെ ഭാവഹാവാദികളാണ് സുലുവിനുള്ളതെങ്കിലും വീട്ടമ്മയുടെ എല്ലാ വേവലാതികളും കരുതലുകളും അവർക്കുണ്ട്. അതുകൊണ്ടാണ് ഭർത്താവിന്റെ കോൺട്രാക്ടർ തിരക്കിനിടയിൽ മകളേയും കുടുംബത്തേയും ശ്രദ്ധിക്കാത്തത് അവർ ഇടക്കിടെ എടുത്തു പറയുന്നതും അമിത ശ്രദ്ധ ചെലുത്തുന്നതും. സിദ്ദീഖും ലെനയും ചേർന്നൊരുക്കുന്ന മികച്ച മുഹൂർത്തങ്ങളാണ് രണ്ടാം പകുതിയിൽ സംവിധായകൻ ഒരുക്കിവെച്ചിരിക്കുന്നത്.
ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും സിനിമയുടെ പോക്ക് എവിടേക്കെത്ത് പ്രേക്ഷകനെ ബോധ്യപ്പെടുത്താനാണ് അണിയറ പ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം ഭാഗം വളരെ രസകരമായി മുമ്പോട്ടു പോവുകയും ചെയ്യുന്നു.ഒന്നിച്ചു പഠിച്ച വിവേകും ഇസ്മിയും പ്രണയത്തിലാണെന്ന് സുലു തെറ്റിദ്ധരിക്കുന്നതും അക്കാര്യം പറയാൻ സുലുവും കരീമും ബാലുവിന്റെ ഫ്‌ളാറ്റിലെത്തുന്നതും പിന്നെ രസകരമായി വികസിക്കുകയാണ്.പതിവുപോലെ മികച്ച വരികളെഴുതാൻ എന്നാലും ന്റെളിയയിൽ ഹരിനാരായണന് സാധിച്ചിട്ടുണ്ട്. സംഗീതം നൽകിയ വില്യം ഫ്രാൻസിസും ഷാൻ റഹ്മാനും പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കുന്നില്ല. മലബാറിലെ കല്ല്യാണപ്പാട്ടുകൾ കോർത്തുള്ള മെഹന്തി ഗാനം വിഖ്യാത മാപ്പിളപ്പാട്ടുകാരൻ പീർ മുഹമ്മദിന്റേയും അദ്ദേഹത്തിന്റെ തലമുറയിലുള്ളവരുടേതുമാണ്. എന്നാൽ അവരെ ടൈറ്റിലിൽ എവിടേയും പരാമർശിച്ചു കണ്ടില്ല. മുസ്‌ലിംകൾ എങ്ങനെയാണ് ആരാധനാക്രമമായ നമസ്‌ക്കാരം പൂർത്തിയാക്കുന്നതെന്ന് കാലമെത്ര കഴിഞ്ഞിട്ടും മലയാള സിനിമാ സംവിധായകർ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.
Find out more: