മൈക്കിളപ്പനിൽ നിന്ന് ലൂക്ക് ആന്റണിയിലേക്ക് ഉള്ള മാമൂട്ടിയുടെ ദൂരം! സൂപ്പർ താരങ്ങൾ മാത്രമല്ല നിരവധി പുതുമുഖ താരങ്ങളും സംവിധായകരും വിസ്മയിപ്പിച്ച വർഷം കൂടിയായിരുന്നു 2022. നവാഗതരായ യുവസംവിധായകരുടെ പുത്തൻ ആശയങ്ങൾക്കൊപ്പം യാതൊരു മടിയുമില്ലാതെ സൂപ്പർ താരങ്ങളടക്കം സഞ്ചരിക്കുന്നതും നമ്മൾ കണ്ടു. അതോടൊപ്പം നിരവധി പൊളിച്ചെഴുത്തുകൾക്കും മാറ്റങ്ങൾക്കും മലയാള സിനിമയും പ്രേക്ഷകരും സാക്ഷിയായി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷം പുറത്തിറങ്ങിയ സിനിമകളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ആണ് എടുത്തുപറയേണ്ട മറ്റൊന്ന്. കഥാപാത്രങ്ങളും സിനിമയും തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന പരീക്ഷണത്വര എന്താണെന്ന് ഇതിനോടകം നമ്മൾ കണ്ടു കഴിഞ്ഞതാണ്. പ്രമേയം, തിരക്കഥ, അവതരണം, പ്രകടനം തുടങ്ങി എല്ലാം കൊണ്ടും മറ്റ് ഭാഷകളെ എപ്പോഴും അമ്പരപ്പിക്കാറുണ്ട് മോളിവുഡ്.
2022 ലും ആ പതിവ് തെറ്റിയില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടി എന്ന നടനിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റത്തേക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടും നാളുകളായി. പുതുമയുള്ള സിനിമകളെന്നും മമ്മൂട്ടിയെ ആകർഷിച്ചിട്ടുണ്ട്. അഭിനേതാവ് എന്ന നിലയിൽ ഓരോ നിമിഷവും തന്നെത്തന്നെ തൃപ്തിപ്പെടുത്തി കൊണ്ടാണ് അദ്ദേഹം മുന്നേറുന്നത്. അഭിനയത്തിന് പുറമേ മമ്മൂട്ടിക്കമ്പനി എന്ന നിർമ്മാണക്കമ്പനിയിലൂടെ നിർമാണ രംഗത്തും ഈ വർഷം അദ്ദേഹം സജീവമായി. ഇതിനിടയിൽ 2018 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടയിൽ സംവിധായകൻ ജൂഡ് ആന്റണിയേക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം വിവാദമായിരുന്നു. മമ്മൂട്ടി പറഞ്ഞത് ബോഡിഷെയ്മിങ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളുയർന്നപ്പോൾ ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം വൈകിയില്ല. അതോടൊപ്പം ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന ഉറപ്പും അദ്ദേഹം തന്റെ പ്രിയപ്പെട്ടവർക്ക് നൽകി.
ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലൂടെയും അടുത്ത വർഷം റിലീസിനെത്താനുള്ള താരത്തിന്റെ ചിത്രങ്ങളിലൂടെയും ഒന്ന് കടന്നു പോയാല്ലോ.പൊതുവേ കണ്ടുവരാറുള്ള മാസ് ചിത്രങ്ങളേക്കുറിച്ച് പറയാറുള്ള വൺ മാൻ ഷോ വാദങ്ങളെ അസ്ഥാനത്താക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അമൽ നീരദ് എന്ന സംവിധായകന്റെ മേക്കിംഗും സിനിമയെ മികവുറ്റതാക്കി. റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങളും ഏറെ ആവേശത്തോടെയാണ് മലയാളികൾ കണ്ടത്. ചിത്രത്തിലെ പാട്ടുകളും മാസ് ഡയലോഗുകളുമെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്.അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തന്റെ ഈ വർഷം തുടങ്ങിയത്. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പൻ എന്ന കഥാപാത്രമായി സ്ക്രീനിൽ മമ്മൂട്ടി നിറഞ്ഞാടി.
മലയാള സിനിമയിലെ എക്കാലത്തേയും ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ. സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം പുറത്തുവരുന്നു എന്ന വാർത്ത കേട്ടപ്പോൾ സിനിമ പ്രേക്ഷകർ ആവേശത്തിലായിരുന്നു. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സിബിഐ 5 ദ് ബ്രെയ്ന് ആയില്ല. സിബിഐയുടെ മുൻ ഭാഗങ്ങളിൽ കണ്ട അതേ ഊർജത്തോടെയും ചുറുചുറുക്കോടെയുമാണ് മമ്മൂട്ടി അഞ്ചാം ഭാഗത്തിലുമെത്തിയത്. നീണ്ട 34 വർഷങ്ങൾക്കിപ്പുറം താൻ അവതരിപ്പിച്ച കഥാപാത്രത്തേ അതേ കൈവഴക്കത്തോടെ അവതരിപ്പിക്കാൻ കഴിയുക എന്നത് എടുത്തു പറയേണ്ട കാര്യമാണ്.മമ്മൂട്ടി ചെയ്ത നെഗറ്റീവ് ഷെയുഡുള്ള കഥാപാത്രങ്ങളേക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് വിധേയനും കൂടെവിടേയും പാലേരി മാണിക്യവും മുന്നറിയിപ്പുമൊക്കെയാണ്.
വിധേയനിലെ ഭാസ്കര പട്ടേലരും കൂടെവിടെയിലെ ക്യാപ്റ്റൻ തോമസും പാലേരി മാണിക്യത്തിലെ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയും മുന്നറിയിപ്പിലെ സി.കെ രാഘവനെയെല്ലാം ഏതൊരു സിനിമ പ്രേക്ഷകനേയും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അക്കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന കഥാപാത്രമാണ് പുഴുവിലെ കുട്ടനും. അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് മമ്മൂട്ടി കുട്ടനെ അവതരിപ്പിച്ചിരിക്കുന്നത്. ജാതിവെറിയും ടോക്സിക് പേരന്റിംഗുമെല്ലാം സിനിമ മികച്ച രീതിയിൽ തുറന്നു കാട്ടി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പുഴുവെന്ന് നിസംശയം പറയാം.മമ്മൂട്ടിയിലെ നടനെ വീണ്ടും പുറത്തു കൊണ്ടുവന്ന ചിത്രമായിരുന്നു റോഷാക്ക്. ഇതുവരെ കണ്ട സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു റോഷാക്കിലെ ലൂക്ക് ആന്റണി. പേര് പോലെ തന്നെ വ്യത്യസ്തമായിരുന്നു സിനിമയും. പ്രതികാര കഥകൾ മലയാള സിനിമയിൽ ഇതിനു മുൻപ് വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു പരീക്ഷണം ഇതാദ്യമായിരുന്നു. കൊലയാളി ഇനി ഇല്ലെന്ന് മനസിലാക്കുമ്പോൾ, കൊലയാളിയുടെ ആത്മാവിനെ തന്നെ മുറിവേൽപ്പിക്കാൻ ലൂക്ക് നടത്തുന്ന കാര്യങ്ങൾ അതിശയത്തോടെയാണ് മലയാളികൾ കണ്ടിരുന്നത്.
Find out more: