ടോവിനോ നടികരിൽ തിളങ്ങുന്നു! താരങ്ങൾ തമ്മിലുള്ള പ്രണയം, സിനിമയുമായി ബന്ധപ്പെട്ടവരുടെ ജീവിതം, ദുരന്തം തുടങ്ങി നിരവധി ചിത്രങ്ങൾ മലയാളത്തിൽ മാത്രമല്ല ലോകഭാഷകളിൽ മുഴുവൻ വന്നിട്ടുണ്ട്. അതിന്റെയൊരു തുടർച്ചയാണ് ലാൽ ജൂനിയർ എന്ന ജീൻ പോൾ ലാൽ സംവിധാനം നിർവഹിച്ച് ടൊവിനോ തോമസ് നായകനായി വേഷമിട്ട നടികർ. സിനിമയും സിനമയ്ക്കകത്തെ കാര്യങ്ങളും എല്ലാ കാലത്തും സിനിമയ്ക്ക് തന്നെ വിഷയമാകാറുണ്ട്. എഴുതിക്കാണിക്കുന്ന പഴയ കാലത്തെ ടൈറ്റിലിൽ തുടങ്ങി ഓരോ കാലത്തും മാറി വന്ന രീതികളിലൂടെ സഞ്ചരിച്ച് ഏറ്റവും പുതിയ കാലത്തെ വ്യത്യസ്ത ഫോണ്ടുകളുള്ള ടൈറ്റിലിലേക്കെത്തി സിനിമയുടെ മാറുന്ന കാലം അടയാളപ്പെടുത്തിയാണ് നടികർ ടൈറ്റിൽ വരുന്നത്. കാലഗണന അടയാളപ്പെടുത്തിയ പരീക്ഷണം തുടക്കത്തിൽ നടികറെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകിയേക്കും.

 അതോടൊപ്പം വലിയ താരങ്ങൾ എങ്ങനെയായിരിക്കണമെന്ന പ്രേംനസീറിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള അഭിമുഖവും വെള്ളിത്തരയിലെത്തുന്നു. ഡേവിഡ് പടിക്കലിന്റെ ഹിറ്റ് ചിത്രങ്ങൾ കൂടി ടൈറ്റിലിനോടൊപ്പം പ്രത്യക്ഷപ്പെടുന്നതോടെ വലുതെന്തോ വരാനിരിക്കുന്നെന്ന തോന്നലും പ്രേക്ഷകർക്കുണ്ടാവും. മരിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രേംനസീറിനെ പുതിയ സിനിമയുടെ ബിഗ് സ്‌ക്രീനിൽ കാണാനാവുന്നത് ഈ കാഴ്ചയിലെ ആഹ്ലാദമാണ്. സിനിമ നൽകിയ ആഡംബരവും സാമ്പത്തികവും ഉപയോഗിച്ച് മദ്യവും മദിരാക്ഷിയും മയക്കുമരുന്നും ആഡംബര വാഹനങ്ങളുമൊക്കെയായി ജീവിക്കുന്ന നായകൻ സിനിമയിൽ തന്റെ കഴിവുകൾ ഉപയോഗിക്കാൻ പലപ്പോഴും മറന്നു പോകുന്നുണ്ട്. ആൾക്കൂട്ടങ്ങളില്ലാത്ത ഡേവിഡ് വെറും വട്ടപ്പൂജ്യമാണെന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിയാത്തത് ബാല്യത്തിന്റെ അനുഭവങ്ങൾ കൊണ്ടുകൂടിയായിരിക്കാം.

സിനിമയുമായി ബന്ധപ്പെട്ട സിനിമയായതുകൊണ്ടുതന്നെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മാത്രമല്ല മലാളത്തിലേയും ഇന്ത്യൻ സിനിമയിലേയും നിരവധി താരങ്ങളുടെ പേരുകൾ പല തവണ നടികറിൽ പറഞ്ഞു പോകുന്നുണ്ട്. ഇന്ദ്രൻസ്, മാലാ പാർവതി, ലാൽ, മേജർ രവി, ഷൈൻ ടോം ചാക്കോ, മണിക്കുട്ടൻ, ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലീം, വിജയ് ബാബു, ശ്രീകാന്ത് മുരളി, ദിനേശ് പ്രഭാകർ തുടങ്ങിയവരൊക്കെ അവരായിത്തന്നെയാണ് സിനിമയിലെത്തുന്നത്. അതോടൊപ്പം അബുസലീം സംവിധായകനായും പ്രത്യക്ഷപ്പെടുന്നു. ധ്യാൻ ശ്രീനിവാസനോടൊപ്പം അദ്ദേഹത്തിന്റെ തഗ് അഭിമുഖങ്ങളിലേതുപോലെ അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും കൂടി സംഭാഷണങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്.


  ടാക്‌സി ഓടിച്ചു നടന്ന കാലത്ത് താനൊരു സിഗരറ്റ് വാങ്ങാൻ പോയ അഞ്ചു മിനുട്ടു നേരത്തിനുള്ളിലാണ് സെറ്റിൽ മോഹൻലാലിന്റെ കാറോടിക്കാൻ തന്നെ തേടി പ്രൊഡക്ഷൻ മാനേജരെത്തിയതെന്നും തന്നെ കാണാഞ്ഞ് അദ്ദേഹം ആന്റണിയെ കൂട്ടിപ്പോയെന്നും പിന്നീടുണ്ടായ വളർച്ചയാണ് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസുമെന്നും അല്ലായിരുന്നെങ്കിലും താനായിരുന്നേനേ ആശിർവാദ് സിനിമാസിന്റെ മുതലാളിയെന്നും പറയുന്ന സുരേഷ് കൃഷ്ണയുടെ സംഭാഷണം കാഴ്ചക്കാരരെ ഏറെ രസിപ്പിക്കും. സാൾട്ട് ആന്റ് പെപ്പറിലൂടെ ബാബുരാജിന്റെ തലവര മാറ്റിയതുപോലെ വില്ലൻ പരിവേഷത്തിൽ നിന്നും സുരേഷ് കൃഷ്ണയുടെ തലവര മാറ്റാനാവുന്ന വേഷമാണ് നടികറിൽ ഡേവിഡിന്റെ മാനേജർ കഥാപാത്രം. സുരേഷ് കൃഷ്ണ നേരത്തെ ഇതേ രീതിയിലൊരു തമാശ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും അതിനൊരു തുടർച്ചയുണ്ടായിരുന്നില്ല.

സൗബിൻ ഷാഹിറാണ് എടുത്തു പറയേണ്ടുന്ന മറ്റൊരു കഥാപാത്രം. അഭിനയം പഠിപ്പിക്കുന്ന മാഷായി ടൊവിനോയൊപ്പം മികച്ച ടൈമിംഗിൽ വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാൻ സൗബിന് സാധിച്ചിട്ടുണ്ട്. പതിവ് അഭിനയ രീതികളിൽ നിന്നും മാറിപ്പിടിക്കാൻ നടികറിൽ ടൊവിനോ തോമസിന്റെ ഡേവിഡ് ശ്രമിക്കുന്നുണ്ട്. താന്തോന്നിയായ നായകനെ അവതരിപ്പിക്കാൻ അദ്ദേഹം 'മസിൽ മുഖം' ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്തോ ഭാഗ്യത്തിന് സൂപ്പർ താരമായിപ്പോയ ഡേവിഡ് സിനിമാ നടനെന്ന രീതിയിൽ വളരെ മോശം അഭിനേതാവാണ്. ടൊവിനോയുടെ ചേഷ്ടകളിലെല്ലാം അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഡേവിഡിനൊഴികെ ബാക്കി എല്ലാവർക്കും അറിയാം അയാൾ അത്ര നല്ല നടനൊന്നുമല്ലെന്ന്.
ഡേവിഡാകാൻ ടൊവിനോ പരമാവധി ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ടൊവിനോയെന്താണ് ഇങ്ങനെ മോശമായി അഭിനയിക്കുന്നതെന്ന് നടികർ കാണുന്ന പ്രേക്ഷകർക്ക് തോന്നിയേക്കാം. അതുതന്നെയാണ് ഈ ചിത്രത്തിൽ ടൊവിനോയുടെ വിജയവും. ഒരേ രംഗം തന്നെ മോശമായും നന്നായും അഭിനയിക്കേണ്ടുന്ന വെല്ലുവിളി ഉയർത്തുന്ന ഭാഗവും ഈ ചിത്രത്തിൽ ടൊവിനോയ്ക്ക് മുമ്പിലുണ്ട്.

Find out more: