കെ സുരേന്ദ്രന്റെ ഗുണങ്ങൾ എനിക്കുണ്ടാകരുതേയെന്നാണ് പ്രാർഥന: വിഡി സതീശൻ! രാത്രിയാകുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നവർ പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ടന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്കെതിരായ വിമർശനത്തിൽ സർക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവിൻറെ വാക്കുകൾ. ഗവർണർ വിഷയത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമവിരുദ്ധമായ കണ്ണൂർ വിസി നിയമനത്തിന് ഗവർണർ ആദ്യം കൂട്ടുനിന്നു.
പിന്നീട് നിയമനം തെറ്റാണെന്നു പറഞ്ഞു. തെറ്റാണെന്നു പറഞ്ഞ സ്ഥിതിക്ക് വിസിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടണമായിരുന്നു. രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ ഗവർണർ തയാറാകണം. ഇതു രണ്ടും ചെയ്യാതെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്നു ഗവർണർ പറഞ്ഞത് നിയമവിരുദ്ധമാണെന്നു പ്രതിപക്ഷം പറഞ്ഞത് സർക്കാരിനെ സഹിയിക്കാനാണെന്നു പറയാൻ തലതിരിഞ്ഞ ബിജെപി നേതാക്കൾക്ക് മാത്രമെ സാധിക്കൂവെന്ന് വിഡി സതീശൻ പറഞ്ഞു. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേയെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.
വായപോയ കോടാലി പോലെ വാലും തലയുമില്ലാതെ ഓരോന്ന് പറയുന്നത് ഏറ്റുപിടിക്കാൻ ബിജെപിയുടെ മെഗാഫോണല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവെന്നും വിഡി സതീശൻ മാധ്യമങ്ങളോടായി പറഞ്ഞു. നിർഗുണനായ പ്രതിപക്ഷ നേതാവെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി മുരളീധരനും കെ സുരേന്ദ്രനും. ഇവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാൻ വരുന്നത്. പകൽ മുഴുവൻ പിണറായി വിരോധം പറയുകയും രാത്രിയാകുമ്പോൾ കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബിജെപി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയ ആളാണ് കേന്ദ്രമന്ത്രി വി മുരളീധരൻ.
അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ട. കേരളത്തിൽ പോലീസും വർഗീയവാദികളും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും വിഡി സതീശൻ വിമർശിച്ചു. പോലീസിനെ പാർട്ടി നേതാക്കൾ നിയന്ത്രിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പോലീസ് പരാജയപ്പെട്ടു. എന്തു സംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പോലീസിനെ ന്യായീകിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പിണറായി ഉൾപ്പെടെ ഒരാളോടും വ്യക്തി വിരോധമല്ല യുഡിഎഫിൻറെ സമീപനം. അത് വിഷയാധിഷ്ഠിതവും സർഗാത്മകവുമാണ്. കേരളത്തിൽ നഷ്ടപ്പെട്ട ഇടം നേടിയെടുക്കാനാണ് വർഗീയതയും കൊലപാതകവുമായി സംഘപരിവാർ ശക്തികൾ വരുന്നത്. ഇവർ തെരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മുമായി ധാരണയുണ്ടാക്കി അവർക്ക് വേട്ടു ചെയ്ത ആളുകളാണ്. സിപിഎമ്മാകാട്ടെ എസ്ഡിപിഐയുമായും ബിജെപിയുമായും കൂട്ടുകൂടും. എന്നാൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ അകറ്റി നിർത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Find out more: