ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കു മുന്നില്‍ കേരളംവച്ച നിര്‍ദേശങ്ങള്‍ ഇവ. 

* ഓരോ സംസ്ഥാനത്തെയും അവസ്ഥയനുസരിച്ചത് പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.

 

* റെഡ്‌സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കണം

 

* ജില്ലാ അടിസ്ഥാനത്തില്‍ സ്ഥിതി വിലയിരുത്തി മുച്ചക്ര വാഹനങ്ങള്‍ അനുവദിക്കണം.

 

* വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനത്തിനാകണം.

 

* പ്രവാസികളെ വിമാനത്തില്‍ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. 

 

* അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണം. ഇളവുകള്‍ നല്‍കുന്നത് ക്രമേണയായിരിക്കണം.

 

* പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്.

 

 

* ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എല്ലാ സംസ്ഥാനങ്ങളുടേയും പ്രത്യേക പാസ് വേണമെന്ന നിബന്ധന ഒഴിവാക്കണം.

 

 

* അതിഥി തൊഴിലാളികള്‍ക്ക് അനുവദിച്ചതു പോലെ, ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരിച്ചു വരാനും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം.

 

 

* ഇതരംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായുള്ള സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷന്‍ പരിഗണിക്കാതെ ഓണ്‍െലെന്‍ ബുക്കിങ് നടത്തി ട്രെയിന്‍ യാത്ര അനുവദിച്ചാല്‍ സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമം നിഷ്ഫലമാകും.

 

 

* മുംബെ, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെെന്നെ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ പരിഗണിച്ച് ടിക്കറ്റ് നല്‍കണം.

 

* സംസ്ഥാനങ്ങള്‍ക്ക് മതിയായ തോതില്‍ ടെസ്റ്റ് കിറ്റുകള്‍ അനുവദിക്കണം.

 

* വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ ഉള്‍പ്പെടെ വീടുകളില്‍ നിരീക്ഷണത്തിലേക്ക് അയയ്ക്കണം.

 

* സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള സഹായപദ്ധതികള്‍ വേഗം പ്രഖ്യാപിക്കണം.

 

 

మరింత సమాచారం తెలుసుకోండి: