മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്നോ? വിമർശനം ഉന്നയിച്ചു സുധാകരൻ! ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്നു കേൾക്കുന്നത് ആദ്യമായാണെന്ന് സുധാകരൻ പറഞ്ഞു. ഒരു മുഖ്യമന്ത്രിപോലും സ്വർണക്കടത്ത് കേസിൽ പ്രതിയായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ തുടരുന്നത് ആ കസേരയ്ക്കും ജനാധിപത്യ സംവിധാനത്തിനും അപമാനകരമാണ്. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ അഴിമതി കേസിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഒരിക്കലും വിചാരിച്ചില്ല.






  എന്നാൽ സ്വപ്ന സുരേഷിന്റെ മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നു പറച്ചിലും ജനാധിപത്യ സംവിധാനത്തെ മുഴുവൻ ഭയപ്പെടുത്തിയെന്നും സുധാകരൻ പറഞ്ഞു. കോടികൾ അടിച്ചുമാറ്റിക്കൊണ്ടു പോയിട്ടുണ്ട്. എന്നാൽ ഒരു മുഖ്യമന്ത്രിയും സ്വർണക്കടത്ത് കേസിൽ പ്രതിയായിട്ടില്ല. ബിരിയാണി പാത്രത്തിൽ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഇതിനേക്കാൾ അപമാനകരമായ സംഭവം ഉണ്ടാകുമോയെന്ന് ഈ നാട് ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതി കേസിൽ പ്രതിയായി തലകുനിച്ചു നിന്നിട്ടില്ല. സ്വപ്നയുടെ ആരോപണം അതിജീവിക്കുംവരെ പൊതുരംഗത്തു നിന്നും മാറി നിൽക്കാനുള്ള സാമാന്യ ജനാധിപത്യ വിവേകം മുഖ്യമന്ത്രി കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.






   മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ കഴിയുമോയെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കണം. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ മൊഴി നൽകിയതായി അറിയിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെ സിപിഎം വീണ്ടും പ്രതിരോധത്തിൽ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും അടക്കമുള്ള ഉന്നതർക്ക് പങ്കുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. നയതന്ത്ര ചാനൽ മുഖാന്തരം സ്വർണം കടത്തിയ കേസിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് കേസ് ഉണ്ടാകുന്നത്. 






  2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തടക്കമാകുന്നത്.  സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തിയാണ് രഹസ്യമൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ ടി ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയെന്നാണ് സ്വപ്നാ സുരേഷിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.
 

Find out more: