തിരുവനന്തപുരം മെട്രോ; നിർണായക ചുവടുവെയ്പ്പുമായി മുഖ്യമന്ത്രി! ഏറെക്കാലമായി സംസ്ഥാനത്ത് ഉയർന്ന് കേൾക്കുന്ന പദ്ധതിയാണ് തിരുവനന്തപുരം മെട്രോ. ഈ വർഷത്തെ സംസ്ഥാന ബജറ്റിലും മെട്രോ പ്രവർത്തി വൈകാതെ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ആയത്. കേരളത്തിൻ്റെ വികസനത്തിൽ സുപ്രധാന കുതിപ്പായി തിരുവനന്തപുരം മെട്രോ റെയിൽ യാഥാർഥ്യമാക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ യോഗം ചേർന്നിരുന്നു. ഓൺലൈനായി നടന്ന ഈ യോഗത്തിലാണ് മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് മെട്രോ റെയിൽ എന്നത് തലസ്ഥാന നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെട്രോ പ്രവർത്തനങ്ങൾക്കായി സമിതി നിലവിൽ വരിക. ഈ കമ്മിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈൻമെൻ്റിനാണ് കൂടുതൽ സാധ്യതയുള്ളത്. ഇന്നലെ ചേർന്ന യോഗത്തിനുശേഷം തിരുവനന്തപുരം എംപി ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ കഴക്കൂട്ടം ജങ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റൂട്ടാണ് നൽകിയിരിക്കുന്നത്. കാര്യവട്ടം - ശ്രീകാര്യം - ഉള്ളൂർ - മെഡിക്കൽ കോളേജ് - പട്ടം - പ്ലാമൂട് - പാളയം - സെക്രട്ടറിയറ്റ് വഴിയാണ് തമ്പാനൂരിലേക്ക് മെട്രേ എത്തുകയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
രണ്ട് ഘട്ടങ്ങളിലായകും തിരുവനന്തപുരം മെട്രോ നിർമാണം നടക്കുക. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കഴക്കൂട്ടം ടെക്നോപാർക്കിനു മുന്നിൽ മെട്രോ ലൈൻ ആരംഭിക്കണമെന്ന നിർദേശമാണ് ഉള്ളത്. ഒന്നാം ഘട്ടം ടെക്നോപാർക്ക് മുതൽ പുത്തരിക്കണ്ടം മൈതാനം വരെയായിരിക്കും. ടെക്നോപാർക്ക് - കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് - ഉള്ളൂർ - മെഡിക്കൽ കോളജ് - മുറിഞ്ഞപാലം - പട്ടം - പിഎംജി - നിയമസഭയ്ക്കു മുന്നിൽ പാളയം - ബേക്കറി ജങ്ഷൻ - തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ - സെൻട്രൽ റെയിൽവേ സ്റ്റേഷൻ - പുത്തരിക്കണ്ടം മൈതാനം എന്നിങ്ങനെയാകും റൂട്ട്. തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വളരെ ക്രിയാത്മകമായ ഓൺലൈൻ മീറ്റിങ് നടന്നെന്നാണ് ശശി തരൂർ എംപി യോഗത്തെക്കുറിച്ച് പ്രതികരിച്ചത്. ചർച്ച വളരെ ഫലവത്തായാണ് അവസാനിച്ചത്.
തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും തരൂർ പറയുന്നത്. 'ഞാൻ തിരുവനന്തപുരം എംപിയായ കാലം മുതൽ ആവശ്യപ്പെട്ടിരുന്ന ഒരു പദ്ധതിയായിരുന്നു മെട്രോ. ആദ്യ ഘട്ടത്തിനായുള്ള എൻ്റെ ചില നിർദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചർച്ച വളരെ ഫലവത്തായി അവസാനിച്ചു. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദർശനം, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണം. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ശശി തരൂർ പറഞ്ഞു.
Find out more: